മലപ്പുറം: ദോഹയില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളംവഴി കടത്തിയ ഒരു കിലോയിലധികം സ്വര്‍ണം മലപ്പുറത്ത് പിടികൂടി. ദോഹയില്‍നിന്ന് നെടുമ്പാശേരിയില്‍ സ്വര്‍ണമെത്തിച്ച കോഴികോട് കൊടിയത്തൂര്‍ സ്വദേശി അഷ്റഫ് (56), സ്വര്‍ണ്ണം കൈപ്പറ്റിയ കോഴികോട് താമരശ്ശേരി സ്വദേശികളായ മിദ്ലജ്(23), നിഷാദ്(36), ഫാസില്‍ (40) എന്നിവരെയാണ് മലപ്പുറം അരീക്കോടുവെച്ച് പിടികൂടിയത്.[www.malabarflash.com]
പ്രതികള്‍ സഞ്ചരിച്ച കാറും കാരിയര്‍ക്ക് നല്‍കാനായി കാറില്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. 1063 ഗ്രാം സ്വര്‍ണം ഇവരുടെ കൈവശമുണ്ടായിരുന്നു. സ്വര്‍ണം മിശ്രിത രൂപത്തില്‍ നാല് കാപ്‌സൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് അഷ്‌റഫ് കടത്തിയത്. സ്വര്‍ണത്തിന് ഏകദേശം 63 ലക്ഷം രൂപ വിലവരും.
ബുധനാഴ്ച്ച പുലര്‍ച്ചെ 06.30-ന് ദോഹയില്‍നിന്നെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് അഷ്‌റഫ് നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തെത്തിയ അഷ്‌റഫിനെക്കാത്ത് പുറത്ത് സ്വര്‍ണം കൈപ്പറ്റാന്‍ മറ്റു മൂന്നുപേരുണ്ടായിരുന്നു. ഇവിടെനിന്ന് ഇവര്‍ കൊടുവള്ളിയിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് നല്‍കിയ നിര്‍ദേശത്തിലാണ് അരീക്കോട് പോലീസ് ഇവരെ പിടികൂടിയത്.
കാറിനകത്തെ ഫ്രണ്ട് ലെഗ് റൂമില്‍ പ്രോ ക്ലിപ്പിനകത്ത് നാല് കാപ്‌സൂളുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. അഷ്‌റഫിനെ കൂടുതല്‍ ചോദ്യംചെയ്യുകയാണ്. പിടിച്ചെടുത്ത സ്വര്‍ണവും ഒരു ലക്ഷം രൂപയും വാഹനവും കോടതിയില്‍ ഹാജരാക്കും.
0 Comments