NEWS UPDATE

6/recent/ticker-posts

ചരിത്ര സാക്ഷ്യമായി ഭരണി ഉത്സവ സമാപ്തി

ഭക്തിയും ആഘോഷങ്ങളും ഒരുമിക്കുമ്പോഴാണ് അത്‌ ഉത്സവമാകുന്നത്. ഉത്സവങ്ങൾ പാലക്കുന്നിന് പുതുമയുള്ള വിഷയമല്ല. കുംഭം പിറന്നാൽ നമ്മൾ അറിയാതെ തന്നെ നമ്മുടെ നെഞ്ചോട് ചേർത്ത് വെക്കുന്ന വലിയൊരു ഉത്സവത്തിനപ്പുറത്തെ സൗഹൃദ കൂട്ടായ്മയാണ് തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്രത്തിലെ ആറാട്ടും പാലക്കുന്ന് കഴകം ഭാഗവതി ക്ഷേത്രത്തിലെ ഭരണിയും.[www.malabarflash.com]

ജാതി മത വേർതിരിവുകൾക്ക് ഇവിടെ പ്രസക്തിയില്ല. പാലക്കുന്നിലെ ജന സമൂഹം കാലാന്തരമായി പേറി നടക്കുന്ന കാഴ്ചപ്പാട് അതാണ്. പാലക്കുന്നിന്റെ ഹൃദയവും ആത്മാവും പ്രതിഫലിക്കുന്നതാണ് ഭരണി ഉത്സവാഘോഷങ്ങളും ആൾക്കുട്ടവും. ദേശാതിരുകൾക്കപ്പുറത്ത് നിന്ന് ആയിരത്തിരി ഉത്സവം കാണാൻ എത്തുന്ന പുരുഷാരം ഇത് സാഹോദര്യത്തിന്റെ സൗഹൃദ മകുടോദാഹരണമായി തെളിയിക്കുന്ന മഹനീയ മുഹൂർത്തമായി കാണുന്നു.

പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക്
പ്രവാസികൾ എന്ന വിവക്ഷ നമ്മെ സംബന്ധിച്ചിടത്തോളം ഗൾഫിൽ ജോലി തേടിപ്പോയവരാണ്. പാലക്കുന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട ഭൗതിക കാഴ്ചകളിൽ പ്രവാസികളുടെ സാന്നിധ്യ പെരുമയ്ക്ക് അതിരുകളില്ല.
എന്നോ തുടങ്ങി വെച്ച ആ കൂട്ടായ്മ യുടെ ശക്തിയിൽ ഈ ക്ഷേത്രത്തിന്റെ ഭൗതിക പുരോഗതി തിളങ്ങി നിൽക്കുകയാണ്‌.ആറാട്ട്, ഭരണി ഉത്സവ കാലം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ മാസങ്ങൾക്കു മുന്നേ അവധി ക്രമീകരിച്ച് അവർ നാട്ടിലേക്കുള്ള ടിക്കറ്റുകൾ ബുക്ക്‌ ചെയ്തിരുന്നു. പതിവിലും ഏറെ പ്രവാസികളാണ് ഇത്തവണ നാട്ടിലെത്തിയത്. നാട്ടിലുള്ളവർക്ക് അവധി സ്വയം നീട്ടി ഉത്സവത്തിനായി കാത്തിരിക്കാമെന്ന സൗകര്യം മാത്രമേ കപ്പലോട്ടക്കാർക്കുള്ളൂ. അവരുടെ ജോലിയുടെ ഘടന അങ്ങിനെയാണ്.

കോവിഡിന് ശേഷം ആദ്യമായി
കോവിഡ് കാല ഭീഷണിയിൽ ആഘോഷങ്ങൾക്കു കടിഞ്ഞാൺ വീണപ്പോൾ നമുക്ക്‌ നഷ്ടപ്പെട്ടത് നമ്മൾ പുലർത്തിപ്പോന്ന നമ്മുടെ ആധ്യാത്മിക പാരമ്പര്യ ആചാരാനുഷഠാന നിയതികളായിരുന്നു.
2023 ൽ അത് തിരികെ ലഭ്യമാകുമ്പോൾ അതൊരു മഹാ സംഭവമാക്കി മാറുമെന്നത് ജനങ്ങളുടെ സ്വാഭാവിക വിലയിരുത്തലുകളായിരുന്നു.ഒരു ഉൾഭയം നിലനിന്നിരുന്നുവെങ്കിലും,
അർത്ഥശങ്കയ്ക്ക് ഇടം നൽകാതെ ജനസാന്നിധ്യപെരുമയിൽ ഈ വർഷത്തെ ഭരണി ഉത്സവം ചരിത്രത്താളുകളിൽ ഇടം നേടിയാണ്‌ കൊടിയിറങ്ങിയത്. ആളുകളും ആരവങ്ങളും കൂടുമ്പോൾ അനിഷ്ട സംഭവങ്ങളും സ്വാഭാവികം മാത്രമാണെന്നാണ് മുൻ അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചത്. അത്കൊണ്ട് തന്നെ ക്ഷേത്ര ഭരണ സംവിധാനങ്ങൾ വേണ്ടവിധം വിന്യസിപ്പിക്കാൻ, മുൻകരുതലെന്നോണം, ക്ഷേത്ര ഭരണ സമിതിക്ക് സാധിച്ചു. കേന്ദ്രകമ്മിറ്റിയും, പ്രാദേശിക സമിതികളും ഭരണസമിതിയ്ക്ക് കൂട്ടായ് നിന്നപ്പോൾ അഞ്ചു ദിവസം നീണ്ട ഭരണി മഹോത്സത്തിന് ശുഭ പരിസമാപ്തി കുറിക്കപ്പെട്ടു . അനിഷ്ടമായി ഒന്നും സംഭവിച്ചില്ല.
എല്ലാം ശാന്തമയം. അരുതാത്തതൊന്നും സംഭവിക്കരുതേ എന്ന പലരുടെയും പ്രാർത്ഥന ദേവി ചെവികൊണ്ടപോലെ!
അഞ്ചു തിരുമുൽകാഴ്ചകളുടെ വിശേഷങ്ങളുമായാണ് ഇത്തവണത്തെ പുതുമയാർന്ന ഉത്സവ നോട്ടീസ്, ക്ഷണക്കത്തു രൂപത്തിൽ വിവിധ പ്രാദേശിക സമിതികളിൽ വിതരണത്തിനെത്തിയത്. കാഴ്ച വസ്തുക്കൾ ഭൗതിക രൂപത്തിൽ സമർപ്പിക്കുന്ന രീതിയിലേക്ക് മാറുന്ന രീതി പലപ്പോഴായി നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തവണ അത് കൂടുതൽ പ്രായോഗിക തലത്തിലേക്ക് ചുവട് മാറ്റിയതിൽ ഏറെ സന്തോഷം തോന്നുന്നു.

പബ്ലിസിറ്റി ഒഴിവാക്കിയിട്ടും....
പബ്ലിസിറ്റി തീർത്തും ഒഴിവാക്കിയ കോവിഡ് കാല രീതി ഈ വർഷവും തുടർന്നത് നല്ലൊരു കീഴ് വഴക്കമായി
അടുത്ത വർഷം ഉത്സവം നടത്തേണ്ട കേന്ദ്രകമ്മിറ്റിക്കും ഭാരവാഹികൾക്കും
പ്രയോജനമാകും. ദേശാതിരുകൾ വിട്ട് പോസ്റ്റുകൾ പതിച്ചില്ല, കൈയ്യിൽ ഒതുങ്ങാത്ത മിന്നുന്ന നോട്ടീസുകൾ വിതരണം ചെയ്തില്ല. വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിച്ചില്ല. പത്ര സമ്മേളനം നടത്തിയില്ല. എന്നിട്ടും പതിവിൽ കവിഞ്ഞ പുരുഷാരത്തെയാണ്‌ പാലക്കുന്ന് വരവേറ്റത്. സോഷ്യൽ മീഡിയയും വാട്സാപ്പ് ഗ്രൂപ്പുകളും ഫേസ് ബുക്കും യഥേഷ്ടം ഉപയോഗിക്കാൻ അറിയുന്നവർ ഏറെയുള്ള ഇടമാണ് നമ്മുടേത്. പത്രങ്ങൾ തുടർച്ചയായി വാർത്തകൾ നൽകി. ഇതൊക്കെ തന്നെ പോരേ ഉത്സവ വിശേഷങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ. ഉത്സവത്തിന് ഇത്രയേറെ സപ്പ്ളിമെന്റുകൾ പുറത്തുവിടുന്ന ജില്ലയിലെ ഏക ഇടവും പാലക്കുന്ന് മാത്രമാണ്. ഇതൊന്നും ക്ഷേത്ര കമ്മിറ്റിയുടെ ഉത്തരവാദിത്വത്തിലല്ല എന്നതും ശ്രദ്ധേയമാണ്.

പുരുഷാരം
ആയിരത്തിരിക്ക് തലേനാൾ മുതൽ റോഡ് കയ്യടക്കി ഉത്സവ ചന്തയിൽ ബഹുജന പ്രവാഹം തിങ്ങി നിറഞ്ഞു.
ആയിരത്തിരി ഉത്സവ ദിവസം ആദ്യ കാഴ്ചയുടെ വരവോടെ ക്ഷേത്രത്തിലേക്കുള്ള സർവ വഴികളും കടുക് വീണാൽ പോലും നിലത്ത് വീഴാത്ത അവസ്ഥയിലായി.
കാഴ്ച ഘോഷയാത്രകൾ നാലെണ്ണം കൂടി വരാൻ ഇനിയും ബാക്കിയുണ്ടെന്ന അവസ്ഥയിലാണ് ഈ സ്ഥിതി വിശേഷം സർവരെയും ഞെട്ടിച്ചത്. ക്ഷേത്ര വെടിക്കെട്ട് തീരും വരെ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങാനാവാത്ത ഞെരുക്കത്തിൽ ജനം പൊറുതിമുട്ടിയത് ക്ഷേത്രം വക വെടിക്കെട്ട് തീരുംവരെ നീണ്ടു. ക്ഷമയോടെ എല്ലാവരും സഹകരിച്ച പോലെ തോന്നി.
എന്നിട്ടും ഈ പുരുഷാരം കൊടിയിറങ്ങും വരെ സംയമനം പാലിച്ച് ഉത്സവ ചടങ്ങുകൾ വീക്ഷിച്ചു.

മികച്ച മുന്നൊരുക്കങ്ങൾ
ക്ഷേത്ര ഭരണ സമിതിയുടെ മുന്നൊരുക്കങ്ങൾ ഏറെ മികച്ച സംഘാടക മികവിന്റെ മിടുക്ക് തന്നെയായിരുന്നു.ഏറെ നാളായി ഉത്സവത്തിനായുള്ള ഒരുക്കത്തിൽ അവർ സമ്മർദത്തിലായിരുന്നു. എല്ലാം സമാധാനപരമായി പര്യവസാനിച്ചതിൽ സന്തോഷിക്കുന്ന ഭാരവാഹികളോടൊപ്പം കാണാമറയത്ത് നിന്ന് സേവനമനുഷ്ഠിച്ച ഒട്ടേറെ വാല്യക്കാരെയും മാതൃസമിതി അടക്കം ക്ഷേത്രത്തിലെ മറ്റു ഉപസമിതി പ്രവർത്തകരെയും ആർക്കും മറക്കാനാവില്ല. പോലീസിന്റെ സഹകരണത്തോടെ സുരക്ഷാ ക്രമീകരണങ്ങൾ ഏറെ ശ്ലാഘനീയമായി തോന്നി. പോലിസ് സേനയുടെ എണ്ണത്തിൽ നേരിയ ഇടിവ് ഉണ്ടാക്കിയിരുന്നുവെങ്കിലും ലോ ആന്റ് ഓർഡർ വിഷയത്തിൽ അത്‌ ബാധിച്ചില്ല. ക്ഷേത്ര കവാടത്തിന് മുന്നിൽ വടം കെട്ടിയാണ്‌ അതിനായ് നിയുക്തരായ സേവകർ നിയന്ത്രിച്ചത്.
ബാറുകൾ അടഞ്ഞു കിടന്നത് ഏറെ നന്നായെന്നും പറയാം.

ഉറക്കവും വിശ്രമവും ഇല്ലാതെ കർമികൾ
ക്ഷേത്രോത്സത്തിന്റെ പരമ പ്രധാനമായ ഭാഗം ആചാരസ്ഥാനികരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. ആറാട്ട് എഴുന്നള്ളത്ത്‌ മുതൽ ഭരണിക്ക് കൊടിയിറങ്ങും വരെ മിതമായിട്ട് പോലും ഉറക്കവും വിശ്രമവുമില്ലാത്ത ആചാര സ്ഥാനികരെയും മറ്റ് കർമികളെയും ഉപകർമികളെയും ആരും ഓർക്കാതെ പോകരുത്. നർത്തകന്മാർ ഉറക്കമില്ലാതെ കെട്ടിചുറ്റി ചടങ്ങുകൾ നിർവിഘനം നടത്തിപോരുന്നത് അമ്മയുടെ കൈത്താങ്ങിന്റെ പിൻബലത്തിൽ മാത്രമാണെന്ന് അവരുടെ പ്രായവും ആരോഗ്യ സ്ഥിതിയും കൂടി കണക്കിലെടുത്താൽ പറയേണ്ടി വരുന്നു. അമ്മയുടെ അനുഗ്രഹവർഷം ഇനിയും അവരിലേക്ക് ചൊരിയട്ടെ എന്ന് നമുക്ക്‌ പ്രാർഥിക്കാം.

പറയാതെ വയ്യ
ഉത്സവത്തിന്റെ ബാക്കി പത്രത്തിൽ മൂക്ക് പൊത്തി പറയേണ്ട ഒരു വിഷയത്തെ പറ്റി പറയാതിരിക്കാൻ വയ്യ. ഇത്രയും വലിയൊരു ഉത്സവം പിന്നിട്ടാൽ അതിന്റെ ശേഷിപ്പുകളിൽ എന്നും നാറുന്ന വിഷയമാണ് ടൗണിൽ കുമിഞ്ഞു കൂടിയ മാലിന്യ നിക്ഷേപം . കൊടിയിറങ്ങി 4 നാൾ ഇന്നേക്ക് പൂർത്തിയാവുകയാണ്.റോഡിലെ മാലിന്യങ്ങൾ വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റും കാറ്റത്ത്‌ തത്തിക്കളിക്കുകയാണ്, ഇത് എഴുതുന്ന നേരം വരെ.കഴിഞ്ഞ ദിവസം ചുരുക്കം ചില ചെറുപ്പക്കാർ അവരെ കൊണ്ടാകും വിധം ഒരു ഭാഗം ശുചീകരിക്കുന്നത് കാണാൻ ഇടയായി. ഇത് നീക്കാൻ ചുമതലപ്പെട്ടവർ(?) നിസ്സംഗത പാലിക്കുമ്പോൾ നാറുന്നത് നന്മ നിറഞ്ഞ നമ്മുടെ നാടും മഹിമയും പരിസരങ്ങളുമാണെന്ന് ബന്ധപ്പെട്ടവർ ഓർക്കണം .

പാലക്കുന്നിൽ കുട്ടി.

ഭരണി ഉത്സവ വീഡിയോ 


Post a Comment

0 Comments