Top News

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ലോറികൾ തട്ടിക്കൊണ്ടുപോയ കേസ്; രണ്ടുപേർ കൂടി അറസ്റ്റിൽ

കാസർകോട്: മഞ്ചേശ്വരം കടമ്പാറിൽ തോക്ക് ചൂണ്ടി ചെങ്കൽ ലോറികൾ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. കുരുടപ്പദവിലെ ഹൈദരലി (28), ഉപ്പള കളായിയിലെ സയാഫ് (22) എന്നിവരാണ് പിടിയിലായത്. മുംബൈ നാസിക് മുകുന്ദനഗർ സ്വദേശി രാകേഷ് കിഷോർ (30), കുളൂർ ചിഗുർപദവിലെ മുഹമ്മദ് സഫ്‌വാൻ (28) എന്നിവരെ സംഭവം നടന്ന് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തിരുന്നു.[www.malabarflash.com]

അനധികൃതമായി തോക്ക് കൈവശം വെക്കൽ, വധശ്രമം, കവർച്ച എന്നിവയ്ക്കാണ് പോലീസ് കേസ് രജിസ്റ്റർചെയ്തിട്ടുള്ളത്. കാസർകോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി(രണ്ട്)യിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ബുധനാഴ്ച സന്ധ്യക്ക് മിയാപദവിലാണ് കാറിലും ബൈക്കിലുമായി എത്തിയ ആറംഗസംഘം തോക്ക് ചൂണ്ടി ലോറികൾ തട്ടിയെടുത്ത് കടന്നത്. കുരുടപ്പദവ് കൊമ്മംഗള ഭാഗത്തേക്കാണ് ലോറികളുമായി ഗുണ്ടാസംഘം പോയത്. ലോറിയിലുണ്ടായിരുന്നവരുടെ അരലക്ഷത്തോളം രൂപയും മൊബൈൽ ഫോണുകളും കവർന്നിരുന്നു. ഇത് തിരിച്ച് കിട്ടിയിട്ടില്ല. സംഘാംഗങ്ങളായ മിയാപ്പദവിലെ റഹീം (25), ഉപ്പള പത്വാടിയിലെ പല്ലൻ സിദ്ദിഖ് എന്ന സിദ്ദിഖ് (25) എന്നിവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

കാറിലും ബൈക്കിലുമെത്തിയ ഗുണ്ടാസംഘത്തിൽപ്പെട്ടവരാണ് കവർച്ച നടത്തിയതെന്നും സാഹസികമായാണ് പോലീസിന് നാലുപേരെ പിടിക്കാനായതെന്നും ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു. കാർ ലോറിക്ക് കുറുകെയിട്ടാണ് പ്രതികളിലൊരാളായ രാകേഷ് കിഷോർ തോക്ക് ചൂണ്ടിയത്.

നേരത്തേ പോലീസിനുനേരേ വെടിയുതിർത്ത കേസിലും നാട്ടുകാർക്കെതിരെ തോക്ക് ചൂണ്ടിയ സംഭവത്തിലും പ്രതിയാണ് രാകേഷ് കിഷോർ.

സംഭവമറിഞ്ഞയുടൻ ലോറി ഓടിച്ച ഭാഗത്തേക്ക് പോലീസ് പിന്തുടർന്ന് പോകുകയായിരുന്നു. രാകേഷ്‌കൃഷ്ണ പോലീസിനുനേേര വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും പോലീസ്‌ പ്രതികളെ പിടികൂടി.

മഞ്ചേശ്വരം ഇൻസ്പെക്ടർ എ.സന്തോഷ്‌കുമാർ, എസ്.ഐ. എൻ.അൻസാർ, സി.പി.ഒ.മാരായ കിഷോർകുമാർ, രഞ്ജിത്ത്, ആദർശ്, അലോഷ്യസ് എന്നിവരുൾപ്പെടെയുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

Post a Comment

Previous Post Next Post