Top News

കൈവരാനുള്ളത് കോടികളുടെ സ്വത്ത്, എല്ലാമുപേക്ഷിച്ച് സന്യാസം സ്വീകരിച്ച് വജ്രവ്യാപാരിയുടെ ഒമ്പത് വയസുകാരി മകൾ

സന്യാസം സ്വീകരിക്കുക, സന്യാസിയായി ജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് വലിയ സമർപ്പണം തന്നെ ആവശ്യമാണ്. ഗുജറാത്തിൽ ധനികനായൊരു വജ്രവ്യാപാരിയുടെ ഒമ്പതു വയസുകാരിയായ മകൾ ആഡംബര ജീവിതം ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാൻ തീരുമാനിച്ചു.[www.malabarflash.com]

സന്യാസത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യപടിയായിട്ടുള്ള ദീക്ഷ സ്വീകരിക്കൽ സൂററ്റിലാണ് നടന്നത്. ദേവാൻഷി സ്വാംഘി എന്നാണ് പെൺകുട്ടിയുടെ പേര്. ദമ്പതികളായ ധനേഷ് സാംഘ്വിയുടെയും ആമിയുടെയും മൂത്ത മകളാണ് ദേവാൻഷി.

ലോകത്തിലെ ഏറ്റവും പഴയ ഡയമണ്ട് കമ്പനികളിലൊന്നായ സാംഘ്വി ആൻഡ് സൺസ് ദേവാൻഷിയുടെ കുടുംബത്തിന്റേതാണ്. പ്രായപൂർത്തിയായി കഴിഞ്ഞാൽ കോടികളുടെ സ്വത്താണ് ദേവാൻഷിക്ക് കൈവരാനുണ്ടായിരുന്നത്. എന്നാൽ, അതെല്ലാം ത്യാജിച്ച് കൊണ്ട് കഴിഞ്ഞ ദിവസം അവൾ സന്യാസത്തിന് വേണ്ടി ദീക്ഷ സ്വീകരിക്കുകയായിരുന്നു.

ദീക്ഷ സ്വീകരിക്കുന്നതിന്റെ തൊട്ടുമുമ്പ് അവളുടെ കുടുംബം ന​ഗരത്തിൽ വലിയൊരു ഘോഷയാത്ര തന്നെ സംഘടിപ്പിച്ചു. ആനകളും ഒട്ടകങ്ങളും കുതിരകളും അടക്കം ഒരുങ്ങിയ പരിപാടിയിൽ അനവധി പേരാണ് പങ്കെടുത്തത്. നേരത്തെ ബെൽജിയത്തിലും ഇത്തരം ഒരു ഘോഷയാത്ര കുടുംബം സംഘടിപ്പിച്ചിരുന്നു. അനേകം പേരാണ് അതിൽ പങ്ക് കൊണ്ടത്. ജൈനമതത്തിൽ പെട്ട അനേകം വജ്രവ്യാപാരികൾ ഉള്ള സ്ഥലമാണ് ബെൽജിയം.

ദീക്ഷ സ്വീകരിക്കാൻ തീരുമാനിക്കുന്നതിന് മുമ്പായി അവൾ ബുദ്ധസന്യാസിമാരുടെ കൂടെ 600 കിലോമീറ്റർ നടന്നു. സന്യാസജീവിതത്തിന്റെ കഠിനതകൾ അറിയുന്നതിന് വേണ്ടിയായിരുന്നു ഇത്. ദേവാൻഷി എപ്പോഴും തെരഞ്ഞെടുത്തിരുന്നത് വളരെ ലളിതമായ ജീവിതമായിരുന്നു എന്ന് പറയുന്നു. ദീക്ഷ സ്വീകരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ അവൾ ടിവിയോ സിനിമയോ കണ്ടില്ല, റെസ്റ്റോറന്റിൽ പോയില്ല, വിവാഹങ്ങളിൽ പങ്കെടുത്തില്ല. ദീക്ഷയ്ക്ക് മുമ്പ് പൂർത്തിയാക്കേണ്ടതെല്ലാം അവൾ വളരെ വേ​ഗം തന്നെ പൂർത്തിയാക്കി എന്ന് അവളുടെ ബന്ധുക്കൾ പറയുന്നു.

Post a Comment

Previous Post Next Post