NEWS UPDATE

6/recent/ticker-posts

പിട്ടുംകുറ്റി, പഞ്ചാബി, ഡോള്‍ഫിന്‍... ഫ്രീക്കല്‍ സൈലന്‍സര്‍ വേട്ടയില്‍ ലക്ഷങ്ങള്‍ പിഴയിട്ട് എം.വി.ഡി

മലപ്പുറം: മിനി പഞ്ചാബി, ലോങ് പഞ്ചാബി, പിട്ടുംകുറ്റി, ഡോള്‍ഫിന്‍, റെഡ്‌ട്രോസ്റ്റ്... പേരുകേട്ടാല്‍ പുതുതലമുറയുടെ ജംഗ് ഭക്ഷണങ്ങളാണെന്നു തോന്നും. എന്നാല്‍ ഇതെല്ലാം വ്യത്യസ്തയിനം സൈലന്‍സറുകളുടെ പേരുകളാണ്. സൈലന്‍സര്‍ രൂപമാറ്റം വരുത്തിയവരെ വ്യാപകമായി വേട്ടയാടിപ്പിടിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. 3,19,750 രൂപ പിഴയിട്ടിട്ടുണ്ട്.[www.malabarflash.com]


വ്യത്യസ്തതരം ശബ്ദങ്ങളുണ്ടാക്കാന്‍ സൈലന്‍സറുകളില്‍ രൂപമാറ്റം വരുത്തുന്ന ഫ്രീക്കന്‍മാരാണ് കഴിഞ്ഞദിവസം നടന്ന പരിശോധനയില്‍ കുടുങ്ങിയത്. ദേശീയ റോഡ്‌സുരക്ഷാ വാരത്തിന്റെ ഭാഗമായാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശപ്രകാരം മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തിയത്. നിലവിലുള്ള സൈലന്‍സര്‍ പലരീതിയില്‍ മുറിച്ചും പല വലുപ്പത്തിലുള്ള ജി.ഐ. പൈപ്പിന്റെ കഷണങ്ങള്‍ വെല്‍ഡ്‌ചെയ്തുമാണ് സൈലന്‍സറുകളുടെ രൂപം മാറ്റിയിട്ടുള്ളത്.

ഓരോതരം സൈലന്‍സറില്‍നിന്നും ഓരോതരം ശബ്ദമാണ് വരിക. കാതടപ്പിക്കുന്ന ശബ്ദങ്ങളുണ്ടാക്കാനാണ് ഫ്രീക്കന്‍മാര്‍ ഇങ്ങനെ രൂപമാറ്റം വരുത്തുന്നത്. ഇങ്ങനെ രൂപമാറ്റം വരുത്തിയ 43 ഇരുചക്രവാഹനങ്ങളുള്‍പ്പെടെ 96 വാഹനങ്ങള്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ചെയ്തു. എയര്‍ഹോണ്‍ ഉപയോഗിക്കുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരേയും നടപടി കര്‍ശനമാക്കി.

എന്‍ഫോഴ്സ്മെന്റ് എം.വി.ഐ.മാരായ പി.കെ. മുഹമ്മദ് ഷഫീഖ്, ബിനോയ്കുമാര്‍, എ.എം.വി.ഐ.മാരായ പി. ബോണി, കെ.ആര്‍. ഹരിലാല്‍, എബിന്‍ ചാക്കോ, സലീഷ് മേലെപ്പാട്ട്, ഷൂജ മാട്ടട എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ ദേശീയ-സംസ്ഥാന പാതകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. പരിശോധന വരുംദിവസങ്ങളിലും തുടരും.

Post a Comment

0 Comments