NEWS UPDATE

6/recent/ticker-posts

വിമാനത്താവളത്തില്‍ നഷ്ടപ്പെട്ട സ്യൂട്ട്‌കേസ് നാല് കൊല്ലത്തിനുശേഷം യാത്രക്കാരിയ്ക്ക് തിരികെക്കിട്ടി

വാഷിങ്ടണ്‍: ബിസിനസ് ആവശ്യത്തിനായുള്ള യാത്രക്കിടെ ഏപ്രില്‍ ഗാവന്‍ എന്ന അമേരിക്കന്‍ വനിതയ്ക്ക് നഷ്ടമായ സ്യൂട്ട്‌കേസ് തിരികെക്കിട്ടി, നാല് കൊല്ലത്തിനുശേഷം. സ്യൂട്ട്‌കേസ് തിരികെക്കിട്ടിയ ഏപ്രില്‍ അത് തുറന്നുപരിശോധിക്കുകയും യാത്രക്കായി സൂക്ഷിച്ചിരുന്ന എല്ലാ വസ്തുക്കളും അതിനുള്ളില്‍ത്തന്നെയുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം സാമൂഹികമാധ്യമത്തിലൂടെ യുണൈറ്റഡ് എയര്‍ലൈന്‍സിന് നന്ദിയറിയിക്കുകയും ചെയ്തു. വിമാനത്താവളത്തില്‍ വെച്ചാണ് ഏപ്രിലിന് സ്യൂട്ട്‌കേസ് നഷ്ടമായത്.[www.malabarflash.com]


2018 ഓഗസ്റ്റില്‍ ഷിക്കാഗോയില്‍ ബിസിനസ് ആവശ്യത്തിനെത്തിയ ഏപ്രില്‍ ഒറിഗണിലേക്ക് മടങ്ങുന്നതിനിടെയാണ് സ്യൂട്ട്‌കേസ് നഷ്ടമായത്. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ അശ്രദ്ധ മൂലം സ്യൂട്ട്‌കേസ് സ്ഥലം മാറിപ്പോകുകയായിരുന്നു. അങ്ങനെ കറങ്ങിത്തിരിഞ്ഞ് അവസാനം ഹോണ്ടുറാസില്‍ എത്തിച്ചേര്‍ന്ന പെട്ടിയുടെ ഉടമയെത്തേടി യുണൈറ്റഡ് എയര്‍ലൈന്‍സില്‍നിന്ന് ഫോണ്‍സന്ദേശമെത്തുകയായിരുന്നുവെന്ന് 'ദ ന്യൂയോര്‍ക്ക് പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്തു.

നഷ്ടമായ തന്റെ സ്യൂട്ട്‌കേസ് കണ്ടെത്താന്‍ സാമൂഹികമാധ്യമത്തില്‍ വീഡിയോ ഷെയര്‍ ചെയ്തതുള്‍പ്പെടെ പലതരത്തില്‍ ശ്രമം നടത്തിയതായി ഏപ്രില്‍ പറയുന്നു. തങ്ങള്‍ക്ക് സ്യൂട്ട്‌കേസിനെ കുറിച്ച് യാതൊരുവിധ സൂചനയും ഇല്ലെന്നായിരുന്നു എയര്‍ലൈനിന്റെ മറുപടിയെന്നും ഏപ്രില്‍ കൂട്ടിച്ചേര്‍ത്തു. നാല് വര്‍ഷത്തിനുശേഷം പെട്ടെന്നൊരു ദിവസം ഹൂസ്റ്റണില്‍നിന്ന് ഫോണ്‍കോളെത്തിയപ്പോള്‍ ശരിക്കും അമ്പരന്നതായും എയര്‍ലൈന്‍സിന് ചിലപ്പോള്‍ തെറ്റുപറ്റിയതാകാമെന്ന് കരുതിയതായും ഏപ്രില്‍ പറയുന്നു.

@aprilgavin എന്ന ടിക് ടോക്ക് അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്ത വീഡിയോയില്‍ ഏപ്രില്‍ സംഭവം വിശദമാക്കുന്നുണ്ട്. രണ്ടുലക്ഷത്തിലധികം വ്യൂസാണ് വീഡിയോയ്ക്ക് ഇതിനോടകം ലഭിച്ചത്. യാത്രക്കൊടുവില്‍ ഹോണ്ടുറാസിലായിരുന്നു സ്യൂട്ട്‌കേസ് എത്തിച്ചേര്‍ന്നത്. പിന്നീട് ഹൂസ്റ്റണില്‍ നിന്നാണ് ഏപ്രില്‍ അത് കൈപ്പറ്റിയത്. നാല് കൊല്ലം പലയിടങ്ങളിലായി സ്യൂട്ട്‌കേസ് സഞ്ചരിക്കുകയായിരുന്നുവെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഏപ്രിലിന്റെ പ്രതികരണം.

Post a Comment

0 Comments