റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് ഉച്ചമയക്കത്തിലായിരുന്ന മലയാളി കുത്തേറ്റ് മരിച്ചു. പ്രതിയായ സഹപ്രവർത്തകൻ കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ജുബൈൽ ‘ജെംസ്’ കമ്പനി ജീവനക്കാരനും മലപ്പുറം ചെറുകര കട്ടുപ്പാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകനുമായ മുഹമ്മദലി (58) ആണ് കൊല്ലപ്പെട്ടത്[www.malabarflash.com]
സൗദിയിലെ വ്യവസായ നഗരമായ ജുബൈലിൽ ഞായറാഴ്ച്ച ഉച്ചക്കായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി മഹേഷ് (45) കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ് പുറത്തേക്കിറങ്ങിയോടിയ മുഹമ്മദലി അടുത്ത മുറിയുടെ വാതിലിന് സമീപം രക്തം വാർന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
മഹേഷിനെ സ്വയം കഴുത്തറുത്ത നിലയിൽ സംഭവത്തിന് ശേഷം കണ്ടെത്തുകയായിരുന്നു. ഉടനെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയായി മഹേഷ് വിഷാദ രോഗത്തിന്റെ അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നുവത്രെ. കൊല നടത്തിയതിന്റെ കുറ്റബോധം മൂലമാണ് ആത്മത്യക്ക് ശ്രമിച്ചതെന്ന് മഹേഷ് പൊലീസിനോട് സമ്മതിച്ചു. ആറുവർഷമായി ‘ജെംസ്’ കമ്പനയിൽ ഗേറ്റ്മാനായി ജോലി ചെയ്തുവരികയാണ് മുഹമ്മദലി.
മഹേഷിനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെന്നൈ സ്വദേശിയായ ഇയാൾ അഞ്ചുവർഷമായി ഇതേ കമ്പനിയിൽ മെഷീനിസ്റ്റായി ജോലി ചെയ്യുന്നു. താഹിറയാണ് കൊല്ലപ്പെട്ട മുഹമ്മദലിയുടെ ഭാര്യ. നാലു പെണ്മക്കൾ.
Post a Comment