Top News

യുഎഇയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത് നൂറിലേറെപ്പേരില്‍നിന്ന്; യുവതി അറസ്റ്റില്‍

അമ്പലപ്പുഴ: വിദേശത്തു ജോലിവാഗ്ദാനം ചെയ്ത് നൂറിലേറെപ്പേരില്‍നിന്നായി പണം തട്ടിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പുറക്കാട് ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കരൂര്‍ നടുവിലെ മഠത്തില്‍പറമ്പ് ഹരിത (അമ്മു-24) ആണ് അറസ്റ്റിലായത്.[www.malabarflash.com]

 നേരത്തേ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് 14-ാം വാര്‍ഡില്‍ ശരവണഭവനില്‍ ആര്‍. രാജിമോളു (38)ടെ സഹോദരന്‍ വിഷ്ണുവിന്റെ ഭാര്യയാണ് ഇവരെന്ന് പുന്നപ്ര പോലീസ് പറഞ്ഞു.

വിദേശത്തായിരുന്ന ഹരിതയ്ക്കുവേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നെടുമ്പാശ്ശേരിയിലെത്തിയ ഹരിതയെ പുന്നപ്ര ഇന്‍സ്‌പെക്ടര്‍ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിയെ റിമാന്‍ഡുചെയ്തു. ഹരിതയുടെ ഭര്‍ത്താവ് വിഷ്ണു, സഹോദരന്‍ നന്ദു എന്നിവരും പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

യു.എ.ഇ.യിലെ കോല്‍ക്കര്‍ എന്ന സ്ഥലത്തെ കമ്പനിയില്‍ പാക്കിങ്ങില്‍ തൊഴിലാളികളെ ആവശ്യമുണ്ടെന്നറിയിച്ച് 50,000, 60,000, 65,000 രൂപ നിരക്കില്‍ പണം വാങ്ങിയെന്നാണ് കേസ്. നന്ദു ഈ കമ്പനിയിലെ ഉദ്യോഗസ്ഥനാണെന്നും തൊഴിലാളികളെ ആവശ്യമുണ്ടെന്നും പറഞ്ഞ് മറ്റു പ്രതികളുടെ സഹായത്തോടെയാണ് തട്ടിപ്പുനടത്തിയതെന്നും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post