NEWS UPDATE

6/recent/ticker-posts

കാസറകോട് സ്വദേശി മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവം; രണ്ടുപേര്‍ കൂടി പിടിയിൽ

മലപ്പുറം: ഹൈവേ കേന്ദ്രീകരിച്ച് കള്ളക്കടത്ത് സ്വര്‍ണ്ണം കൊണ്ടുപോകുന്ന വാഹനങ്ങളേയും ആളുകളേയും ആക്രമിച്ച് സ്വര്‍ണം കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേരെ കൂടി പെരിന്തല്‍മണ്ണ സി ഐ സി. അലവിയും സംഘവും അസ്റ്റ് ചെയ്തു.[www.malabarflash.com]

തൃശ്ശൂര്‍ കാക്കഞ്ചേരി സ്വദേശി നരിയംപുള്ളി വീട്ടില്‍ ഗോകുല്‍ കൃഷ്ണ(24), പെരുമ്പിലാവ് സ്വദേശി കോട്ടപ്പുറത്ത് സനു(21) എന്നിവരെയാണ് കോയമ്പത്തൂര്‍ സുളൂരിലെ ഒളിത്താവളത്തില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്‌. ഈ കേസിലെ മുഖ്യസൂത്രധാരനടക്കം അഞ്ചുപേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മുതുതല സ്വദേശി മുഹമ്മദ് റഷാദ്, കൂടല്ലൂര്‍ സ്വദേശി അബ്ദുൾ അസീസ്, മാറഞ്ചേരി സ്വദേശി മുഹമ്മദ് ബഷീർ, വെളിയങ്കോട് സ്വദേശി സാദിക്ക്, ചാവക്കാട് അൽതാഫ്ബക്കർ എന്നിവരെ മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ സി ഐ സി. അലവിയും സംഘവും കഴിഞ്ഞ ദിവസം ആണ് അറസ്റ്റ് ചെയ്തത്. ഇവര്‍ പോലീസിന്‍റെ പിടിയിലായതറിഞ്ഞ് കോയമ്പത്തൂരിലേക്ക് ഒളിവില്‍പോയ ഗോകുല്‍കൃഷ്ണ, സനു എന്നിവരുടെ താമസസ്ഥലത്തെകുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സി ഐയും സംഘവും നടത്തിയ പരിശോധനയിലാണ് രണ്ടുപേരെ പിടികൂടിയത്.

കഴിഞ്ഞ 26 നാണ് കോമ്പത്തൂര്‍ എയര്‍പോര്‍ട്ട് വഴി വിദേശത്ത് നിന്നും നാട്ടിലേക്ക് വന്ന കാസറകോട് സ്വദേശിയുടെ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ ഒരുകിലോഗ്രാം സ്വര്‍ണമിശ്രിതം കവര്‍ച്ച നടത്താന്‍ സംഘം രണ്ട് കാറുകളിലായെത്തിയത്. നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് കവര്‍ച്ചാശ്രമം ഒഴിവാക്കി സംഘം കാറില്‍ രക്ഷപെടുകയായിരുന്നു. രണ്ടു കാറുകളിലായി കോയമ്പത്തൂര്‍ എയര്‍പോര്‍ട്ട് മുതല്‍ പരാതിക്കാരന്‍റെ കാറിനെ പിന്തുടര്‍ന്ന് വന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായ രണ്ടുപേര്‍. പെരിന്തല്‍മണ്ണ കാപ്പുമുഖത്ത് വച്ചാണ് കവര്‍ച്ച നടത്താനായി ശ്രമിച്ചത്.

പിടിയിലായ രണ്ടുപേരും അടിപിടിക്കേസുകളിലും പ്രതിയാണ്. സനു മയക്കുമരുന്ന് കേസില്‍ മാസങ്ങള്‍ക്ക് മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസിന്‍റെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍, സി.ഐ സി.അലവി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചയുടെ മുഖ്യസൂത്രധാരനടക്കം ഏഴു പേരെ സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടാനായത്. കേസിലുള്‍പ്പെട്ട മറ്റു പ്രതികളെകുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം നടത്തിവരുന്നതായും പെരിന്തല്‍മണ്ണ സി.ഐ.സി.അലവി അറിയിച്ചു.എസ്.ഐ. എ.എം.യാസിര്‍ , പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐ. എം.എസ്. രാജേഷ് സക്കീര്‍ ഹുസൈന്‍ , മുഹമ്മദ് സജീര്‍, ഉല്ലാസ് , രാകേഷ്, മിഥുന്‍ ,എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്ക്വാഡുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

നവംബർ 26 ന് ഉണ്ടായ സംഭവം ഇപ്രകാരം ഒരു കിലോ സ്വർണവുമായി 2 പേർ പെരിന്തൽമണ്ണ പോലീസിൻ്റെ പിടിയിലായി. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ താഴെ ക്കോട് കാപ്പുമുഖത്ത് വെച്ചാണ് കാസർഗോഡ് സ്വദേശി ആയിഷ മൻസിലിൽ മുഹമ്മദ് കുഞ്ഞി മകൻ വസീമുദ്ദീൻ ,താമരശ്ശേരി സ്വദേശി കരിമ്പനക്കൽവീട്ടിൽ അബ്ദു റഹിമാൻ മകൻ മുഹമ്മദ് സാലി എന്നിവരെ സിഐ അലവിയും, എസ് ഐ യാസറും സംഘവും കസ്റ്റഡിയിലെടുത്തത്.

യു എ ഇ യിൽ നിന്നും കോയമ്പത്തൂരിൽ വിമാനമിറങ്ങിയ വസീമുദ്ദീനെ മുഹമ്മദ് സാലി കോയമ്പത്തൂർ പോയി കാറിൽ കൂട്ടി കൊണ്ട് വരവെയാണ് താഴെക്കൊട് കാപ്പുമുഖ ത്ത് വെച്ച് പെരിന്തൽമണ്ണ പോലീസിൻ്റെ പിടിയിൽ ആകുന്നത് . സ്വർണം 3 ക്യാപ്സ്യൂൾ രൂപത്തിൽ ആക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് വസിമുദ്ദീൻ ഗൾഫിൽ നിന്നും കൊണ്ട് വന്നത് . സിഐ അലവി, എസ് ഐ യാസർ എന്നിവരെ കൂടാതെ എ എസ് ഐ വിശ്വംഭരൻ ,എസ് സി പി ഒ ജയ മണി , ഉല്ലാസ് കെ എസ് , സി പി ഒ മാരായ മുഹമ്മദ് ഷജീർ ,ഷഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Post a Comment

0 Comments