NEWS UPDATE

6/recent/ticker-posts

റോണോയുടെ പറങ്കിപ്പട വീണു; ലോകകപ്പ് ചരിത്രത്തില്‍ ആഫ്രിക്കന്‍ അടയാളപ്പെടുത്തലായി മൊറോക്കോ

ദോഹ: ക്രോസ് ബാറിലിടിച്ചു തെറിച്ച ബ്രൂണോ ഫെർണാണ്ടസിന്റെ ആദ്യപകുതിയിലെ ആ ഷോട്ട്... ഗോൾപോസ്റ്റിനു മുന്നിൽ സൂപ്പർമാനേപ്പോലെ നിലയുറപ്പിച്ച ഗോൾകീപ്പർ യാസിൻ ബോനു ഇരുപകുതികളിലുമായി രക്ഷപ്പെടുത്തിയ ജാവോ ഫെലിക്സിന്റെ മാത്രം ഗോളെന്നുറപ്പിച്ച ഷോട്ടുകൾ... ഇത് പോർച്ചുഗലിന്റെ ദിനമല്ലെന്ന് ഉറപ്പിച്ച് ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ പോസ്റ്റിനെ ഉരുമ്മി പുറത്തേക്കു പോയ പെപ്പെയുടെ ഹെഡറും..[www.malabarflash.com]


42–ാം മിനിറ്റിൽ ലീഡ് നേടിയ ശേഷം സമനില ഗോളിനായി ശ്വാസം മുട്ടിച്ച പോർച്ചുഗൽ താരങ്ങളെ മത്സരത്തിന്റെ ഭൂരിഭാഗം സമയവും പിടിച്ചുകെട്ടിയ പ്രതിരോധമികവുമായി പുതുചരിത്രമെഴുതി മൊറോക്കോയുടെ പടക്കുതിരകൾ ഖത്തർ ലോകകപ്പിന്റെ സെമിയിൽ. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മൊറോക്കോയുടെ വിജയം. മത്സത്തിന്റെ ആദ്യപകുതിയിൽ യൂസഫ് എൻ നെസിറിയാണ് മൊറോക്കോയുടെ വിജയഗോൾ നേടിയത്.

പകരക്കാരനായി ഇറങ്ങിയ വാലിദ് ഷെദീര രണ്ടാം മഞ്ഞക്കാർഡു വാങ്ങി പുറത്തുപോയതോടെ, അവസാന മിനിറ്റുകളിൽ 10 പേരുമായാണ് മൊറോക്കോ പോർച്ചുഗലിന്റെ അലകടലായുള്ള ആക്രമണങ്ങൾക്കു മുന്നിൽ പിടിച്ചുനിന്നത്. പ്രീക്വാർട്ടറിൽ സ്പെയിനിനെ വീഴ്ത്തിയെത്തിയ മൊറോക്കോയുടെ ആദ്യ ലോകകപ്പ് സെമി പ്രവേശനമാണിത്. ലോകകപ്പിന്റെ ചരിത്രത്തിൽ സെമിയിൽ കടക്കുന്ന ആദ്യ ആഫ്രിക്കൻ ടീം എന്ന റെക്കോർഡും മൊറോക്കോയ്ക്കു സ്വന്തം.

1966നു ശേഷം ആദ്യ ലോകകപ്പ് സെമി സ്വപ്നം കണ്ട ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും കൂട്ടർക്കും നിരാശയോടെ ഖത്തറിൽനിന്ന് മടക്കം. ഡിസംബർ 14നു നടക്കുന്ന രണ്ടാം സെമിയിൽ, ഫ്രാൻസ് – ഇംഗ്ലണ്ട് ക്വാർട്ടർ വിജയികളാണ് മൊറോക്കോയുടെ എതിരാളികൾ.

മത്സരത്തിൽ പോർച്ചുഗൽ ആധിപത്യം പുലർത്തുന്നതിനിടെ, ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെയാണ് മൊറോക്കോ ലീഡെടുത്തത്. മത്സരത്തിൽ ചില സുവർണാവസരങ്ങൾ പാഴാക്കിയ യൂസഫ് എൻ നെസിറി തന്നെ മൊറോക്കോയ്ക്കായി ലക്ഷ്യം കണ്ടു. ഇടതുവിങ്ങിൽനിന്ന് യഹിയ എൽ ഇദ്രിസി ഉയർത്തി നൽകിയ ക്രോസിന് തലവച്ചാണ് നെസിറി മൊറോക്കോയ്ക്ക് ലീഡ് സമ്മാനിച്ചത്. ഇദ്രിസിയുടെ ക്രോസിന് കണക്കാക്കി മുന്നോട്ടുകയറിവന്ന ഗോൾകീപ്പർ ഡീഗോ കോസ്റ്റയെ മറികടന്ന് ഉയർന്നുചാടിയ നെസിറിയുടെ ഹെഡർ ഒന്നു നിലത്തുകുത്തി വലയിൽ കയറി. സ്കോർ 1–0.

പന്തടക്കത്തിലും പാസിങ്ങിലും പോർച്ചുഗൽ വ്യക്തമായ ആധിപത്യം പുലർത്തിയ ആദ്യപകുതിയിൽ മികച്ച അവസരങ്ങളിലേറെയും ലഭിച്ചതു മൊറോക്കോയ്‌ക്കാണ്. അവസരങ്ങളിലേറെയും പാഴാക്കിയത് ഗോൾ നേടിയ യൂസഫ് എൻ നെസിറി തന്നെ. ഏഴാം മിനിറ്റിൽത്തന്നെ ഹക്കിം സിയെച്ചിന്റെ കോർണർ കിക്കിന് തലവച്ച് ഗോൾ നേടാൻ ലഭിച്ച അവസരം എൻ നെസിറി പാഴാക്കി. പിന്നീട് 26–ാം മിനിറ്റിൽ സിയെച്ചിന്റെ തന്നെ ഫ്രീകിക്കിന് തലവയ്ക്കാൻ ലഭിച്ച സുവർണാവസരവും ക്രോസ് ബാറിനു മുകളിലൂടെയാണ് നെസിറി പായിച്ചത്.

മറുവശത്ത് പോർച്ചുഗലിന് ലഭിച്ച അവസരങ്ങളിലേറെയും പാഴാക്കിയത് ജാവോ ഫെലിക്സായിരുന്നു. അഞ്ചാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ തകർപ്പൻ ക്രോസിൽ ഫെലിക്സിന്റെ ഡൈവിങ് ഹെഡർ മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോനു കുത്തിയകറ്റി. 31–ാം മിനിറ്റിൽ ഫെലിക്സിന്റെ തകർപ്പൻ ബുള്ളറ്റ് ഷോട്ട് മൊറോക്കോ താരം എൽ യമീഖിന്റെ ദേഹത്തുതട്ടി ക്രോസ് ബാറിനു മുകളിലൂടെ പറന്നു.

ഒടുവിൽ 42–ാം മിനിറ്റിൽ മൊറോക്കോ പോർച്ചുഗൽ പ്രതിരോധം തുറന്നെടുത്തു. യൂസഫ് എൻ നെസിറിയാണ് മൊറോക്കോയ്ക്ക് ലീഡ് സമ്മാനിച്ച് ഗോൾ നേടിയത്. യഹിയ എൽ ഇദ്രിസിയുടെ പാസിൽ നിന്നായിരുന്നു നെസിറിയുടെ തകർപ്പൻ ഹെഡർ ഗോൾ. ഇതിനു തൊട്ടുപിന്നാലെ വലതുവിങ്ങിൽനിന്ന് ബ്രൂണോ ഫെർണാണ്ടസ് തൊടുത്ത തകർപ്പൻ ഷോട്ട് മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോനുവിനെ മറികടന്നെങ്കിലും ക്രോസ് ബാറിൽത്തട്ടി തെറിച്ചത് പോർച്ചുഗലിന് നിരാശയായി.

ആദ്യപകുതിയിൽ ഒരു ഗോളിനു പിന്നിലായി അപകടം മണത്തതോടെ, രണ്ടാം പകുതി ആരംഭിച്ച് അധികം വൈകും മുൻപേ പോർച്ചുഗൽ പരിശീലകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ, ജാവോ കാൻസലോ എന്നിവരെ കളത്തിലിറക്കി. റൂബൻ നെവാസ്, റാഫേൽ ഗുറെയ്റോ എന്നിവർക്കു പകരമായിരുന്നു ഇത്. മൊറോക്കോ നിരയിൽ പരുക്കേറ്റ റൊമെയ്ൻ സയ്സിനു പകരം അഷ്റഫ് ദാരിയെത്തി. പിന്നീട് സെലിം അമല്ലയെ പിൻവലിച്ച് വാലിദ് ഷെദിരയേയും യൂസഫ് എൻ നെസിറിയെ പിൻവലിച്ച് ബദിർ ബെനോനിനെയും കളത്തിലിറക്കി.

മത്സരം 70–ാം മിനിറ്റിലേക്ക് അടുക്കവെ ഗോൺസാലോ റാമോസിനു പകരം റാഫേൽ ലിയോയും ഒട്ടാവിയോയ്ക്കു പകരം വിട്ടീഞ്ഞയും കളത്തിലെത്തി. മാറ്റങ്ങളുടെ ബലത്തിൽ പരമാവധി പൊരുതി നോക്കിയെങ്കിലും, മൊറോക്കോയുടെ മുറുക്കമാർന്ന പ്രതിരോധം പിളർത്താനാകാതെ പോർച്ചുഗൽ തോറ്റു മടങ്ങി.

Post a Comment

0 Comments