കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ പ്രതികൾക്കായി അഡ്വ. സി.കെ. ശ്രീധരൻ കൊച്ചി സി.ബി.ഐ കോടതിയിൽ ഹാജരായി. കോൺഗ്രസ് നേതാവായിരുന്ന സി.കെ. ശ്രീധരൻ അടുത്ത കാലത്താണ് സി.പി.എമ്മിൽ ചേർന്നത്. ഒന്നാംപ്രതി കല്യാട്ടെ എച്ചിലടുക്കം എ. പീതാംബരൻ ഉൾപ്പെടെ ഒമ്പത് പ്രതികൾക്കായാണ് ശ്രീധരൻ ഹാജരാവുക.[www.malabarflash.com]
പീതാംബരൻ, രണ്ടാം പ്രതി സജി ജോർജ്, മൂന്നാം പ്രതി സുരേഷ്, നാലാം പ്രതി അനിൽ കുമാർ, 13ാം പ്രതി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, 14ാം പ്രതി എൻ. ബാലകൃഷ്ണൻ, 20ാം പ്രതി മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, 21ാം പ്രതി രാഘവൻ വെളുത്തോളി, 22ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവർക്ക് വേണ്ടിയാണ് സി.കെ. ഹാജരായത്.
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയിൽ ഫെബ്രുവരി രണ്ടിന് തുടങ്ങും. ഹാജരാവേണ്ട സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ കൈമാറി. ഇവർക്ക് ഉടൻ സമൻസ് അയക്കും. 54 സാക്ഷികളുടെ വിസ്താരത്തിനുള്ള തീയതികളും പേരും അടങ്ങുന്ന പട്ടികയാണ് കോടതിക്ക് നൽകിയത്. പ്രതിഭാഗം സാക്ഷികളുടെ പട്ടിക നൽകിയിട്ടില്ല.
ഒന്നാം പ്രതി പീതാംബരനെ വിചാരണക്കോടതിയെ അറിയിക്കാതെ കണ്ണൂർ ജില്ല ആയുർവേദ ആശുപത്രിയിലേക്കു മാറ്റിയ സംഭവം വിവാദമായിരുന്നു. പിന്നീട് ജയിൽ അധികാരികളുടെ അപേക്ഷയിൽ മുഴുവൻ പ്രതികളെയും വിയ്യൂരിലെ അതിസുരക്ഷ ജയിലിലേക്കു മാറ്റാൻ സി.ബി.ഐ കോടതി അനുമതി നൽകി.
2019 ഫെബ്രുവരി 17നാണ് കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. സി.പി.എം പ്രാദേശിക നേതാവ് പീതാംബരൻ ഉൾപ്പെടെയുള്ള പ്രതികൾ രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്ന് കൊലനടത്തിയെന്നാണ് സി.ബി.ഐ കേസ്. ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമനടക്കം 24 പ്രതികളാണ് കേസിലുള്ളത്
0 Comments