NEWS UPDATE

6/recent/ticker-posts

പൊരുതിവീണ് ഘാന, പോര്‍ച്ചുഗലിന് ആശ്വാസം

ദോഹ: അണയാത്ത ആവേശം...തളരാത്ത പോരാട്ടവീര്യം....പോര്‍ച്ചുഗലിനോട് പൊരുതി വീണ് ഘാന. ആവേശക്കൊടുമുടി കയറിയ മത്സരത്തില്‍ അതിശക്തരായ പോര്‍ച്ചുഗലിനെ വിറപ്പിച്ചാണ് ഘാന വീണത്. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ വിജയിച്ചെങ്കിലും ആരാധകരുടെ മനം കീഴടക്കിയാണ് ഘാന മടങ്ങുന്നത്.[www.malabarflash.com]

ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ ലീഡെടുത്തു. പിന്നാലെയെത്തി ഘാനയുടെ സൂപ്പര്‍ താരം അയൂവിന്റെ മറുപടി. പോര്‍ച്ചുഗീസ് പടയെ ഞെട്ടിച്ച് അയൂ ഗോളടിച്ചപ്പോള്‍ മത്സരം ആവേശത്തിലേക്ക് കത്തിക്കയറി. പിന്നാലെ ജാവോ ഫെലിക്‌സും റാഫേല്‍ ലിയോയും തുടരെത്തുടരെ വെടിപൊട്ടിച്ചപ്പോള്‍ ഘാന തകര്‍ന്നു. സ്‌കോര്‍ 3-1. 

എന്നാല്‍ അവരുടെ പോരാട്ടവീര്യത്തിന്റെ കനല്‍ അവിടെ നിന്ന് ആളിക്കത്തി. 89-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടിക്കൊണ്ട് അവര്‍ ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ മനോഹാരിത ലോകത്തിന് കാട്ടിക്കൊടുത്തു. ഒരു ടീമും ചെറുതല്ല എന്ന വലിയ സത്യം ലോക ഫുട്‌ബോളിന് കാട്ടിക്കൊടുത്ത് അവര്‍ ജനഹൃദയങ്ങള്‍ കീഴടക്കി ഗ്രൗണ്ട് വിട്ടപ്പോള്‍ അവസാന ചിരി സ്വന്തമാക്കി റൊണാള്‍ഡോയും കൂട്ടരും ആദ്യ വിജയം ആഘോഷിച്ചു.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ പോര്‍ച്ചുഗല്‍ ആക്രമിച്ച് കളിച്ചു. 11-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം സൂപ്പര്‍ താരം റൊണാള്‍ഡോ നഷ്ടപ്പെടുത്തി. ബോക്‌സിലേക്ക് വന്ന ത്രൂബോള്‍ സ്വീകരിച്ച റൊണാള്‍ഡോയ്ക്ക് ഗോള്‍കീപ്പര്‍ സിഗിയെ മറികടക്കാനായില്ല. പോര്‍ച്ചുഗല്‍ ബോക്‌സിലേക്ക് ആക്രമിക്കാനായി ഓരോ തവണ കയറുമ്പോഴും ഘാന പ്രതിരോധം അതിനെ സമര്‍ത്ഥമായി തന്നെ നേരിട്ടു.

28-ാം മിനിറ്റില്‍ ലഭിച്ച അവസരം പോര്‍ച്ചുഗലിന്റെ ബെര്‍ണാഡോ സില്‍വ പാഴാക്കി. 31-ാം മിനിറ്റില്‍ റൊണാള്‍ഡോ വലകുലുക്കിയെങ്കിലും റഫറി ഫൗള്‍ വിളിച്ചു. ഘാന പ്രതിരോധതാരത്തെ റൊണാള്‍ഡോ വീഴ്ത്തിയതിനാണ് റഫറി ഫൗള്‍ വിളിച്ചത്. 36-ാം മിനിറ്റില്‍ ജാവോ ഫെലിക്‌സിന്റെ ദുര്‍ബലമായ ഷോട്ട് ഗോള്‍കീപ്പര്‍ സിഗി കൈയ്യിലൊതുക്കി.

പന്ത് മിക്ക സമയവും കാലില്‍ വെച്ചെങ്കിലും പോസ്റ്റിനുള്ളിലേക്ക് മുന്നേറാന്‍ പോര്‍ച്ചുഗീസ് മുന്നേറ്റനിരയെ ഘാന പ്രതിരോധം ശക്തമായി തടഞ്ഞു. അവസരങ്ങള്‍ സൃഷ്ടിക്കുന്നത് തടയുക എന്നതായിരുന്നു ഘാനയുടെ തന്ത്രം. ആദ്യ പകുതിയില്‍ അവര്‍ അത് ഫലപ്രദമായി നിറവേറ്റുകയും ചെയ്തു. ജാവോ ഫെലിക്‌സും റൊണാള്‍ഡോയും സില്‍വയും ഫെര്‍ണാണ്ടസുമെല്ലാം അണിനിരന്ന മുന്നേറ്റനിരയെ ഭയക്കാതെ ഘാന അനായാസം പ്രതിരോധം ശക്തിപ്പെടുത്തി. വൈകാതെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ആദ്യ പകുതിയില്‍ പോര്‍ച്ചുഗല്‍ ലക്ഷ്യത്തിലേക്ക് രണ്ട് ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ ഘാനയ്ക്ക് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് പായിക്കാനായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ പോര്‍ച്ചുഗലിനെ ഞെട്ടിച്ചുകൊണ്ട് ഘാന മികച്ചൊരു മുന്നേറ്റം നടത്തി. 55ാ-ാം മിനിറ്റില്‍ ഘാനയുടെ കുഡൂസ് പന്തുമായി മുന്നേറിയെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി.

65-ാം മിനിറ്റില്‍ സൂപ്പര്‍ താരം റൊണാള്‍ഡോയെ ബോക്‌സില്‍ വെച്ച് വീഴ്ത്തിയതിന് പോര്‍ച്ചുഗലിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. ഘാനയുടെ സലിസുവാണ് റൊണാള്‍ഡോയെ ബോക്‌സില്‍ വീഴ്ത്തിയത്. കിക്കെടുത്ത സൂപ്പര്‍ താരത്തിന് തെറ്റിയില്ല. പന്ത് അനായാസം വലയിലേക്ക് അടിച്ചുകയറ്റി റൊണാള്‍ഡോ ചരിത്രം കുറിച്ചു. ലോകകപ്പില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരം എന്ന റെക്കോഡ് റൊണാള്‍ഡോ സ്വന്തമാക്കി.

71-ാം മിനിറ്റില്‍ ഘാനയുടെ കുഡുസ് മികച്ച ഒരു ലോങ് റേഞ്ചര്‍ ഗോള്‍കീപ്പര്‍ കോസ്റ്റ കൈയ്യിലൊതുക്കി. എന്നാല്‍ ഘാനയുടെ പോരാട്ടവീര്യം പോര്‍ച്ചുഗീസ് നിര കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. 73-ാം മിനിറ്റില്‍ പോര്‍ച്ചുഗലിനെ ഞെട്ടിച്ചുകൊണ്ട് ഘാന സമനില ഗോള്‍ നേടി. സൂപ്പര്‍ താരം ആന്ദ്രെ അയൂവാണ് ടീമിനായി വലകുലുക്കിയത്. കുഡുസിന്റെ ക്രോസ് വലയിലേക്ക് തട്ടിയിട്ട് അയൂ ഘാനയ്ക്ക് വിജയത്തോളം പോന്ന സമനില സമ്മാനിച്ചു. ഈ ഗോളോടെ ലോകകപ്പില്‍ ഘാനയ്ക്ക് വേണ്ടി ഏറ്റവുമധികം ഗോളടിക്കുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡ് അയൂ സ്വന്തമാക്കി.

80-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ വീണ്ടും വലകുലുക്കി. ഇത്തവണയും ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍ പിറന്നത്. പകരക്കാരനായി വന്ന റാഫേല്‍ ലിയോയാണ് ടീമിനായി മൂന്നാം ഗോളടിച്ചത്. ഫെര്‍ണാണ്ടസ് ഇടതുവശത്തേക്ക് നീട്ടിനല്‍കിയ പാസ് മികച്ച ഫിനിഷിലൂടെ ലിയോ വലയിലെത്തിച്ചു. ഇതോടെ പോര്‍ച്ചുഗല്‍ വിജയമുറപ്പിച്ചു.

എന്നാല്‍ ഘാനയുടെ പോരാട്ടത്തിന് പോറലേറ്റിരുന്നില്ല. 89-ാം മിനിറ്റില്‍ ഒസ്മാന്‍ ബുകാരിയിലൂടെ ഘാന രണ്ടാം ഗോള്‍ നേടി. പകരക്കാരനായി വന്ന ഒസ്മാന്‍ ബുകാരി പോര്‍ച്ചുഗല്‍ ക്യാമ്പില്‍ ആശങ്ക പരത്തി. പിന്നീട് ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും നിറഞ്ഞാടിയപ്പോള്‍ ആരാധകരും ആവേശക്കൊടുമുടിയിലായി. പിന്നാലെ മത്സരം പോര്‍ച്ചുഗീസ് പട സ്വന്തമാക്കി.


Post a Comment

0 Comments