NEWS UPDATE

6/recent/ticker-posts

കഞ്ചാവുകടത്ത് റിപ്പോർട്ട് ചെയ്തില്ല; കണ്ണൂർ ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ

കണ്ണൂർ: കഞ്ചാവുകടത്ത് യഥാസമയം റിപ്പോർട്ട് ചെയ്യാത്തതിനെത്തുടർന്ന് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ആർ. സാജന് സസ്പെൻഷൻ. ജയിലിൽ മൂന്നു കിലോ കഞ്ചാവെത്തിച്ച സംഭവം മറിച്ചുവെച്ചതിനാണ് നടപടി. സംഭവത്തിൽ ഗുരുതര സുരക്ഷാവീഴ്ചയെന്ന വകുപ്പുതല റിപ്പോർട്ട് ആഭ്യന്തര വകുപ്പ് അംഗീകരിച്ചിരുന്നു.[www.malabarflash.com]


ഒരുമാസം മുമ്പാണ് ജയിലിൽ മൂന്നുകിലോ കഞ്ചാവ് കടത്തിയ കാസർകോട് ഉദുമ സ്വദേശി ബാര കണ്ടത്തിൽ മുഹമ്മദ് ബഷീറിനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റുചെയ്തത്. തടവുകാരുടെ ആവശ്യപ്രകാരം ഇയാൾ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ചാണ് ജയിലിൽ കഞ്ചാവ് എത്തിച്ചത്. നിരീക്ഷണ കാമറകളിൽ വണ്ടിയുടെ നമ്പറടക്കം പതിഞ്ഞിരുന്നു. സ്ഥിരമായി വൈകീട്ട് എത്തിക്കുന്ന പച്ചക്കറി നേരത്തേ എത്തിയപ്പോൾ ചില ഉദ്യോഗസ്ഥർക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

ലഹരി പദാർഥങ്ങൾക്കും മൊബൈൽ ഫോണിനുമെല്ലാം ജയിലിനകത്ത് വിലക്കുണ്ടെങ്കിലും തടവുകാർക്ക് ഇതെല്ലാം യഥേഷ്ടം ലഭിക്കുന്നുണ്ട്. ഇതുസംബന്ധിച്ച പരിശോധനകൾ പേരിനുമാത്രമാണെന്നും ആക്ഷേപമുണ്ട്. മദ്യവും പുകയില ഉൽപന്നങ്ങളും മറ്റും മതിലിനുള്ളിലേക്ക് എറിഞ്ഞുകൊടുക്കുന്നതും പതിവാണ്. കഞ്ചാവ് എത്തിച്ചശേഷം കാസർകോട്ടേക്കുകടന്ന ബഷീറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

Post a Comment

0 Comments