NEWS UPDATE

6/recent/ticker-posts

'ജനങ്ങൾ ചോദിക്കുമ്പോൾ ഉത്തരം നൽകേണ്ട ബാധ്യത ഭരിക്കുന്നവർക്കുണ്ട്'; ലക്ഷദ്വീപ് ഗവണ്മെന്റിനോട്‌ വീണ്ടും ഐഷ സുൽത്താന

ലക്ഷദ്വീപിലെ കേന്ദ്ര സർക്കാറിന്റെ വിവാദ മാറ്റങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ശ്രദ്ധേയയായ സംവിധായികയും സാമൂഹിക പ്രവർത്തകയുമാണ് ഐഷ സുല്‍ത്താന.[www.malabarflash.com]

ഇപ്പോഴിതാ ലക്ഷദ്വീപ് ഭരണകൂടത്തിന് മുന്നിൽ വീണ്ടും ചില ചോദ്യങ്ങളുയർത്തുകയാണ് ഐഷ. ലക്ഷദ്വീപിലേക്കുള്ള വെസലുകൾ യാത്രാ സജ്ജമാക്കുവാൻ കഴിയാതെ പോയത്, അഗ്നിബാധയെ തുടർന്ന് തകർന്ന് പോയ കപ്പൽ പുനർ നിർമ്മിക്കാത്തതിന്റെ കാരണം, ലക്ഷദ്വീപ് സീ കപ്പലിന്റെ സർവീസ് തുടങ്ങിയവയെ കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഐഷയുടെ ഫേസ്ബുക്ക് കുറിപ്പിൽ പരാമർശിക്കുന്നത്. 

ഐഷ സുൽത്താനയുടെ കുറിപ്പിൽ നിന്ന് ലക്ഷദ്വീപ് ഗവണ്മെന്റിനോട്‌ ചില ചോദ്യങ്ങൾ ചോദിക്കുകയാണ് 

1:നല്ല കാലാവസ്ഥ ആയിട്ടും മൺസൂൺ ആയതു കൊണ്ട് മാത്രം സർവീസ് നിർത്തുന്ന 50തും 150തും കപ്പാസിറ്റിയുള്ള വെസലുകൾ സെപ്റ്റംബർ 15 നുള്ളിൽ യാത്രാ സജ്ജമാക്കുവാൻ കഴിയാതെ പോയതെന്ത്? (അത് കാരണം ടിക്കറ്റ് ഇഷ്യൂ കൂടി കൂടി വരുന്നു )

2: 2021 ഡിസംബർ മാസം അഗ്നിബാധയെ തുടർന്ന് കിടപ്പിലായ കവരത്തി കപ്പൽ റെഡിയാക്കി എടുക്കുന്നതിൽ താമസം എന്താണ് ? (കിടപ്പിലായ കപ്പലിന് കൊടുക്കാൻ മരുന്ന് കിട്ടിയില്ലേ )

3: കൊച്ചിൻ ഷിപ്പ് യാർഡ് അടുത്ത് തന്നെ ഉണ്ടായിട്ടും കവരത്തി കപ്പലിന്റെ കാര്യങ്ങൾ വേഗത്തിൽ ആകുവാൻ എന്തുകൊണ്ട് ഉപയോഗപ്പെടുത്തുന്നില്ല? റെഡി ആകുവാൻ എത്ര നാൾ ഇനി എടുക്കും?? എവിടെയാണ് വീഴ്ച ഉള്ളത്?

4: ഒരു വർഷത്തിൽ അധികമായി സർവീസ് നടത്താത്ത "ലക്ഷദ്വീപ് സീ" എന്ന കപ്പൽ ഇനി എന്നാണ് ഒന്ന് അറബി കടൽ കാണുക ?

5: ഒരു മാസം മുമ്പ് വരെ കൃത്യമായി ഓടി കൊണ്ടിരുന്ന "കോറൽ കപ്പൽ" സർവ്വേ പൂർത്തിയാക്കി എപ്പോൾ ഓടി തുടങ്ങും?ജനങ്ങൾക്ക് ടിക്കറ്റ് ക്ഷാമം ഉണ്ടാവുന്നതിന്റെ കാരണം ഈ കപ്പലുകൾ ഓടാത്തത് കൊണ്ട് തന്നെയാണെന്നുള്ളത് ഉറപ്പല്ലേ..? വലിയ പരിഷ്കാരം എന്ന നിലയിൽ കപ്പലുകൾ എസ്.സി. ഐ-യ്ക്കു കൈമാറിയിട്ടും കപ്പലുകൾ റെഡി ആകുവാൻ താമസം വരുന്നു... എന്ത് കൊണ്ട്?

ഇനി നിങ്ങൾക്ക് അറിയില്ലെങ്കിൽ ചെയ്യേണ്ടത് എന്തെന്ന് ഞങ്ങൾ പറഞ്ഞ് തരാം 
സാങ്കേതിക നടത്തിപ്പ് എസ്. സി. ഐയും മാനവ വിഭവ ശേഷി എൽ.ഡി. സി.എൽ എന്ന കമ്പനിയും നടത്തുന്ന രണ്ട് തോണിയിൽ കാൽ വെച്ചുകൊണ്ടുള്ള കപ്പൽ നടത്തിപ്പ് വൻ പരാജയം എന്ന് ഇനിയെങ്കിലും മനസ്സിലാക്കേണ്ടി ഇരിക്കുന്നു... അല്ലേ? 

കപ്പലുകൾ പഴയ പോലെ എൽ ഡി സി എൽ നടത്തുക, അല്ലെങ്കിൽ കപ്പലുകൾ പൂർണ്ണമായും എസ് സി ഐ നടത്തുക... അല്ലെങ്കിൽ ഇവർക്ക് മുകളിൽ ഏകോപനം കൊണ്ട് വരുവാൻ തക്ക ശക്തിയുള്ള സംവിധാനം ഉറപ്പ് വരുത്തുക... (പോർട്ട്‌ അക്കാര്യത്തിൽ വൻ പരാജയമാണ് ) യാത്ര കപ്പലുകൾ യഥാസമയം സർവ്വേ നടത്തി പാസാക്കുവാൻ നേരത്തേ ഇത്തരം കാര്യങ്ങളിൽ പരിചയം ഉള്ള എൽ ഡി സി എൽ സൂപ്രന്റ്മാരുടെ സാങ്കേതിക സഹായം കൂടെ എസ്. സി.ഐ തേടുക... 

യാത്ര പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കാരണങ്ങൾ അറിഞ്ഞു ചികിത്സ നടത്തണം. മേൽ പറഞ്ഞ കപ്പലുകളുടെ നിലവിലെ അവസ്ഥയും റെഡി ആവാൻ എടുക്കുന്ന സമയവും കാണിച്ചു വിശദമായ വാർത്ത കുറിപ്പ് ഇറക്കുവാൻ ലക്ഷദ്വീപ് പോർട്ട്‌ ഡിപ്പാർട്മെന്റ്, ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ സംയുക്തമായി തയ്യാറാവണം. ജനങ്ങൾക്ക്‌ അറിയുവാൻ ഉള്ള അവകാശം നിഷേധിക്കരുത്. ചുരുങ്ങിയ പക്ഷം ആളുകൾക്കിടയിൽ കറങ്ങി നടക്കുന്ന തെറ്റിദ്ധാരണജനകമായ അഭ്യൂഹങ്ങൾ മാറ്റുവാൻ എങ്കിലും ലക്ഷദ്വീപ് ഭരണകൂടം എല്ലാ കപ്പലുകളെ സംബന്ധിച്ച് ഉള്ള വിശദമായ വിവരണം അടങ്ങിയ വാർത്ത കുറിപ്പ് ഇറക്കണം. 

കാല പരിധിക്കുള്ളിൽ കപ്പലുകൾ ഇറക്കുവാൻ ഉള്ള ഇച്ഛാ ശക്തി ലക്ഷദ്വീപ് ഭരണകൂടം, പോർട്ട്‌, എസ് സി ഐ, എൽ ഡി സി എൽ അടങ്ങിയ ടീം തയ്യാറാവണം. എന്ന് കപ്പലുകൾ റെഡിയാകും എന്ന് ജനങ്ങൾ ചോദിക്കുമ്പോൾ ഉത്തരം നൽകേണ്ട ബാധ്യത ഭരിക്കുന്നവർക്കുണ്ട്. ചോദിക്കേണ്ട ബാധ്യത ജനങ്ങൾക്കും ജനപ്രതിനിധികൾക്കുമുണ്ട്. വിഷയം ആവശ്യപ്പെട്ട് എല്ലാ രാഷ്ട്രീയ നേതാക്കളും എല്ലാ സംഘടനകളും പാർട്ടികളും ലക്ഷദ്വീപ് ഭരണകൂടത്തിനും പോർട്ടിനും കത്ത് നൽകി ചോദ്യം ചോദിക്കുക. അവരുടെ ഉത്തരം നമുക്ക് കാണാം.

Post a Comment

0 Comments