NEWS UPDATE

6/recent/ticker-posts

ഗുജറാത്തിൽ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടം; മരണസംഖ്യ 90 കടന്നു, നിരവധി പേർക്ക് പരിക്കേറ്റു

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 90 ആയി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഏറെയും കുട്ടികളും പ്രായമേറിയവരുമാണെന്നാണ് വിവരം. പുതുക്കി പണിതശേഷം അഞ്ച് ദിവസം മുമ്പ് തുറന്നുകൊടുത്ത പാലമാണ് തകര്‍ന്നുവീണത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. മച്ഛു നദിയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.[www.malabarflash.com]


മോർബിയിലെ മച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് വൈകീട്ട് 6.30ഓടെ തകർന്നത്. അപകടം ഉണ്ടാകുന്ന സമത്ത് അഞ്ഞൂറിലേറെ പേർ പാലത്തിലുണ്ടായിരുന്നു. പാലം തകര്‍ന്ന് നൂറിലേറെ പേര്‍ പുഴയില്‍ വീണെന്നാണ് വിവരം. നാട്ടുകാർ തുടങ്ങിയ രക്ഷാ ദൗത്യം പിന്നീട് ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങളെത്തി ഏറ്റെടുത്തു. രാത്രി വൈകിയും നദിയിൽ തിരച്ചിൽ നടത്തുകയാണ്. നേവിയുടെ 50 അംഗ സംഘവും സ്ഥലത്തേക്ക് തിരിച്ചു. 

രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ സഹായധനം നൽകും. 

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലടക്കമുള്ളവർ മോർബിയിലേക്ക് തിരിച്ചിട്ടുണ്ട്. രാഷ്ട്രപതി അടക്കം നിരവധി പേർ ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി.

Post a Comment

0 Comments