Top News

പാർട്ടി ഓഫിസുകൾ ജനങ്ങളുടെ അഭയ കേന്ദ്രങ്ങളാവണം -സാദിഖലി തങ്ങൾ

കോഴിക്കോട്: ജനങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കപ്പെടുന്ന അഭയ കേന്ദ്രങ്ങളായി മാറുമ്പോഴാണ് പാർട്ടി ഓഫിസുകളുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടുകയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുസ്‌ലിം ലീഗ് ഓഫിസുകൾ ജനസേവന കേന്ദ്രങ്ങളാക്കുന്ന യൂത്ത് ലീഗ്‌ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 50 ജനസഹായി കേന്ദ്രങ്ങളുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]


ലീഗ് ഓഫിസുകൾ സാമുദായിക സൗഹാർദത്തിന്റെ വിളനിലയങ്ങളും സാമൂഹിക പ്രവർത്തനങ്ങളുടെ കേന്ദ്രവുമാണ്. പാവപ്പെട്ടവരുടെ കണ്ണീരൊപ്പലും അവർക്ക് സഹായങ്ങൾ നൽകലും ലീഗും അതിന്റെ ഓഫിസുകളും നിർവഹിച്ചുപോരുന്ന സേവനമാണ്. പാർട്ടി പ്രവർത്തനങ്ങളോടൊപ്പം ജനങ്ങളുടെ ക്ഷേമവുംകൂടി കൈകാര്യം ചെയ്യുമ്പോഴാണ് രാഷ്ട്രീയ പ്രവർത്തനം സാർഥകമാവുന്നത് -തങ്ങൾ പറഞ്ഞു.

മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ ലോഗോ പ്രകാശനം നിര്‍വഹിച്ചു. എക്കാലത്തും പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറിയ പാരമ്പര്യമാണ് ലീഗിനുള്ളതെന്നും ആശയപോരാട്ടത്തിൽ പാർട്ടി ഒരിഞ്ചും പിറകോട്ട് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ. സലാം സോഫ്റ്റ് വെയര്‍ ലോഞ്ചിങ് നിര്‍വഹിച്ചു.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, ഗഫൂര്‍ കോല്‍ക്കളത്തില്‍, സി.കെ. സുബൈര്‍, പി. ഇസ്മായില്‍, മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്‌റഫ് എടനീര്‍, കെ.എ. മാഹിന്‍, സി.കെ. മുഹമ്മദലി, ടി.പി.എം. ജിഷാന്‍, ടി.പി. അഷ്‌റഫലി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post