NEWS UPDATE

6/recent/ticker-posts

ചിങ്ങവെള്ളവും പടിഅപ്പവും; ഒരു മാസം നീണ്ട വടക്കരുടെ ഓണ വിശേഷങ്ങൾ സമാപിച്ചു

പാലക്കുന്ന്: അത്തം പത്ത് മുതൽ ഓണമെന്ന സങ്കൽപമല്ല കാസർകോടുകാരുടേത്. പൂക്കളം വരച്ചും മുറ്റത്ത് ചേടിമണ്ണ് കൊണ്ട് കുറി വരച്ചും കിണ്ടിയിൽ ചിങ്ങവെള്ളം വെക്കുന്നതുമാണ് കാസർകോടുകാരുടെ ഒരു മാസം നീളുന്ന ഓണാഘോഷം. ശനിയാഴ്ച സന്ധ്യയ്ക്ക് വാതിൽ പടികളിൽ 'പടിഅപ്പം' വിളമ്പിയത്തോടെ ഒരുമാസം നീണ്ട ഓണ വിശേഷങ്ങൾ സമാപിച്ചു.[www.malabarflash.com]

ചിങ്ങം തൊട്ട് കന്നി സംക്രമം വരെ നീളുന്ന ഓണം ഇവിടെ വാമനമൂർത്തിയുടെ വരവേൽപ്പുമായി ബന്ധപ്പെട്ടതാണ്.
ചിങ്ങം അവസാന ദിവസം കാസർകോട് ജില്ലയുടെ വടക്കൻ ഭാഗത്തുള്ളവർ പൊന്നിൻ ചിങ്ങത്തെ യാത്രയാക്കുന്നുന്നത് വേറിട്ടൊരു ആചാരത്തോടെയാണ്. അതിൽ 'ചിങ്ങവെള്ളവും' 'പടിഅപ്പവും' മറ്റെങ്ങും ഇല്ലാത്ത ചടങ്ങാണ് . 

തറവാട് ഭവനങ്ങളിലും വീടുകളിലും , ക്ഷേത്രവുമായി ബന്ധപ്പെട്ട നിത്യദീപ പ്രാധാന്യമുള്ള പടിഞ്ഞാറ്റകളിലും രാവിലെ ദേഹശുദ്ധിയോടെ ആദ്യം കോരിയെടുക്കുന്ന വെള്ളം കിണ്ടിയിൽ നിറച്ച്, അതിൽ 'ചിയോതിപൂക്കൾ' അലങ്കരിച്ച് വെക്കുന്നത് വാമനമൂർത്തിയെ വരവേൽക്കാണെന്ന് സങ്കല്പം.

ചിങ്ങവെള്ളം വാമന മൂർത്തിയുടെ പാദശുദ്ധിയ്ക്ക് വേണ്ടിയാണത്രെ. എല്ലാ ദിവസവും രാവിലെ വാതിൽ പടികളിലും മുറ്റത്തും കുറി വരക്കും.ആ കുറി അടുത്ത ദിവസം രാവിലെ മായ്‌ച്ചു കളയും. വീണ്ടും മറ്റൊരു രൂപത്തിൽ വരയ്ക്കും. വീട്ടിലുള്ള അംഗങ്ങൾക്കെല്ലാം കുറിവരയിലും പൂവിടുന്നതിലും പങ്കെടുക്കാം. 

കന്നി സംക്രമ നാൾ (ശനിയാഴ്ച) രാവിലെ വരച്ച കുറി വൈകുന്നേരം മായ്‌ച്ച് പടിഅപ്പം വെക്കാനായി വീണ്ടും വരച്ചു.വാതിൽ പടികളിൽ പടിഅപ്പം വെക്കുന്നത് വാമനമൂർത്തിക്കുള്ള നിവേധ്യമാണെന്നും പറയപ്പെടുന്നു.
ഉപ്പോ മധുരമോ ചേർക്കാതെ അടരൂപത്തിൽ ചുട്ടെടുക്കുന്ന അപ്പം
പ്ലാവിലയിൽ പടികളിൽ വെച്ച് അതിൽ തിരി തെളിക്കും. ദീപം അണഞ്ഞ ശേഷം ഈ അടയും, പ്രത്യേകമായി മഞ്ഞൾ ഇലയിൽ ഉണ്ടാക്കിയ മധുരമുള്ള അടയോടൊപ്പം വീട്ടിലുള്ളവർ കഴിക്കുന്നതോടെ പൊന്നിൻ ചിങ്ങത്തോട് വിടപറയുന്നതാണ് വടക്കന്റെ ഓണവിശേഷം. 

പാലക്കുന്ന് കഴകത്തിലും വടക്കോട്ട് കർണാടക അതിർത്തി വരെ ഇന്നും നിലനിന്നു പോകുന്ന ചിങ്ങവെള്ളവും പടിഅപ്പവും വാമനമൂർത്തി സങ്കല്പവുമായി ബന്ധപ്പെട്ടാണ് ആചരിച്ചു പോരുന്നതെന്നും ചിങ്ങ വെള്ളം ഗംഗാജല സങ്കൽപമാണെന്നും ഈ വിഷയവുമായി അവഗാഹമായ പഠനം നടത്തിയ ഇളംകുറ്റി പെരുമലയൻ മുകുന്ദൻ പണിക്കരും പാലക്കുന്ന് ക്ഷേത്ര മുഖ്യകർമി സുനീഷ് പൂജാരിയും പറയുന്നു. 

 പൊന്നിൻ ചിങ്ങത്തിന്റെ വരവ് വടക്കർക്ക് ഐശ്വര്യ ദേവത സങ്കല്പമാണ്. ജേഷ്ഠ ഭാഗവതിയെ തമസ്കരിച്ച് ശ്രീപോതിയെ (ശ്രീലക്ഷ്മി) വരവേൽക്കുന്ന മാസമാണ് ചിങ്ങമെന്നും അവർ പറയുന്നു.

പാലക്കുന്നിൽ കുട്ടി

Post a Comment

0 Comments