Top News

മിൻസയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ജന്മനാട്; മൃതദേഹം വീട്ടുമുറ്റത്ത് സംസ്‌കരിച്ചു

കോട്ടയം: ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ മരിച്ച നാലുവയസ്സുകാരി മിൻസാ മറിയം ജേക്കബിന് അന്ത്യാഞ്ജലി അർപ്പിച്ച് ജന്മനാട്. രാവിലെ നെടുമ്പാശ്ശേരിയിൽ എത്തിച്ച മൃതദേഹം ഉച്ചയോടെ കോട്ടയം ചിങ്ങവനത്തെ വീട്ടിൽ പൊതുദർശനത്തിനു വച്ചു. വൈകിട്ട് അഞ്ചുമണിയോടെ മാതാപിതാക്കളുടെ ആഗ്രഹപ്രകാരം വീട്ടുമുറ്റത്ത് സംസ്‌കരിച്ചു.[www.malabarflash.com]


ചിങ്ങവനത്തെ കൊച്ചുപറമ്പിൽ വീടിന്റെ പരിസരത്തെല്ലാം മിൻസ മറിയം ജേക്കബിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയവരുടെ തിരക്കായിരുന്നു. രാവിലെ 10 മണിയോടെ നെടുമ്പാശ്ശേരിയിൽനിന്നു പുറപ്പെട്ട മൃതദേഹം, മകൾ ഓടിനടന്ന മുറ്റത്തേക്കു പ്രവേശിച്ചപ്പോൾ മൃതദേഹത്തെ അനുഗമിച്ച മാതാപിതാക്കളും കുടുംബാംഗങ്ങളും വിങ്ങിപ്പൊട്ടി. 

രണ്ടുദിവസം നീണ്ട പരിശോധനകള്‍ക്കു ശേഷം ചൊവ്വാഴ്ച വൈകിട്ടാണ് മൃതദേഹം മാതാപിതാക്കളായ അഭിലാഷ് ചാക്കോയ്ക്കും സൗമ്യയ്ക്കും വിട്ടുകിട്ടിയത്. മകൾ വീട്ടുമുറ്റത്ത് തന്നെയുണ്ടാവണമെന്ന പിതാവ് അഭിലാഷ് ചാക്കോയുടെ ആഗ്രഹപ്രകാരമാണ് പള്ളിയിലെ ചടങ്ങുകൾ ഒഴിവാക്കി മിൻസയുടെ സംസ്കാരത്തിനായി വീട്ടുമുറ്റത്ത്‌ തന്നെ ഇടമൊരുക്കിയത്.

നാലാം ജന്മദിനാഘോഷം കഴിഞ്ഞ് സ്കൂളിലേക്കുള്ള യാത്രയ്ക്കൊടുവിലായിരുന്നു മിൻസയുടെ ദാരുണ മരണം. സ്കൂൾ ബസിൽ ഇരുന്നു കുട്ടി ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാർ പോയതാണു ദുരന്തത്തിന് ഇടയാക്കിയത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച ഖത്തർ വിദ്യാഭ്യാസ വകുപ്പ് സ്വകാര്യ കിൻഡർ ഗാര്‍ട്ടന്‍ അടപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. കേസിൽ ഇതുവരെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന.

Post a Comment

Previous Post Next Post