മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്ത് - കൊച്ചി വിമാനത്തിന്റെ ചിറകിൽ തീ പിടിച്ചു. വിമാനം പുറപ്പെടുന്നതിന് മുൻപായിരുന്നു സംഭവം. മസ്‌കത്ത് സമയം രാവിലെ 11.20ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 442 നമ്പര്‍ വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്.[www.malabarflash.com]
വിമാനം ടേക് ഓഫ് ചെയ്യുന്നതിന് മുന്നോടിയായി ടാക്‌സിബേയിലേക്ക് നീങ്ങിയപ്പോഴാണ് ഇടതുവശത്തെ ചിറകില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടന്‍ ടേക് ഓഫ് നിര്‍ത്തിവച്ചു യാത്രക്കാരെ എമര്‍ജന്‍സി വാതില്‍ വഴി പുറത്തിറക്കുകയായിരുന്നു. അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ വിമാനത്തിന് മുകളിലേക്ക് വെള്ളം ചീറ്റി തീപടരുന്നത് തടഞ്ഞു.
141 യാത്രക്കാരുമായി പുറപ്പെടാൻ തയാറായ ബോയിങ് 737-800 വിമാനമാണ് അപകടത്തിൽപ്പെട്ടത്. എല്ലാവരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും ഡിജിസിഎ അധികൃതർ വ്യക്തമാക്കി.
അപകടവിവരം ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ ഒരു വിമാനത്തിൽ അടിയന്തര സാഹചര്യം ഉണ്ടായെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അധികൃതരുമായി സംസാരിക്കുന്നുണ്ടെന്നും ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. വിമാനത്താവളത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയും വേണ്ടെന്നും മറ്റു സർവീസുകൾ സാധാരണ പോലെ നടക്കുമെന്നും അധികൃതർ വ്യക്തമാക്കി.
0 Comments