Top News

കണ്ണൂർ സെൻട്രൽ ജയിലിൽ കഞ്ചാവെത്തിച്ച കേസിൽ ഉദുമ സ്വദേശി പിടിയിൽ

കണ്ണൂർ: ഗുഡ്സ് ഓട്ടോറിക്ഷയിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഞ്ചാവെത്തിച്ച കേസിൽ പ്രതി പിടിയിൽ. കാസർകോട് ഉദുമ ബാര കണ്ടത്തിൽ മുഹമ്മദ് ബഷീറി(50)നെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. ഇൻസ്‍പെക്ടർ പി.എ. ബിനു മോഹന്റെ നേതൃത്വത്തിലുള്ള 
പോലീസ് സംഘം കാസർകോടുനിന്നാണ് ഇയാളെ പിടികൂടിയത്. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.[www.malabarflash.com]

ജയിലിലെ പ്രതികളുടെ ആവശ്യപ്രകാരമാണ് ഇയാൾ കഞ്ചാവ് എത്തിച്ചത്. പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൂന്ന് കിലോ കഞ്ചാവാണ് കഴിഞ്ഞയാഴ്ച രാവിലെ ജയിലിൽ എത്തിച്ചത്. നിരീക്ഷണ കാമറകളിൽ വണ്ടിയുടെ നമ്പറടക്കം പതിഞ്ഞിരുന്നു. സ്ഥിരമായി പച്ചക്കറി വൈകീട്ടാണ് എത്തിക്കാറുള്ളത് എന്നതിനാൽ ചില ഉദ്യോഗസ്ഥർക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

ലഹരിപദാർഥങ്ങളും മദ്യവും മൊബൈൽ ഫോണുമെല്ലാം ജയിലിനകത്ത് വിലക്കാണെങ്കിലും തടവുകാർക്ക് ഇതെല്ലാം യഥേഷ്ടം ലഭിക്കുന്നുണ്ട്.

തടവുകാർ സ്ഥിരമായി കഞ്ചാവ് അടക്കമുള്ളവ ഉപയോഗിക്കുന്നുണ്ടെങ്കിലും പരിശോധനകൾ പേരിന് മാത്രമാണെന്നും ആക്ഷേപമുണ്ട്. മദ്യവും പുകയില ഉൽപന്നങ്ങളും മറ്റും മതിൽ വഴി എറിഞ്ഞുകൊടുക്കുന്നതും പതിവാണ്. കഞ്ചാവ് എത്തിച്ചശേഷം കാസർകോട്ടേക്ക് കടന്ന ബഷീറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. 

എ.എസ്.ഐമാരായ അജയൻ, രഞ്ചിത്ത്, സി.പി.ഒ രാജേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post