Top News

അടിവസ്ത്രം മാത്രം ധരിച്ച് ഉറങ്ങുകയായിരുന്ന സുഹൃത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; പ്രവാസി ജയിലില്‍

ദുബൈ: അടിവസ്‍ത്രം മാത്രം ധരിച്ച് ഉറങ്ങുകയായിരുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച പ്രവാസിക്ക് ജയില്‍ ശിക്ഷ. 33 വയസുകാരനായ യുവാവിന് ദുബൈ കോടതി മൂന്ന് മാസം തടവാണ് വിധിച്ചത്. ഒപ്പം ജോലി ചെയ്‍തിരുന്ന സുഹൃത്തിന്റെ ദൃശ്യങ്ങളാണ് അയാളുടെ മുറിയില്‍ കയറി പ്രതി പകര്‍ത്തിയത്.[www.malabarflash.com]


ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിരവധി സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലൂടെയും മറ്റും ഈ വീഡിയോ ക്ലിപ്പ് പങ്കുവെയ്‍ക്കപ്പെട്ടുവെന്ന് ദുബൈ കോടതിയിലെ രേഖകള്‍ പറയുന്നു. ഇതോടെ തന്റെ അനുമതിയില്ലാതെയാണ് തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും അവ പ്രചരിപ്പിച്ചതെന്നും ആരോപിച്ച് യുവാവ് കേസ് ഫയല്‍ ചെയ്‍തു.

പരാതിക്കാരന്‍ ജോലി ചെയ്യുന്ന കമ്പനിയിലെ ഡ്രൈവറായിരുന്നു പ്രതി. ഇയാളുടെ താമസ വിസയുടെ കാലാവധി അവസാനിച്ചിട്ടും കമ്പനി പുതുക്കി നല്‍കിയില്ല. ഇതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ലഭിക്കുന്നതിന് മാനേജുമെന്റുമായി ചര്‍ച്ച നടത്താന്‍ ഇടനിലക്കാരനാവണമെന്ന് ആവശ്യപ്പെടാനായിരുന്നു പ്രതി, പരാതിക്കാരന്റെ മുറിയിലെത്തിയത്. എന്നാല്‍ ആ സമയം മുറിയില്‍ ഉറങ്ങുകയായിരുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇയാള്‍ ഫേസ്‍ബുക്കില്‍ പങ്കുവെച്ചു.

അന്വേഷണത്തിനിടെ യുവാവിനെ ചോദ്യം ചെയ്‍തപ്പോള്‍ അയാള്‍ കുറ്റം സമ്മതിച്ചു. തനിക്ക് കമ്പനിയില്‍ നിന്ന് ശമ്പളം കിട്ടിയില്ലെന്ന കാര്യം പറയാനാണ് പരാതിക്കാരന്റെ മുറിയില്‍ പോയതെന്നും ഇയാള്‍ പറഞ്ഞു. പ്രതിയുടെ കുറ്റസമ്മത മൊഴി കണക്കിലെടുത്ത് കോടതി ഇയാള്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.

Post a Comment

Previous Post Next Post