Top News

കാന്‍സര്‍ രോഗിയായ മുത്തശ്ശിയെ കൊലപ്പെടുത്തി; സ്വാഭാവിക മരണമെന്ന് വരുത്താനും ശ്രമം, മരണാനന്തര ചടങ്ങിലെ സംശയം ചെറുമകനെ കുടുക്കി

കൊല്ലം: കുന്നിക്കോട് കാന്‍സര്‍ രോഗ ബാധിതയായ 90കാരിയെ കൊലപ്പെടുത്തിയ ചെറുമകന്‍ പിടിയില്‍. സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടത്തിയ ഇയാളെ മരണാനന്തര ചടങ്ങുകള്‍ക്കിടെ തോന്നിയ സംശയമാണ് കുടുക്കിയത്. വെട്ടിക്കവല സ്വദേശി പൊന്നമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊന്നമ്മയുടെ മകളുടെ മകന്‍ സുരേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

പൊന്നമ്മയും മകള്‍ സുമംഗലയും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായ സുരേഷ് വെള്ളിയാഴ്ച വൈകിട്ടാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് മുത്തശ്ശിയുമായി വഴക്കിടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ആടിന് തീറ്റകൊടുക്കാന്‍ പുറത്തുപോയിരുന്ന സുമംഗല തിരിച്ചെത്തിയപ്പോഴാണ് വായിലും ദേഹത്തും ചോരയൊലിപ്പിച്ചു കിടക്കുന്ന നിലയില്‍ അമ്മയുടെ മൃതദേഹം കണ്ടത്. കാന്‍സര്‍ രോഗിയായതിനാല്‍ ചോര ഛര്‍ദ്ദിച്ച് മരിച്ചതാണെന്ന് കരുതി.

സ്വാഭാവിക മരണമെന്ന നിലയില്‍ സംസ്‌കാരം നടത്താന്‍ ഒരുങ്ങവെയാണ് തലയിലെ മുറിവും കഴുത്തിലെ പാടും ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ബന്ധുക്കളില്‍ ചിലര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. 

മദ്യലഹരിയില്‍ സുരേഷ് വീട്ടിലെത്തുന്നത് പൊന്നമ്മ എതിര്‍ത്തിരുന്നുവെന്ന് പൊലീസ് പറയുന്നു. അന്വേഷണത്തിനിടെ ആദ്യം മുത്തശ്ശി അസുഖബാധിതയായി മരിച്ചെന്നാണ് സുരേഷ് പറഞ്ഞത്. വെള്ളിയാഴ്ച വീട്ടിലെത്തിയ സുരേഷും മുത്തശ്ശിയുമായി തര്‍ക്കമുണ്ടായി. ഇതിനിടെ കട്ടിലില്‍ തലയിടിപ്പിച്ചും, കഴുത്തുമുറുക്കി ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post