Top News

വിലയ്ക്ക് ചോദിച്ചിട്ട് നല്‍കിയില്ല, പശുവിനെ മോഷ്ടിച്ച് മറിച്ചുവിറ്റു; രണ്ടുപേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: വിലയ്ക്ക് ചോദിച്ചെങ്കിലും പശുവിനെ വില്‍ക്കാന്‍ ഉടമ തയ്യാറായില്ല. ഇതോടെ പശുവിനെ മോഷ്ടിച്ച് മറിച്ചുവിറ്റു. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വെട്ടിക്കാട്ടിരി കുറ്റിമൂച്ചിക്കല്‍ അക്ബര്‍ അലി (27), ആറ്റൂര്‍ കൂമുള്ളുംപറമ്പില്‍ ഇബ്രാഹിം (40) എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]


വെങ്ങാനെല്ലൂര്‍ സ്വദേശിയുടെ കറവപ്പശുവിനെയാണ് ഇവര്‍ മോഷ്ടിച്ചത്. തൊഴുത്തിലുണ്ടായിരുന്ന പശു കെട്ടഴിഞ്ഞുപോയതാണെന്നാണ് ഉടമ വിചാരിച്ചത്. പശുവിനെ അന്വേഷിച്ചുനടക്കുന്നതിനിടെയാണ് ഉദുവടി ഭാഗത്തുനിന്ന് പശുവിനെ മോഷ്ടിച്ചതായി അറിയുന്നത്. ഇതോടെ ചേലക്കര പോലീസില്‍ പരാതി നല്‍കി.

ചേലക്കര ഐ.എസ്.എച്ച്.ഒ. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സി.സി.ടി.വി. പരിശോധിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. 45,000 രൂപയിലധികം വിലമതിക്കുന്ന പശുവിനെ 18,000 രൂപയ്ക്കാണ് പള്ളിക്കല്‍ സ്വദേശിക്ക് മറിച്ചുവിറ്റത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post