ന്യൂ ഡൽഹി: എൻ.ഐ.എ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിനെ കുറിച്ച് കേന്ദ്രം റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയത്. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ സംസ്ഥാനത്ത് വ്യാപകമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കേന്ദ്രത്തിന്‍റെ നീക്കം.[www.malabarflash.com]
ഹർത്താൽ അനുകൂലികൾ മാസ്കും ഹെൽമെറ്റും ധരിച്ച് പലയിടത്തും കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യവാഹനങ്ങളും സ്ഥാപനങ്ങളും ആക്രമിച്ചിരുന്നു. 70 കെ.എസ്.ആർ.ടി.സി ബസുകൾ പ്രതിഷേധക്കാർ കല്ലെറിഞ്ഞ് നശിപ്പിച്ചതായി സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
സ്വകാര്യ വാഹനങ്ങൾക്കും കടകൾക്കും നേരെ ആക്രമണമുണ്ടായി. കണ്ണൂരിൽ രണ്ടിടങ്ങളിലാണ് ബോംബേറുണ്ടായത്. കല്യാശ്ശേരിയിൽ ബോംബുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിലായി. കല്ലേറിലും ബോംബേറിലും 15 പേർക്ക് പരിക്കേറ്റു. കൊല്ലം പള്ളിമുക്കിൽ ബൈക്കിലെത്തിയ അക്രമികൾ പോലീസുകാരെ ഇടിച്ചുവീഴ്ത്തി. കോഴിക്കോട് മാധ്യമ ന്യൂസ് സംഘത്തിന്‍റെ വാഹനത്തിന് നേരെയും ആക്രമണമുണ്ടായി.
ആക്രമണവുമായി ബന്ധപ്പെട്ട് 127 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. 229 പേരെ കരുതൽ തടങ്കലിലാക്കി. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 57 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ചോദ്യം ചെയ്യൽ ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് തുടരുകയാണ്. പ്രതികളെ ഇന്നലെ എട്ട് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. റെയ്ഡിനിടെ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് നേതാക്കളെ തിങ്കളാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും.
0 Comments