Top News

100 രൂപയുടെ പേ ടിഎം ഇടപാട് വഴിതെളിയിച്ചത് 6 കോടിയുടെ കവര്‍ച്ച നടത്തിയ പ്രതികളിലേക്ക്

ന്യൂഡല്‍ഹി: നൂറ് രൂപയുടെ പേ ടിഎം ഇടപാട് നടത്തിയതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആറ്‌ കോടി രൂപയുടെ കവര്‍ച്ച നടത്തിയ പ്രതികളെ പിടിച്ച് ഡല്‍ഹി പോലീസ്. രാജസ്ഥാനിലെ ജയ്പുരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.[www.malabarflash.com]


സെന്‍ട്രല്‍ ഡല്‍ഹിയിലെ പഹാര്‍ഗഞ്ച് പ്രദേശത്ത് ബുധനാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. പോലീസുകാരെന്ന വ്യാജേന മൂന്ന്‌ പേര്‍ കൂറിയര്‍ കമ്പനിയുടെ രണ്ട് എക്‌സിക്യൂട്ടീവുകളെയാണ് കൊള്ളയടിച്ചത്. ഇവരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് ആറ്‌ കോടിയോളം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ തട്ടിയെടുത്ത് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. 

പഹാര്‍ഗഞ്ചില്‍ പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലാണ് സംഭവം നടന്നത്. പ്രതികളിലൊരാള്‍ പോലീസ് യൂണിഫോമിലായിരുന്നു. പോലീസുകാരനാണെന്നും ബാഗ് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് കൂറിയര്‍ കമ്പനി ജീവനക്കാരുടെ അടുത്തെത്തിയത്. പിന്നീട് രണ്ടു പേര്‍ കൂടി എത്തി. തുടര്‍ന്ന് മുളക് പൊടി കണ്ണിലെറിഞ്ഞ ശേഷം ജീവനക്കാരുടെ കൈയിലുണ്ടായിരുന്ന ആഭരണങ്ങള്‍ നിറച്ച രണ്ടു ബാഗുകളുമായി രക്ഷപ്പെടുകയായിരുന്നു.

ആഭരണങ്ങളും പുരാവസ്തുക്കളുമടക്കം വിലകൂടിയ വസ്തുക്കള്‍ കൈമാറ്റം ചെയ്യുന്ന കൂറിയര്‍ കമ്പനിയിലെ ജീവനക്കാരാണ് പരാതിക്കാര്‍. സംഭവ ദിവസം രാവിലെ 4.30ന് ഛത്തീസ്ഗഢിലേക്കും ലുധിയാനയിലേക്കുമുള്ള ആഭരണങ്ങളുമായി ഇവര്‍ ഓഫീസില്‍ നിന്നിറങ്ങി. ഇവര്‍ ഓഫീസില്‍ നിന്ന് തങ്ങളുടെ വാഹനത്തിലേക്ക് നടന്ന് പോകുന്ന വഴി പ്രതികള്‍ നേരത്തെ മനസ്സിലാക്കിയിരുന്നു.

കവര്‍ച്ചയ്ക്ക് മുമ്പുള്ള 15 ദിവസം പ്രതികള്‍ കൂറിയര്‍ കമ്പനിയുടെ സമീപത്തായി നിരീക്ഷണം നടത്തിയിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സ്ഥിരമായി ഇവിടെ നിരീക്ഷണം നടത്തുന്ന സംശയാസ്പദകരമായ ചിലരെ പോലീസ് തിരിച്ചറിഞ്ഞു. ഇതില്‍ ഒരു സിസിടിവി വീഡിയോയില്‍, പ്രതികളിലൊരാള്‍ സമീപത്തുള്ള ചായകടകയ്ക്ക് പുറത്ത് നിന്ന് ചായ കുടിക്കുന്നതായി കാണാമായിരുന്നു. 

കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഒരു സ്വകാര്യ ടാക്‌സി ഡ്രൈവറെ തടഞ്ഞു നിര്‍ത്തുകയും അയാളില്‍ നിന്ന് 100 രൂപ വാങ്ങുകയും ചെയ്തു. ടാക്‌സി ഡ്രൈവറോട് സംസാരിക്കുന്നതിനിടെ ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും കാണാം' ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചായ കടക്കാരനെ ചോദ്യം ചെയ്തു. പ്രതി ചായ വാങ്ങി കുടിച്ചെന്നും എന്നാല്‍ പണമില്ലെന്ന്‌ പറയുകയും ചെയ്തതായി ചായക്കട ഉടമ പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ ടാക്‌സി ഡ്രൈവറെ തടഞ്ഞു നിര്‍ത്തുകയും 100 രൂപ വാങ്ങി തനിക്ക് കൈമാറിയെന്നും കടയുടമ വ്യക്തമാക്കി. പകരമായി ടാക്‌സി ഡ്രൈവര്‍ക്ക് പ്രതി 100 രൂപ ഫോണിലൂടെ അയച്ച് നല്‍കിയതായും കടയുടമ സ്ഥിരീകരിച്ചു.

തുടര്‍ന്ന് പോലീസ് ടാക്‌സി ഡ്രൈവര്‍ക്കായി അന്വേഷണം ആരംഭിച്ചു.ഇതിനായി പേ ടിഎം കമ്പനിയേയും സമീപിച്ചു. പേ ടിഎം കമ്പനി ടാക്‌സി ഡ്രൈവര്‍ക്ക് 100 രൂപ കൈമാറിയ പ്രതിയുടെ നമ്പര്‍ പോലീസിന് കൈമാറി. നജഫ്ഗഡ് സ്വദേശിയാണ് പ്രതിയെന്ന് പോലീസ് ഇതിലൂടെ കണ്ടെത്തി.

അന്വേഷണത്തിന്റെ ഭാഗമായി പോലീസ് 700 ലധികം സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്.

Post a Comment

Previous Post Next Post