Top News

സ്വാതന്ത്ര്യം ആസ്വദിക്കാൻ എല്ലാ ഇന്ത്യക്കാർക്കും അവകാശമുണ്ട്: കാന്തപുരം

കോഴിക്കോട്: ജാതി മത ഭേദമന്യേ ഇന്ത്യക്കാർ എന്ന ഒറ്റപരിഗണയിൽ എല്ലാ വിഭാഗം ജനങ്ങളും ഒത്തുചേർന്ന് പരിശ്രമിച്ചതിന്റെ ഫലമായാണ് നമുക്ക് വൈദേശിക ശക്തികളിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചതെന്നും ഇന്ത്യക്കാർ മുഴുവൻ ഒന്നായി നേടിയെടുത്തപോലെ അത് ആസ്വദിക്കാനും മുഴുവൻ ഇന്ത്യക്കാർക്കും അവകാശമുണ്ടെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ.[www.malabarflash.com]

ആ അവകാശം ആരെങ്കിലും നിഷേധിക്കാൻ ശ്രമിക്കുന്നത് രാജ്യത്തിന്റെ നന്മക്കും നീതിക്കും എതിരാണെന്നും അദ്ദേഹം സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ വ്യക്തമാക്കി.

രാജ്യം സ്വതന്ത്ര റിപ്പബ്ലിക് ആണെന്ന് കരുതി എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ആർക്കുമില്ല. ഭരണഘടനയും നിയമവും അനുവദിക്കുന്ന രൂപത്തിൽ, മറ്റാരുടെയും സ്വസ്ഥത ഹനിക്കാത്ത രീതിയിലാവണം ഏവരുടെയും ഇടപെടൽ. അക്രമത്തിലേക്കും അനീതിയിലേക്കും നീങ്ങുന്ന വിധത്തിലുള്ള അതിരുവിട്ട പ്രവർത്തനങ്ങൾ ചെയ്യാനുള്ള പ്രേരകമാവരുത് നമ്മുടെ ഉള്ളിലുള്ള സ്വാതന്ത്ര്യ ചിന്തകൾ.

എപ്പോഴും മറ്റേത് രാജ്യത്തിന് മുമ്പിലും ഐക്യവും അഖണ്ഡതയും നഷ്ടമാകാത്ത രൂപത്തിൽ ഇന്ത്യാ രാജ്യത്തെ ഉയർത്തിക്കൊണ്ടുവരാൻ ഏത് കാലത്തുമുള്ള ഭരണാധികാരികൾ ശ്രമിക്കുകയും പ്രവർത്തിക്കുകയും വേണം.
വൈജാത്യങ്ങൾ ഉൾക്കൊണ്ട് കോടിക്കണക്കിന് ജനങ്ങളെ ഒരുമിച്ചു നിർത്തുന്ന വികാരമാണ് ഇന്ത്യ. വൈജാത്യങ്ങളെ നശിപ്പിക്കാനും ഒന്നിന് മീതെ മേൽക്കോയ്മ നേടാൻ അതിരുവിട്ട പ്രവർത്തനങ്ങൾ നടത്താനും ശ്രമിക്കുമ്പോൾ സ്വസ്ഥ ജീവിതത്തിനും സ്വാതന്ത്ര്യത്തിനുമാണ് മുറിവേൽക്കുന്നത്. വൈജ്യാത്യങ്ങൾ നിലനിൽക്കുമ്പോഴാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം എല്ലാവർക്കും സന്തോഷത്തോടെ അനുഭവിക്കാൻ കഴിയുന്നതെന്നും കാന്തപുരം പറഞ്ഞു.

Post a Comment

Previous Post Next Post