Top News

ആശുപത്രിയിൽ ജനറേറ്ററും പിക്കപ്പ് വാനും കത്തിച്ച കേസിലെ പ്രതി അറസ്റ്റിൽ

ആലുവ: നജാത്ത് ഹോസ്പിറ്റലിൽ ആക്രമണം നടത്തി ജനറേറ്റർ യൂനിറ്റും പിക്കപ്പ് വാനും കത്തിച്ച കേസിലെ പ്രതി അറസ്റ്റിൽ. കടുങ്ങല്ലൂർ ഏലൂക്കര പുന്നേൽക്കടവ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കുന്നംകുളം കേച്ചേരി നാലകത്ത് വീട്ടിൽ നിഷാദ് മുഹമ്മദലി (26) ആണ് ആലുവ പോലീസിൻറെ പിടിയിലായത്.[www.malabarflash.com]

കഴിഞ്ഞ 12 ന് രാത്രി പത്തരയോടെയാണ് സംഭവം. പരിക്കേറ്റ് ആശുപത്രിയിൽ ചിക്കിത്സക്കെത്തിയ ഇയാൾ ആശുപത്രിയിൽ എത്തിച്ചവരുമായി തട്ടിക്കയറുകയായിരുന്നു. തുടർന്ന് ആശുപത്രിയുടെ ജനറേറ്റർ യൂനിറ്റും വാഹനവും കത്തിച്ചു കടന്നു കളഞ്ഞു. ഇയാൾ ആസൂത്രിതമായാണ് തീവച്ചതെന്ന് ആശുപത്രി അധികൃതർ സംശയിക്കുന്നു.

ഒളിവിൽ പോയ നിഷാദിനെ പിടികൂടുന്നതിന് ജില്ല പോലീസ് മേധാവി വിവേക് കുമാറിൻറെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൽ തൊടുപുഴയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പരാതിയിൽ പറയുന്നത്. ഇയാൾക്കെതിരെ ആലുവ ലക്ഷ്മി, മൂവാറ്റുപുഴ സബൈൻ എന്നി ആശുപത്രികളിലും ആക്രമണം നടത്തിയതിനും കേസുണ്ട്. അടിപിടിക്കേസിലും പ്രതിയാണ്. ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

ഇൻസ്പെക്ടർ എൽ.അനിൽകുമാർ, എസ്.ഐമാരായ സി.ആർ.ഹരിദാസ്, അബ്ദുൽ റൗഫ്, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം.മനോജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post