Top News

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം: എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് അടിച്ചു തകര്‍ത്തതിലാണ് നടപടി. പകരം ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിക്ക് ചുമതല നല്‍കിയിട്ടുമുണ്ട്.[www.malabarflash.com]


സ്ഥലത്ത് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി പരിശോധന നടത്തിയിരുന്നു. നിലവില്‍ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറിയായ എല്‍ദോസ് കണ്‍വീനറായാണ് ഏഴംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. തുടര്‍നടപടികള്‍ അഡ്ഹോക്ക് കമ്മിറ്റിയായിരിക്കും തീരുമാനിക്കുക. ഞായറാഴ്ച സംസ്ഥാനകമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഇതിലാണ് പിരിച്ചുവിടാനുള്ള തീരുമാനമെടുത്തത്.

രാഹുലിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും എസ്എഫ്ഐയെ തള്ളിപ്പറഞ്ഞിരുന്നു. വിഷയം സിപിഎമ്മിനെ വലിയ രീതിയില്‍ പ്രതിസന്ധിയിലുമാക്കിയിരുന്നു. സംഭവത്തില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ജില്ലാകമ്മിറ്റിയെ പിരിച്ചുവിട്ടുകൊണ്ട് സംഘടനാനടപടി വന്നിരിക്കുന്നത്.

സംഭവം സിപിഎമ്മിന് ദേശീയതലത്തില്‍ തന്നെ അവമതിപ്പുണ്ടാക്കിയ പശ്ചാത്തലത്തിലാണ് നേതൃത്വവും മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തെ തള്ളിപ്പറഞ്ഞത്. ആക്രമണം നടന്നതിന് പിന്നാലെ എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തേയും അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനുവിനേയും എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തിയിരുന്നു.

Post a Comment

Previous Post Next Post