NEWS UPDATE

6/recent/ticker-posts

സിപിഎം ഇല്ലാത്ത കേരളം വിനാശകരം: സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: കേരളത്തിലെ ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ ശക്തമായ നിലപാടിനെ പ്രകീര്‍ത്തിച്ച് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യമുള്ളത് കൊണ്ടും ശക്തമായ ന്യൂനപക്ഷ സമുദായങ്ങള്‍ ഉള്ളതുകൊണ്ടുമാണ് വര്‍ഗീയതയെ ചെറുക്കുന്നതില്‍ കേരളം മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.[www.malabarflash.com]

ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതാടൊപ്പം കോണ്‍ഗ്രസ് ഇല്ലെങ്കില്‍ കേരളം എങ്ങനെയിരിക്കും എന്നുകൂടി ചിന്തിക്കണമെന്നും സാദിഖലി ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. സിപിഎമ്മില്ലാത്ത കേരളത്തെപ്പോലെത്തന്നെ വിനാശകരമായിരിക്കും അതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 

ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഫാഷിസത്തെ ചെറുക്കാനും എല്ലാ പാര്‍ട്ടികളും, കോണ്‍ഗ്രസ്, സിപിഎം, ഐയുഎംഎല്‍ ഉള്‍പ്പെടെ, ഇവിടെ ഉണ്ടാകണം എന്നതാണ് ലീഗിന്റെ നിലപാടെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി.

ഒരേ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്സിനെ കുറിച്ച് ലീഗ് അദ്ധ്യക്ഷന്‍ ഇത്തരത്തില്‍ ഒരു അഭിപ്രായപ്രകടനം നടത്തുക സ്വാഭാവികമാണെങ്കിലും, 'രാഷ്ട്രീയ എതിരാളിയായ സി.പി.എം ഇല്ലാത്ത കേരളം 'വിനാശകരമാകുമെന്ന് സാദിഖലി പരസ്യമായി തുറന്നു പറഞ്ഞത് രാഷ്ട്രീയനിരീക്ഷകരെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉള്ളതുകൊണ്ടു കൂടിയാണ്, കാവി രാഷ്ട്രീയത്തെ ചെറുക്കുന്നതില്‍ കേരളം മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്ന പ്രതികരണവും, ചൂടുള്ള ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. ഈ അഭിമുഖത്തില്‍ ഒരിടത്തും സി.പി.എമ്മിനെയോ ഇടതുപക്ഷ മുന്നണിയേയോ വിമര്‍ശിക്കാനും ലീഗ് അദ്ധ്യക്ഷന്‍ തയ്യാറായിട്ടില്ല. ഇടതുപക്ഷത്ത് ചേരാന്‍ തല്‍ക്കാലം ആലോചനയില്ലന്ന് അദ്ദേഹം തുറന്നുപറഞ്ഞെങ്കിലും, ഭാവിയിലെ സാധ്യതയെ കുറിച്ച് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 

സീതാറാം യെച്ചൂരി പോലും കോണ്‍ഗ്രസിനെ പിന്തുണക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നു എന്ന് പറഞ്ഞാണ്, യു.ഡി.എഫില്‍ തുടരേണ്ടതിന്റെ ആവശ്യകത അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര മുന്നണിയെ ശക്തിപ്പെടുത്തുകയാണ് ലീഗിന്റെ ഇപ്പോഴത്തെ ലക്ഷ്യം. 

ദക്ഷിണേന്ത്യയില്‍ ഏറെ സ്വീകാര്യതയുള്ള നേതാവായി ഉയര്‍ത്തിക്കാട്ടുന്ന എം.കെ സ്റ്റാലിന്‍ പോലും രാഹുല്‍ ഗാന്ധിയെയാണ് ഇന്ത്യയുടെ നേതാവായി ഉയര്‍ത്തിക്കാട്ടുന്നതെന്നു പറഞ്ഞാണ് കോണ്‍ഗ്രസ് സഖ്യത്തെ ലീഗ് അദ്ധ്യക്ഷന്‍ ന്യായീകരിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ നേരിടുന്ന ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് അത് പരിഹരിക്കേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണെന്ന് ഓര്‍മ്മപ്പെടുത്താനും അദ്ദേഹം മറന്നിട്ടില്ല. 

സഖ്യത്തിലുള്ള മറ്റുള്ളവര്‍ക്ക് അവരെ സഹായിക്കാന്‍ മാത്രമേ കഴിയൂ. തെരഞ്ഞെടുപ്പ് സഖ്യങ്ങളും തന്ത്രങ്ങളും വിപുലീകരിക്കാന്‍ കോണ്‍ഗ്രസ്സ് കഠിനമായി പരിശ്രമിക്കണമെന്നും സാദിഖലി ആവശ്യപ്പെട്ടു.
മതനിരപേക്ഷ ശക്തികളെ ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കണം. സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ അതിനെ പിന്തുണക്കുകയും വേണം. സിപിഎമ്മിന് കോണ്‍ഗ്രസുമായുള്ള പ്രശ്‌നം ഇന്ത്യയിലാകെയുള്ളതല്ല, മറിച്ച് അത് കേരളത്തില്‍ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുമ്പോഴും, അവരുടെ ദൗര്‍ബല്യങ്ങള്‍ തുറന്നുപറയുന്ന നിലപാടാണ് അഭിമുഖത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. അതേസമയം അത്തരത്തിലുള്ള ഒരു വിമര്‍ശനവും സി.പി എമ്മിനെതിരെ ഉന്നയിച്ചിട്ടുമില്ല. വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ കൂടി കോണ്‍ഗ്രസ്സ് തകര്‍ന്നടിഞ്ഞാല്‍, മുന്നണി മാറ്റത്തിനുള്ള സാധ്യത നിലനിര്‍ത്തി തന്നെയാണ് ലീഗ് അദ്ധ്യക്ഷന്‍ പ്രതികരണം അവസാനിപ്പിച്ചിരിക്കുന്നത്.

Post a Comment

0 Comments