NEWS UPDATE

6/recent/ticker-posts

ടീമിനെ വിജയിപ്പിച്ചെങ്കിലും അവൻ മടങ്ങി; പ്രിയ കൂട്ടുകാരന്റെ കല്ലറയിൽ ട്രോഫിയും അടക്കംചെയ്ത് കൂട്ടുകാർ

ചെന്നൈ: അവസാന ശ്വാസംവരെ ടീമി​നുവേണ്ടി പൊരുതിയാണവൻ മടങ്ങിയത്. അവന് നൽകാൻ കുട്ടുകാർ തെരഞ്ഞെടുത്തത് അവൻ ജീവൻ കൊടുത്ത് നേടിയെടുത്ത ട്രോഫിയും. സേലത്താണ് നൊമ്പരമുണർത്തുന്ന കാഴ്ച്ചകൾ അരങ്ങേറിയത്. കബഡി മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നു കളിക്കളത്തില്‍ മരിച്ചുവീണ താരത്തിനു സഹകളിക്കാര്‍ നല്‍കിയ അന്ത്യയാത്രമൊഴിയാണ് സമൂഹമാധ്യമങ്ങളില്‍ നൊമ്പരമായത്.[www.malabarflash.com]


കടലൂര്‍ പുറങ്കണി സ്വദേശിയായ വിമല്‍രാജ് (22) ആണ് കഴിഞ്ഞ ദിവസം കളിക്കിടെ മരിച്ചത്. പ്രിയപ്പെട്ടവന്‍ ഇടറിവീണിട്ടും പതറാതെ പൊരുതിനേടിയ ട്രോഫി സഹകളിക്കാർ വിമൽരാജിന്റെ മൃതദേഹത്തിനൊപ്പം ചേര്‍ത്തുവച്ചു സംസ്കരിക്കുന്ന വൈകാരിക രംഗങ്ങള്‍ ആരുടെയും കണ്ണുനനയിക്കും. തമിഴ്നാട്ടിലെ കടലൂരില്‍നിന്നുള്ളതാണ് ഈ കാഴ്ചകള്‍.

സേലത്ത് സ്വകാര്യ കോളേജ് വിദ്യാർഥിയാണ് വിമല്‍രാജ്. മികച്ച കബഡി താരമായിരുന്ന വിമൽ ജില്ലാ അടിസ്ഥാനത്തിലുള്ള കബഡി മത്സരങ്ങില്‍ പങ്കെടുക്കുമായിരുന്നു. ഗ്രാമത്തിലെ മുരട്ടുകാളൈ എന്ന ക്ലബിനെ വിജയത്തിലേക്കു നയിച്ചിരുന്ന കുന്തമുനകൂടിയായിരുന്നു അയാൾ. കഴിഞ്ഞ ദിവസം പന്‍‌റുട്ടിയില്‍ നടന്ന ജില്ലാതല മല്‍സരത്തിനിടെ വിധി ഇറങ്ങിക്കളിച്ചു. എതിര്‍ടീമിന്റെ കളത്തില്‍ പോയി മടങ്ങുന്നതിനിടെ വിമല്‍ കുഴഞ്ഞുവീഴുകയായിരുന്നു.

വിമലിന്റെ ടീം മുന്നേറുമ്പോഴായിരുന്നു അത്യാഹിതം. കളി വിമലിന്റെ സുഹൃത്തുക്കൾ മൊബൈൽ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു. ഇതിൽ അദ്ദേഹം മത്സരത്തിൽ ഒരാളെ പിടിക്കാൻ ശ്രമിച്ചു പിന്നിൽ വീഴുന്നത് കാണാം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. വേദന കടിച്ചമര്‍ത്തി സഹതാരങ്ങള്‍ കളി പൂര്‍ത്തിയാക്കി, വിജയവും നേടി.

പ്രിയപ്പെട്ടവനു യാത്രയപ്പു നല്‍കാന്‍ ട്രോഫിയുമായാണ് ടീമംഗങ്ങൾ മോര്‍ച്ചറിയിലെത്തിയത്. ടീമിന്റെ വിജയം ആഘോഷിക്കുന്നതു പോലെയുള്ള ബൈക്ക് റാലി നടത്തിയാണു വിമലിനെ അവസാനമായി വീട്ടിലേക്കാനയിച്ചത്. കളിയിൽ നേടിയ ട്രോഫി അവനു തന്നെ സമര്‍പ്പിച്ചു. വിമലിന്റെ മൃതദേഹത്തോടൊപ്പം ട്രോഫി വയ്ക്കുന്നതു കണ്ടപ്പോള്‍ പലരും അലറിക്കരയുകയായിരുന്നു. കഴിഞ്ഞമാസം മൈസൂരില്‍ കിക്ക്‌ബോക്‌സിങ് താരവും ഇത്തരത്തില്‍ മരണപ്പെട്ടിരുന്നു. ബോക്‌സിങ് റിംഗില്‍ വച്ചാണ് 24കാരനായ നിഖില്‍ മരണപ്പെട്ടത്.

Post a Comment

0 Comments