Top News

രണ്ട് സ്വർണബിസ്കറ്റ് വിഴുങ്ങിയ ആൾ തിരികെ നൽകിയത് ഒന്നുമാത്രം; തട്ടിക്കൊണ്ടുപോയി സ്വർണക്കടത്ത് സംഘം

മുംബൈ: സ്വർണം കടത്തിയ ആളെ തട്ടി​ക്കൊണ്ടുപോയി വിലപേശി അന്താരാഷ്ട്ര റാക്കറ്റ്. ദുബായിൽ നിന്ന് മുംബൈയിലേക്ക് സ്വർണം കടത്തിയ ആളെയാണ് അന്താരാഷ്ട്ര സ്വർണ മാഫിയയിൽപ്പെട്ടവർ തട്ടി​ക്കൊണ്ടുപോയത്.[www.malabarflash.com]

രണ്ട് സ്വർണ ബിസ്കറ്റുകൾ വിഴുങ്ങിയായിരുന്നു തെലങ്കാന സ്വദേശി ദുബൈയിൽ നിന്ന് മുംബൈയിലേക്ക് പറന്നത്. എന്നാൽ മുംബൈയിൽ വച്ച് ഇയാൾ കൈമാറിയത് ഒരു ബിസ്കറ്റ് മാത്രവും. ഇതോടെയാണ് പ്രകോപിതരായ മാഫിയാ സംഘം ഇയാളെ തട്ടിക്കൊണ്ടുപോയി മർദിച്ചതും 15 ലക്ഷം രൂപ ആവശ്യപ്പെട്ടതും.

സംഭവത്തെക്കുറിച്ച് മുംബൈ പോലീസ് പറയുന്നതിങ്ങനെ:
തെലങ്കാന സ്വദേശിയായ ശങ്കർ മത്തമല്ല (45) യാണ് ദുബൈയിൽ നിന്ന് മുംബൈയിലേക്ക് സ്വർണം കടത്തിയത്. 160 ഗ്രാം വരുന്ന രണ്ട് സ്വർണ ബിസ്കറ്റുകളാണ് ഇയാൾ വിഴുങ്ങിയത്. ജൂൺ 22ന് മുംബൈയിൽ വന്നിറങ്ങിയ ഇയാളുടെ ഒപ്പം സ്വർണക്കടത്ത് റാക്കറ്റിലെ അബു എന്നയാളും ഉണ്ടായിരുന്നു. 

വിമാനത്താവങ്ങളത്തിൽ ഇറങ്ങിയ ഇയാളും അബുവും സമീപത്തെ ഹോട്ടലിലേക്കുപോയി. ഇവിടെവച്ച് ഒരു സ്വർണ ബിസ്കറ്റ് ശങ്കർ വിസർജിച്ചു. എന്നാൽ ഒരെണ്ണം പുറത്തേക്ക് വന്നില്ല. ഇതോടെ പ്രകോപിതനായ അബു മറ്റ് സംഘാംഗങ്ങളെ വിളിച്ചുവരുത്തി. തുടർന്ന് സ്വർണം പുറത്തുവരുന്നതിനായി എല്ലാവരും ഒരു ദിവസം ഹോട്ടലിൽ കഴിച്ചുകൂട്ടി. എന്നാൽ രണ്ടാം ദിവസവും സ്വർണം പുറത്തേക്ക് വന്നില്ല. ഇതോടെ സ്വർണക്കടത്ത് സംഘം ശങ്കറിനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പിന്നീട് സംഘം ഇയാളെ വിമാനത്തിൽ ചെന്നൈയിലേക്കും തുടർന്ന് ട്രിച്ചിയിലേക്കും അവിടന്ന് പുതുച്ചേരിയിലേക്കും കൊണ്ടുപോയി. ജൂൺ 27ന് ശങ്കറിന്റെ കുടുംബത്തോട് 15 ലക്ഷം രൂപ ഇവർ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ ചെയ്തു. ശങ്കറിനെ ബന്ദിയാക്കിയ ഫോട്ടോകൾ കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് ശങ്കറിന്റെ മകൻ ഹരീഷ് പോലീസിൽ പരാതി നൽകുകയായിരുന്നു.

മുംബൈ പോലീസ് ഫോൺ കോളുകൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശങ്കർ പുതുച്ചേരിയിൽ ഉണ്ടെന്ന് മനസിലായി. ഇതിനിടെ പോലീസ് ശങ്കറിനൊപ്പം വിമാനത്തിൽ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശിയായ അബു എന്ന ഔറംഗസീബ് അക്ബർ (38), കൂട്ടാളി വിജയ് എന്ന പുര വിജയ് വാസുദേവൻ (25) എന്നിവരെ പിടികൂടിയിരുന്നു. ഇവരിൽ നിന്നാണ് മുഖ്യ സൂത്രധാരനായ ഹാജ കമാലുദ്ദീൻ മജീദ് എന്ന രാജയെപ്പറ്റി വിവരം ലഭിക്കുന്നത്.

പുതുച്ചേരിയിൽ പോലീസ് എത്തിയതും തങ്ങളുടെ കൂട്ടാളികളെ പിടികൂടിയതും അറിഞ്ഞ കള്ളക്കടത്ത് സംഘം ശങ്കറിനെ പുതുച്ചേരിയിലെ കരികാലി റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പിടിയിലായ രണ്ടുപേരെ 7 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിട്ടുണ്ടെന്നും സൂത്രധാരനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും മുംബൈ, സിയോൺ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ മനോജ് ഹിർലേക്കർ പറഞ്ഞു. 

രണ്ടാമത്തെ സ്വർണബിസ്കറ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ, മുംബൈയിൽ ഇറങ്ങുന്നതിന് മുമ്പ് താൻ അറിയാതെ അത് വിസർജിച്ച് പോയിരിക്കാമെന്ന് ശങ്കർ പറഞ്ഞതായും പോലീസ് പറയുന്നു.

Post a Comment

Previous Post Next Post