NEWS UPDATE

6/recent/ticker-posts

രാമപുരം പഞ്ചായത്ത് യുഡിഎഫിന് നഷ്ടമായി; കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണം പിടിച്ചു

കോട്ടയം: കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പിന്തുണയോടെ രാമപുരം പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചു. കഴിഞ്ഞ ദിവസംവരെ യുഡിഎഫിന്റെ പ്രസിഡന്റായിരുന്ന ആള്‍ എല്‍ഡിഎഫിന്റെ പ്രസിഡന്റായി.[www.malabarflash.com]. 

മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റു കൂടിയായ കോണ്‍ഗ്രസ് വിമത ഷൈനി സന്തോഷ്, എല്‍.ഡി.എഫിന്റെയും സ്വതന്ത്ര മെമ്പര്‍മാരുടെയും പിന്തുണയോടെയാണ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 18 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ ഷൈനിക്ക് എട്ട് വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി യു.ഡി.എഫിലെ ലിസമ്മ മത്തച്ചന് ഏഴ് വോട്ടും ലഭിച്ചു.

രാമപുരം പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ആറ് അംഗങ്ങളും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് രണ്ടംഗങ്ങളുമാണുള്ളത്. ഈ എട്ടംഗങ്ങളുടെ പിന്തുണയോടെയാണ് നേരത്തെ യുഡിഎഫ് അധികാരം പിടിച്ചത്. ഇവിടെ കേരള കോണ്‍ഗ്രസ്(എം)-ന് അഞ്ച് അംഗങ്ങളും രണ്ട് സ്വതന്ത്ര അംഗങ്ങളും ഉള്‍പ്പെടെ ഏഴ് അംഗങ്ങളായിരുന്നു എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. ഷൈനി സന്തോഷ് രാജിവെച്ച് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ എട്ടംഗങ്ങളുടെ പിന്തുണയോടെ എല്‍ഡിഎഫ് അധികാരം പിടിക്കുകയായിരുന്നു.

യുഡിഎഫിലെ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പ്രസിഡന്റായിരുന്ന ഷൈനി നേരത്തെ രാജിവെച്ചത്. തനിക്ക് യുഡിഎഫ് അംഗങ്ങളുടെ പിന്തുണ ലഭിച്ചിരുന്നില്ലെന്ന് രാജിവെച്ചശേഷം അവര്‍ പറഞ്ഞിരുന്നു. രണ്ട് ഘട്ടമായി നടന്ന വോട്ടെടുപ്പിലൂടെയാണ് ഷൈനി തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ ഘട്ടത്തിലും ഷൈനിക്ക് എട്ട് വോട്ട് കിട്ടിയിരുന്നു. ആദ്യഘട്ടത്തില്‍ കുറഞ്ഞ വോട്ട് (3) കിട്ടിയ ബി.ജെ.പി രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പില്‍ ഉണ്ടായിരുന്നില്ല.

വലിയ കോഴ ഇടപാടാണ് കൂറുമാറ്റത്തിന്റെ ഭാഗമായി നടന്നതെന്ന് യുഡിഎഫ് ആരോപിക്കുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം ഷൈനി സന്തോഷിനെതിരേ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

Post a Comment

0 Comments