Top News

കള്ളനോട്ടുകളുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; നോട്ടടിക്കുന്നത് വീട്ടിൽ വെച്ച്

തൃശൂര്‍: നൂറ്, അമ്പത് രൂപയുടെ കള്ളനോട്ടുകളുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കട്ടിലപൂവം കോട്ടപ്പടി വീട്ടില്‍ ജോര്‍ജി(37)നെയാണ് അയ്യന്തോള്‍ ചുങ്കത്ത് വെച്ച് തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. എസ് ഐ. കെ സി ബൈജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബീഷ് ആന്റണി, സിറില്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് നൂറ് രൂപയുടെ 24ഉം 50 രൂപയുടെ 48ഉം കള്ളനോട്ടുകൾ പോലീസ് പിടിച്ചെടുത്തു.[www.malabarflash.com]


ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നോട്ട് പ്രിന്റ് ചെയ്യാന്‍ ഉപയോഗിച്ച കാനണ്‍ കമ്പനിയുടെ പ്രിന്ററും ഒരു വശം അച്ചടിച്ച പേപ്പറുകളും പിടികൂടി. കഴിഞ്ഞ ദിവസം ഒരു വയോധിക ഇയാളിൽ നിന്ന് 500 രൂപക്ക് ചില്ലറ വാങ്ങിയിരുന്നു. 200 രൂപയുടെയും ഒരു 100 രൂപയുടെയും നോട്ടുകളാണ് ലഭിച്ചത്. സമീപത്തെ കടയില്‍ കൊടുത്തപ്പോള്‍ കള്ളനോട്ടുകളാണെന്ന് മനസ്സിലായതോടെ സ്ഥലത്ത് വെച്ച് കത്തിച്ച് കളഞ്ഞിരുന്നു. ഇതേക്കുറിച്ച് ആരോടും പറയുകയോ പരാതി കൊടുക്കുകയോ ചെയ്യാതെ ഓട്ടോയുടെ വിവരങ്ങള്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് വെസ്റ്റ് പോലീസ് പ്രതിയെ പിടികൂടിയത്. പ്രായമായവരെയും അന്യ സ്ഥലങ്ങളില്‍ നിന്ന് വരുന്നവരെയുമാണ് പ്രതി സ്ഥിരമായി കള്ളനോട്ട് ചില്ലറയായി നല്‍കി കബളിപ്പിച്ചിരുന്നത്. ചെറിയ തുകയല്ലേ എന്ന് കരുതി കബളിക്കപ്പെട്ടവര്‍ പരാതി നല്‍കാത്തതാണ് പ്രതിക്ക് പ്രോത്സാഹനമായത്. എസ് ഐ രമേഷ് കുമാര്‍ , സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ അലക്‌സാര്‍, സുനീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post