NEWS UPDATE

6/recent/ticker-posts

കണ്ണൂർ മയ്യിലിലെ പോലീസിന്‍റെ 'വിചിത്ര' സർക്കുലറില്‍ നടപടി; എസ്എച്ച്ഒയെ സ്ഥലം മാറ്റി

കണ്ണൂര്‍: പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ മയ്യില്‍ പോലീസ് മുസ്ളിം പള്ളിക്കമ്മറ്റിക്ക് വിചിത്ര നോട്ടീസ് നൽകിയ സംഭവത്തിൽ നടപടി. മയ്യിൽ എസ് എച്ച് ഒ ബിജു പ്രകാശിനെ സ്ഥലം മാറ്റി. തലശ്ശേരി കോസ്റ്റൽ പോലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം. ധർമടം എസ് എച്ച് ഒ ടി പി സുമേഷിനെ മയ്യിലിൽ നിയമിച്ചു. തലശ്ശേരി കോസ്റ്റലിൽ നിന്ന് കെ വി സുമേഷിനെ ധർമ്മടത്തും നിയമിച്ചു.[www.malabarflash.com]


പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥന സമയത്ത് വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന പ്രസംഗം ഉണ്ടാകരുതെന്ന് കാട്ടി മുസ്ലിം മഹല്ല് കമ്മറ്റികൾക്ക് പൊലീസ് നൽകിയ നോട്ടീസ് വിവാദത്തിലായതിന് പിന്നാലെയാണ് നടപടി. മയ്യിൽ സ്റ്റേഷൻ ഹൗസ് ഓഫീസറാണ് സ്റ്റേഷൻ പരിധിയിലെ മഹല്ലുകൾക്ക് നോട്ടീസ് നൽകിയത്. ജുമാ മസ്ജിദുകളിൽ വർഗ്ഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ലെന്നും ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് നീക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബിജെപി വക്താവിന്‍റെ നബി വിരുദ്ധ പരാമർശം വൻ വിവാദമായ സമയത്ത് കണ്ണൂരിലും ഇമാം കൗൺസിലിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം ഉണ്ടായിരുന്നു. പിന്നാലെ ജില്ലയിലെ പള്ളികളിലെ പ്രാർത്ഥന സമയത്ത് വിദ്വേഷമുണ്ടാകുന്ന പ്രഭാഷണങ്ങൾ ഇല്ലാതിരിക്കാൻ ജാഗ്രത വേണമെന്ന് കമ്മീഷണർ നിർദ്ദേശം നൽകിയിരുന്നു. 

മഹല്ല് ഭാരവാഹികളെ കണ്ട് ഇക്കാര്യം ഉറപ്പ് വരുത്തണമെന്നായിരുന്ന് മാത്രമായിരുന്നു എസ്എച്ച്മാരെ അറിയിച്ചത്. എന്നാൽ മയ്യിൽ സ്റ്റേഷൻ ഹൗസ് ഇൻസ്പെക്ടർ ബിജു പ്രകാശ് മഹല്ല് കമ്മറ്റികൾക്ക് നോട്ടീസ് നൽകുകയാണ് ചെയ്തത്. വർഗ്ഗീയ പരാമർശങ്ങളുള്ളതോ സാമുദായിക സൗഹാർദ്ദം തകർക്കുന്നതോ ആയ പ്രസംഗങ്ങളുണ്ടായാൽ നിയമ നടപടി ഉണ്ടാകുമെന്നായിരുന്നു നോട്ടീസിലെ മുന്നറിയിപ്പ്.

ഒരു പ്രശ്നവും ഇല്ലാത്ത സാഹചര്യത്തിൽ ഇങ്ങനെയൊരു നോട്ടീസ് ഇറക്കിയത് സമുദായത്തെ അപമാനിക്കാനാണെന്ന് കാട്ടി സമസ്ത ഉൾപെടെയുള്ള മത സംഘടനകളും മുസ്ലിം ലീഗും രംഗത്തെത്തി. സംഭവിക്കാൻ പാടില്ലാത്തതാന്നെന്ന് പി കെ കുഞ്ഞാലികുട്ടി പ്രതികരിച്ചു. 

സർക്കാർ നയത്തിന് എതിരായ നീക്കമാണ് ഉദ്യോഗസ്ഥൻ നടത്തിയതെന്നും ഇയാളെ ചുമതലയിൽ നിന്ന് മാറ്റാൻ ഡിജിപിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജുമാ മസ്ജിദുകളിൽ വർഗ്ഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ലെന്നും ഉദ്യോഗസ്ഥൻ ചെയ്ത തെറ്റിന് സർക്കാരിനെ പഴിക്കേണ്ടെന്നുമാണ് വിശദീകരണം.

Post a Comment

0 Comments