Top News

തൃക്കാക്കരയില്‍ പോളിങ് 68.75 ശതമാനം; മണ്ഡലം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിശ്വാസത്തില്‍ മുന്നണികള്‍

കൊച്ചി: തൃക്കാക്കരയില്‍ രേഖപ്പെടുത്തിയത് 68.75 ശതമാനം പോളിങ്. 1,96,805 വോട്ടര്‍മാരില്‍ 1,35,320 പേരാണ് വോട്ടു ചെയ്തത്. മൂന്നാം തീയതിയാണ് വോട്ടെണ്ണല്‍. ഒരുമാസം നീണ്ടുനിന്ന ഉദ്വേഗം നിറഞ്ഞ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ആവേശം പോളിങിലും പ്രകടമായിരുന്നു.[www.malabarflash.com]

മണ്ഡലം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. ഇത്തവണ യു ഡി എഫിന് ഭൂരിപക്ഷം വര്‍ധിക്കുമെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ് പറഞ്ഞു. എല്‍ ഡി എഫ് നൂറ് തികക്കുമെന്നും മണ്ഡലത്തിലെ ഉയര്‍ന്ന പോളിംഗ് തങ്ങളുടെ വിജയത്തിന്റെ സൂചനയാന്നെും സ്ഥാനാര്‍ഥി ജോ ജോസഫും പ്രതികരിച്ചു.

ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് രാവിലെ തന്നെ ഭാര്യ ദയാ പാസ്‌കലിനൊപ്പമെത്തി വോട്ട് ചെയ്തു. പള്ളിയിലും അമ്പലത്തിലും എത്തി പ്രാര്‍ഥിച്ചതിനു ശേഷം ബൂത്തിലെത്തി യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസും വോട്ട് രേഖപ്പെടുത്തി. 

കൊച്ചിക്കാരനായ എന്‍ ഡി എ സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന് തൃക്കാക്കരയില്‍ വോട്ടില്ല. 2011ല്‍ മണ്ഡലം രൂപവത്കൃതമായ വര്‍ഷം 74 ശതമാനമായിരുന്നു പോളിംഗ്. 2016ല്‍ അത് 73 ആയി കുറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 69 ആയിരുന്നു പോളിംഗ്.

Post a Comment

Previous Post Next Post