Top News

ഖുര്‍ആന്‍ സൂക്തം ദുരുപയോഗം ചെയ്ത ടാക്‌സി പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഖുര്‍ആന്‍ സൂക്തം ദുരുപയോഗം ചെയ്ത ടാക്‌സി കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഗതാഗത നിയമങ്ങള്‍ ലംഘിച്ച് സ്റ്റിക്കറുകള്‍ പതിപ്പിച്ചതിനാണ് കാര്‍ പിടിച്ചെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പറഞ്ഞു.[www.malabarflash.com]


ടാക്‌സി കമ്പനി ഉടമയെയും വാഹനമോടിച്ച ഡ്രൈവറെയും നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് മുന്നോടിയായി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഖുര്‍ആനിലെ സൂക്തത്തിന്റെ ഭാഗം രേഖപ്പെടുത്തിയ സ്റ്റിക്കര്‍ ടാക്‌സി കാറിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിശുദ്ധ ഖുര്‍ആനില്‍ നൂഹ് നബിയുടെ കാലത്തുണ്ടായ മഹാപ്രളയത്തിനിടെ തങ്ങള്‍ക്കൊപ്പം പേടകത്തില്‍ കയറാന്‍ നൂഹ് നബി മകനോട് അപേക്ഷിക്കുന്ന ഭാഗം പരാമര്‍ശിക്കുന്ന ഭാഗമാണ് കാറില്‍ രേഖപ്പെടുത്തിയത്.

വിശുദ്ധ ഖുര്‍ആനിലെ അധ്യായമായ ഹൂദിലെ 42-ാം സൂക്തത്തിന്റെ ഭാഗമാണ് ടാക്‌സിയുടെ പിന്‍വശത്ത് പതിപ്പിച്ചത്. 'എന്റെ മകനേ, ഞങ്ങള്‍ക്കൊപ്പം നീയും (പേടകത്തില്‍) കയറുക. നീ (പേടകത്തില്‍ കയറാത്ത) അവിശ്വാസികളുടെ കൂട്ടത്തിലാകരുത്'- എന്നാണ് ഈ സൂക്തത്തിലെ ഭാഗം പറയുന്നത്.

വിശുദ്ധ ഖുര്‍ആനിലെ സൂക്തം തന്റെ താല്‍പ്പര്യത്തിന് അനുസരിച്ച് ദുരുപയോഗം ചെയ്യുകയും തന്റെ ടാക്‌സിയില്‍ കയറാന്‍ മറ്റുള്ളവരെ പരോക്ഷമായി പ്രേരിപ്പിക്കുകയും ടാക്‌സിയില്‍ കയറാത്തവരെ അവിശ്വാസികളായി മുദ്രകുത്തുകയുമാണ് ഡ്രൈവര്‍ ചെയ്തതെന്നാണ് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ പറയുന്നത്.

Post a Comment

Previous Post Next Post