NEWS UPDATE

6/recent/ticker-posts

ചെവിയില്‍ നീലിച്ച പാടുകള്‍, രണ്ടു കൈക്കും പൊട്ടല്‍; ദുരൂഹത നീങ്ങാതെ ഷഹനയുടെ മരണം

കോഴിക്കോട്: പറമ്പില്‍ബസാറിലെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിനിയും മോഡലുമായ ഷഹനയും ഭര്‍ത്താവ് സജ്ജാദും താമസിച്ച മുറിയില്‍ നിന്ന് പോലീസ് കണ്ടെത്തിയത് എം.ഡി.എം.എയും എല്‍.എസ്.ഡി.യും പോലുള്ള വസ്തുക്കള്‍.ഇത് മയക്ക് മരുന്ന് തന്നെയാണോയെന്ന് ഉറപ്പ് വരുത്താന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.[www.malabarflash.com]

ഷഹനയും സജ്ജാദും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും കൊലപാതകമാണെന്നുമുള്ള ബന്ധുക്കളുടെ ആരോപണത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്. 

''വ്യാഴാഴ്ച രാത്രിയാണ് അവള്‍ അവസാനമായി വിളിച്ചത്. പിറന്നാളിന് ക്ഷണിച്ചിരുന്നു, സന്തോഷത്തോടെയാണ് സംസാരിച്ചത്, മകള്‍ ആത്മഹത്യചെയ്യാന്‍ ഒരു കാരണവുമില്ല. പണത്തിന് വേണ്ടി അവന്‍ കൊന്നതാണ്''- കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍കണ്ടെത്തിയ മോഡല്‍ ഷഹനയുടെ മാതാവ് ഉമൈബ പറയുന്നത് മകളുടെ ജീവനില്ലാതാക്കിയത് മരുമകന്‍ സജ്ജാദാണെന്നാണ്.

ജീവിച്ച് കാണിച്ചുകൊടുക്കുമെന്നാണ് മകള്‍ എപ്പോഴും പറയാറുണ്ടായിരുന്നത്. പിന്നെ എന്തിനാണ് ആത്മഹത്യചെയ്യുന്നതെന്നും അവര്‍ ചോദിക്കുന്നു. ഷഹനയുടെ രണ്ടുചെവിയിലും അടികിട്ടിയപോലുള്ള നീലിച്ച പാടുകളുണ്ടെന്നാണ് മാതാവ് പറയുന്നത്. രണ്ടുകൈക്കും പൊട്ടുണ്ട്. കഴുത്തിലും വിരല്‍കൊണ്ടു കുത്തിയ പോലുള്ള പാടുകളുണ്ടെന്നും ഉമൈബ പറയുന്നു.

വിവാഹംകഴിഞ്ഞ ശേഷം മകളുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നുവെന്നാണ് ഉമൈബയും ബന്ധുക്കളും പറയുന്നത്. കല്യാണംകഴിഞ്ഞ് കോഴിക്കോട്ട് തിരിച്ചെത്തിയ ശേഷം മകളെ തടങ്കലില്‍ പാര്‍പ്പിച്ചതുപോലെയായിരുന്നു. ഞങ്ങളെയാരെയും കാണാന്‍ അനുവദിക്കാറേയില്ല. 25 പവന്‍ സ്വര്‍ണവും സ്ത്രീധനവും സജ്ജാദിന്റെ വീട്ടുകാര്‍ ചോദിച്ചുവാങ്ങിയതാണ്. പിന്നീട് കൂടുതല്‍ പണം ചോദിച്ച് അവര്‍ നിരന്തരം ഉപദ്രവിക്കാന്‍ തുടങ്ങി. കക്കോടിയിലെ വീട്ടിലാണ് ഏറ്റവും കൂടുതല്‍ മര്‍ദനമേറ്റുവാങ്ങേണ്ടിവന്നത്. പലതവണ അവിടെയെത്തി മകളെ കാണാന്‍ ശ്രമിച്ചെങ്കിലും തിരിച്ചുപോവേണ്ടിവന്നു.

ഏഴുമാസം മുന്‍പാണ് മാതാവ് ഉമൈബ അവസാനമായി സജ്ജാദിന്റെ കക്കോടിയിലെ വീട്ടില്‍ വന്നത്. അവര്‍ മകളെ കാണാന്‍ അനുവദിച്ചതേയില്ല. സജ്ജാദ് ലഹരി ഉപയോഗിക്കുന്നത് അറിയാതിരിക്കാനാണ് കാണാന്‍ അനുവദിക്കാതിരുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഭര്‍ത്താവിന്റെ വീട്ടിലെ പീഡനം സഹിക്കാനാവാതെ ഫെബ്രുവരിയില്‍ വാടക ക്വാര്‍ട്ടേഴ്സിലേക്ക് മാറിയെങ്കിലും അവിടെ ഭര്‍ത്താവും ഉപദ്രവം തുടര്‍ന്നു. പലദിവസങ്ങളിലും ഭക്ഷണംപോലും നല്‍കാറില്ലെന്ന് മകള്‍ പറഞ്ഞതായി ഉമൈബ പറയുന്നു. മകളെ കൊന്നുകളയുമെന്നും സജ്ജാദ് ഭീഷണിപ്പെടുത്തിയിരുന്നു.

സജ്ജാദിന്റെ പീഡനത്തില്‍ പൊറുതിമുട്ടി ഒരുതവണ ഷഹന പരാതിനല്‍കാനായി പോലീസ് സ്റ്റേഷനിലേക്ക് പോയെങ്കിലും അവന്റെ സുഹൃത്തുക്കള്‍ പിന്തുടര്‍ന്നെത്തി അതില്‍ നിന്ന് പിന്തിരിപ്പിച്ചു. കേസുവേണ്ട പരിഹാരമുണ്ടാക്കാമെന്നു പറഞ്ഞാണ് സുഹൃത്തുക്കള്‍ പിന്തിരിപ്പിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.

ബന്ധുവഴിയാണ് സജ്ജാദിന്റെ വിവാഹാലോചനയെത്തിയത്. ഖത്തറില്‍ ജോലിയുണ്ടെന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാല്‍, വിവാഹശേഷം ഗള്‍ഫിലേക്ക് പോയിട്ടില്ല. വിവാഹശേഷമാണ് മോഡലിങ് രംഗത്തേക്ക് വന്നത്. ഷഹനയുടെ വരുമാനം കൊണ്ടാണ് സജ്ജാദ് ജീവിച്ചത്. മോഡലിങ്ങിലൂടെ കിട്ടുന്ന പണമൊക്കെ സജ്ജാദ് ഭീഷണിപ്പെടുത്തി വാങ്ങിക്കുകയായിരുന്നു. അതിന്റെ പേരിലാണ് ഷഹന പീഡനമേറ്റുവാങ്ങേണ്ടി വരാറുള്ളതെന്നും ബന്ധുക്കള്‍ പറയുന്നു. ഇതുവരെ പുറത്തിറങ്ങിയിട്ടില്ലാത്ത 'ലോക്ഡൗണ്‍' എന്ന തമിഴ് സിനിമയിലും ചില കന്നഡ മലയാളം സിനിമികളിലും ഷഹന വേഷമിട്ടിട്ടുണ്ട്.

ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ശരീരത്തില്‍ പാടുകളും മുറിവുകളുമുണ്ട്. ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കും. കൊലപാതകമാണെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഭര്‍ത്താവ് സജ്ജാദിനെ ചേവായൂര്‍ പോലീസ് അറസ്റ്റുചെയ്തു.

സ്ത്രീധനപീഡനവും ആത്മഹത്യാ പ്രേരണാക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. സജ്ജാദിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. ഷഹനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ചെറുവത്തൂരിലേക്കു കൊണ്ടുപോയി.

ജനലില്‍ കയറുകെട്ടി തൂങ്ങിമരിച്ചതാണെന്നാണ് സജ്ജാദ് പോലീസിനോടു പറഞ്ഞത്. ബഹളംകേട്ട് വ്യാഴാഴ്ച രാത്രി ആളുകളെത്തിയപ്പോള്‍ ഷഹന, സജ്ജാദിന്റെ മടിയില്‍ ബോധമറ്റ് കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തുംമുമ്പ് മരിച്ചു.

സജ്ജാദ് ഭക്ഷണംപോലും കൊടുക്കാതെ മകളെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്നും തന്നെ കൊല്ലുമെന്ന് പേടിയുണ്ടെന്നു മകള്‍ പലതവണ പറഞ്ഞതായും മാതാവ് ഉമൈബ പറഞ്ഞു. വെള്ളിയാഴ്ച ഷഹനയുടെ ഇരുപതാം പിറന്നാളായിരുന്നു. പിറന്നാളിനു വരണമെന്ന് സഹോദരനെയും മാതാവിനെയും ഫോണില്‍ വിളിച്ചുപറഞ്ഞിരുന്നു.

ഇവര്‍ താമസിച്ച ക്വാര്‍ട്ടേഴ്സില്‍നിന്ന് എം.ഡി.എം.എ., എല്‍.എസ്.ഡി. മയക്കുമരുന്നുകളെന്നു സംശയിക്കുന്ന വസ്തുക്കളും കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. ഇത് ലഹരിമരുന്നാണോ എന്നുറപ്പുവരുത്താന്‍ രാസപരിശോധന നടത്തുമെന്ന് മെഡിക്കല്‍ കോളേജ് അസി. കമ്മിഷണര്‍ കെ. സുദര്‍ശന്‍ പറഞ്ഞു. വടകരയില്‍നിന്നുള്ള വിദഗ്ധരെത്തി ശനിയാഴ്ച ക്വാര്‍ട്ടേഴ്സ് പരിശോധിക്കും.

ഒന്നരവര്‍ഷംമുമ്പാണ് കോഴിക്കോട് കക്കോടി ചെറുകുളം മക്കട അയ്യപ്പന്‍കണ്ടിയില്‍ സജ്ജാദും ഷഹനയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് കോഴിക്കോട്ടേക്കു വന്നതില്‍പ്പിന്നെ ഷഹനയെ നേരില്‍ക്കാണാന്‍ അനുവദിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. വരുമ്പോഴൊക്കെ സജ്ജാദിന്റെ സുഹൃത്തുക്കള്‍ പിന്തുടര്‍ന്ന് തിരിച്ചയക്കുമായിരുന്നു. വന്നാല്‍ വെച്ചേക്കില്ലെന്നു പറഞ്ഞ് സജ്ജാദ് ഭീഷണിപ്പെടുത്താറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.

ജൂവലറി പരസ്യത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലമായി ലഭിച്ച ഒരുലക്ഷം രൂപയുടെ ചെക്ക് സജ്ജാദ് പിടിച്ചെടുക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച തര്‍ക്കമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

ഫെബ്രുവരി 26-നാണ് പറമ്പില്‍ബസാറില്‍ ഇവര്‍ താമസം തുടങ്ങിയത്. ഷഹനയും സജ്ജാദും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവാറുണ്ടെന്ന് ക്വാര്‍ട്ടേഴ്സ് ഉടമ പറയുന്നു. പോലീസില്‍ പരാതിനല്‍കാന്‍ ഷഹനയോട് ആവശ്യപ്പെട്ടിരുന്നതാണ്. സംഭവദിവസം രാത്രി അവിടെനിന്ന് ബഹളമുണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു.

രാത്രി 11 മണിയോടെ സജ്ജാദ് പുറത്തിറങ്ങിപ്പോയി തിരിച്ചുവന്നശേഷമാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയത്. മിണ്ടുന്നില്ല, ശബ്ദമില്ല എന്നുപറഞ്ഞു കരയുകയായിരുന്നു.

എന്നാല്‍, ആത്മഹത്യചെയ്തതാണെന്നു പറഞ്ഞിരുന്നില്ല. അടിപിടി നടന്നതിന്റെ സൂചനയായി മുറിക്കകത്തെ കട്ടിലിന്റെ കാല് പൊട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. ജനലില്‍ നേരിയ പ്ലാസ്റ്റിക് കയര്‍ ഉണ്ട്.

ബിലാല്‍, നദീം എന്നിവരാണ് ഷഹനയുടെ സഹോദരങ്ങള്‍.

Post a Comment

0 Comments