Top News

മോഷ്ടിച്ച കെഎസ്ആർടിസി ബസുമായി പോയ ആൾ നിരവധി വാഹനങ്ങളെ ഇടിച്ചു; ഒടുവിൽ പിടിയിൽ

കൊച്ചി: ആലുവയിൽ നിന്ന് മോഷ്ടിക്കപ്പെട്ട കെഎസ്ആർടിസി ബസ് കണ്ടെത്തി. എറണാകുളം നോർത്ത് പോലീസാണ് ബസ് പിടികൂടിയത്. ബസ് മോഷ്ടിച്ച ആളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മോഷ്ടിച്ച ബസ് ഓടിച്ചു പോകുന്നതിനിടെ മറ്റ് നിരവധി വാഹനങ്ങളെ ഇടിച്ചിരുന്നു.[www.malabarflash.com]

കോഴിക്കോട് ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസ്സഞ്ചർ ബസാണ് മോഷണം പോയത്. കെഎസ്ആർടിസി ആലുവ സ്റ്റാന്റിൽ നിർത്തിയിട്ട ബസ് കള്ളൻ ഓടിച്ച് പോവുകയായിരുന്നു. മെക്കാനിക്കൽ ജീവനക്കാരന്റെ വേഷത്തിൽ എത്തിയ ആളാണ് ബസ് ഓടിച്ചു കൊണ്ടുപോയത്. ഇന്ന് രാവിലെ ആണ് ആണ് കവർച്ച നടന്നത്.

ആലുവ ഡിപ്പോയിലെ ബസ് അറ്റകുറ്റപ്പണി നടക്കുന്ന ഭാഗത്ത് ഇന്ന് രാവിലെയാണ് മോഷ്ടാവ് എത്തിയത്. മെക്കാനിക്കിന്‍റെ വേഷത്തിൽ എത്തിയതിനാൽ ഡിപ്പോ സെക്യൂരിറ്റി ജീവനക്കാരന് അസ്വാഭാവികത തോന്നിയില്ല. കോഴിക്കോട് സൂപ്പർ ഫാസ്റ്റ് ബസ്സിനടുത്തേക്ക് പോയ ഇയാൾ മിനുട്ടുകൾക്കുള്ളിൽ ബസ്സുമായി കടന്നുകളഞ്ഞു. ഉച്ചയ്ക്ക് 1.30 ന് പോകേണ്ട ബസ്സ് നേരത്തെ പോയതിൽ സംശയം തോന്നിയ ജീവനക്കാർ പിന്നാലെ ഓടി. എന്നാൽ ബസ്സ് കണ്ടെത്താനായില്ല.

തുടർന്ന് ആലുവ ഈസ്റ്റ് പോലീസിൽ കെഎസ്ആർടിസി അധികൃതർ പരാതി നൽകി. പോലീസ് എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെ എറണാകുളം ഭാഗത്തേക്ക് അപകടകരമായ രീതിയിൽ കെ.എസ്ആർടിസി ബസ്സ് പോകുന്നതായി ചിലർ ഫോൺ വിളിച്ച് പരാതിപ്പെട്ടു. തുടർന്ന് നോർത്ത് പോലീസ് കലൂരിനടുത്ത് വെച്ച് ബസ്സ് പിടികൂടി. ഇതിനിടയിൽ നാലോളം കാറുകളിലും മറ്റ് വാഹനങ്ങളിലും ബസ്സ് ഇടിച്ച് പരിക്കേൽപ്പിച്ചിരുന്നു. 

മലപ്പുറം സ്വദേശി ഹരീഷ് ആണ് ബസ്സ് കടത്തികൊണ്ടുപോയത്. ഇയാൾക്ക് മാനസിക ആസ്വാസ്ഥ്യം ഉള്ളതായി പോലീസ് വ്യക്തമാക്കുന്നു. എതായാലും തിരക്കേറിയ കൊച്ചിയിലൂടെ ഇത്രയും വേഗത്തിൽ ബസ്സ് ഓടിച്ചിട്ടും കൂടുതൽ അപകടമൊന്നും ഉണ്ടാക്കിയില്ലല്ലോ എന്ന ആശ്വാസത്തിലാണ് പോലീസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി . നേരത്തെ കൊട്ടാരക്കരയിലും സമാനമായ രീതിയിൽ കെഎസ്ആർടിസി ബസ് മോഷണം പോയിരുന്നു.

Post a Comment

Previous Post Next Post