NEWS UPDATE

6/recent/ticker-posts

'വര്‍ഗീയതയ്ക്ക് വളം വയ്ക്കുന്ന നിലപാടാണ് ആ മാന്യന്റേത്'; പിസി ജോര്‍ജിന്റെ അറസ്റ്റ് ഫസ്റ്റ് ഡോസാണെന്നും മുഖ്യമന്ത്രി

തൃക്കാക്കര: മതവിദ്വേഷപ്രസംഗക്കേസില്‍ ജയിലില്‍ കഴിയുന്ന പിസി ജോര്‍ജിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയ്ക്ക് വളം വച്ചുകൊടുക്കുന്ന നിലപാടാണ് പിസി ജോര്‍ജിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അറസ്റ്റ് ഫസ്റ്റ് ഡോസാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.[www.malabarflash.com] 

ആട്ടിന്‍ തോലിട്ട ചെന്നായ വരുന്നത് രക്തം കുടിക്കാനാണ്. ആട്ടിന്‍കൂട്ടത്തിന് അത് നന്നായി അറിയാം. വര്‍ഗീയ വിഷം ചീറ്റിയ ആള്‍ക്കെതിരെ നടപടി സ്വീകരിച്ചപ്പോള്‍ അതില്‍ വര്‍ഗീയത കലര്‍ത്താനാണ് ബിജെപി ശ്രമിച്ചത്. അറസ്റ്റിലായ ആളിന്റെ മതം പറഞ്ഞ് വളരാന്‍ നോക്കുകയാണ് ബിജെപി. ക്രിസ്ത്യാനികളെ സംരക്ഷിക്കാനാണ് പിന്തുണക്കുന്നതെന്നാണ് അവരുടെ അവകാശവാദം. 

രാജ്യത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിനെതിരെ നടന്ന സംഘപരിവാര്‍ ആക്രമണങ്ങള്‍ ജനങ്ങള്‍ മറക്കില്ലെന്നും മുഖ്യമന്ത്രി തൃക്കാക്കരയില്‍ പറഞ്ഞു. കേരളം മതനിരപേക്ഷത ഏറ്റവും ശക്തമായി പുലരുന്ന ഒരു നാടാണ്. അത് തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തൃക്കാക്കരയില്‍ ജോ ജോസഫിനെതിരെ യുഡിഎഫ് കേന്ദ്രങ്ങള്‍ നടത്തുന്ന വ്യാജവീഡിയോ പ്രചരണത്തിനെതിരെയും മുഖ്യമന്ത്രി രംഗത്തെത്തി. നെറികെട്ട തെരഞ്ഞെടുപ്പ് പ്രചരണമാണ് യുഡിഎഫ് നടത്തുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ സ്വീകാര്യത തകര്‍ക്കാന്‍ യുഡിഎഫ് കള്ളക്കഥകള്‍ മെനയുകയാണ്. ഇത് ജനവിധി എതിരാകുമെന്ന അറിഞ്ഞതോടെയുള്ള അങ്കലാപ്പിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ജോ ജോസഫിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിക്കുമ്പോള്‍ അത് തകര്‍ക്കാന്‍ എന്തൊക്കെ കള്ളക്കഥകള്‍ മെനയാമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ ആലോചിക്കുന്നത്. മാന്യത വിട്ടുള്ള നെറികെട്ടതും നിലവാരം ഇല്ലാത്തതുമായ പ്രചരണ രീതിയിലേക്കാണ് യുഡിഎഫ് നീങ്ങുന്നത്. ബിജെപിയുടെ 'ബി' ടീമായാണ് കോണ്‍ഗ്രസിനെ ജനങ്ങള്‍ കാണുന്നത്. 

കോണ്‍ഗ്രസിലെ നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുകയാണ്. ഉപതെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിന്റെ തകര്‍ച്ചയാകും ജനം കാണുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments