Top News

ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു; നൗഫല്‍ മരണത്തിന് കീഴടങ്ങിയത് സ്വന്തം കുഞ്ഞ് പിറന്ന ദിവസം

ബദിയടുക്ക: പെര്‍ഡാല വളവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അറന്തോട്ടെ അബ്ബാസിന്റെയും ഉമ്മാലിയുമ്മയുടെയും മകന്‍ എം.കെ നൗഫല്‍ (38) ആണ് മരിച്ചത്.[www.malabarflash.com]  

ഏപ്രില്‍ ഒന്നിന് പെര്‍ഡാല വളവിലാണ് അപകടമുണ്ടായത്. നൗഫല്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഫലിനെ ഉടന്‍ തന്നെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില മെച്ചപ്പെടാതിരുന്നതിനാല്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് മരണം സംഭവിച്ചത്.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ നൗഫല്‍ മരണപ്പെട്ടത് സ്വന്തം കുഞ്ഞ് പിറന്ന ദിവസം. ഭാര്യ അമീറ ശനിയാഴ്ച  രാവിലെയാണ് പ്രസവിച്ചത്. ഈ സമയത്ത് നൗഫല്‍ ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുകയായിരുന്നു. കുഞ്ഞിന്റെ മുഖം ഒരുനോക്ക് പോലും കാണാന്‍ കഴിയാതെ രാത്രിയോടെയാണ് നൗഫല്‍ മരണത്തിന് കീഴടങ്ങിയത്. 

രണ്ട് പെണ്‍മക്കളുള്ള നൗഫല്‍-അമീറ ദമ്പതികള്‍ക്ക് മൂന്നാമതായി പിറന്നത് ആണ്‍കുഞ്ഞാണ്. ഈ കുഞ്ഞിനെ കാണാനും താലോലിക്കാനുമുള്ള ഭാഗ്യം നൗഫലിന് ലഭിക്കാതിരുന്നത് മരണത്തിനിടയിലെ മറ്റൊരു വേദനയായി. നൗഫലിന്റെ മരണം വീടിനെയും നാടിനെയും ദുഖസാന്ദ്രമാക്കി. 

ഒമാനിലെ ജോലി അവസാനിപ്പിച്ച് നാട്ടില്‍ ഹോട്ടല്‍ നടത്തിപ്പും മറ്റുമായി ഉപജീവനമാര്‍ഗം കണ്ടെത്തി നല്ല നിലയില്‍ ജീവിതം നയിച്ചുവരുന്നതിനിടെയാണ് നൗഫലിനെ മരണം തട്ടിയെടുത്തത്. പതിവുപോലെ ഹോട്ടല്‍ തുറക്കാനായി ബൈക്കില്‍ പോകുമ്പോഴാണ് നൗഫല്‍ അപകടത്തില്‍ പെട്ടത്.

മക്കള്‍: അസ്ന, ഹിദാഫാത്തിമ. സഹോദരങ്ങള്‍: ഫൈസല്‍, മഷൂദ്, ഷാജിദ, ഷബാന, ഷാഹിന, മുബീന, പരേതയായ റസിയ. മയ്യിത്ത് അറന്തോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Post a Comment

Previous Post Next Post