NEWS UPDATE

6/recent/ticker-posts

കണികാണാൻ സ്വന്തം കരവിരുതിൽ പ്രതീകാത്മക കണിയൊരുക്കി ശിഖകൃഷ്ണ

ബാരയിലെ സർക്കാർ സ്കൂളിൽ ആറാം തരം വിദ്യാർത്ഥിനിയാണ്‌ ശിഖകൃഷ്ണ.
പഠനത്തോടൊപ്പം ഒഴിവു സമയങ്ങളിൽ ശിഖയുടെ മുഖ്യ വിനോദം കരവിരുതിൽ കമനീയങ്ങളായ കലാരൂപങ്ങൾ ഉണ്ടാക്കലാണ്. സൂക്ഷിച്ചു വെച്ചാലും ബന്ധുക്കളോ കൂട്ടുകാരോ അത് സ്വന്തമാക്കും. ഇതൊക്ക അത്ര മനോഹരമാണോ എന്ന് സ്വയം ശങ്കിച്ചു പോയപ്പോൾ അത് ശിഖയ്ക്ക്
പ്രചോദനമായെന്ന് വേണം കരുതാൻ.

പലരും ആവശ്യമില്ലെന്ന് കണ്ട് വലിച്ചെറിയുന്ന പാഴ് വസ്തുക്കൾ ശേഖരിച്ചുവെച്ചാണ് പലതിനും രൂപം നൽകുക. അല്പം അക്രലിറ്റ് പെയിന്റ് മാത്രമേ അച്ഛൻ തുച്ഛമായ പണം കൊടുത്തു വാങ്ങേണ്ടതുള്ളൂ. മനസ്സിൽ കണ്ട ഇഷ്ട രുപങ്ങൾ അതേപടി കരവിരുതിലൂടെ അലങ്കാര വസ്തുവാക്കി മാറ്റും ശിഖ. 

വയനാട്ടുകുലവൻ അടക്കം കോലത്തു നാട്ടിലെ മിക്ക തെയ്യങ്ങളും ശിഖയുടെ വരകളിലൂടെ ചിത്ര രൂപങ്ങളായിട്ടുണ്ട്. കരവിരുതും നൈപുണ്യവും ഒപ്പം ഭാവനയും ഒത്തുചേർന്നാൽ അത് ആഡംബര അലങ്കാര ദൃശ്യങ്ങളായി മാറ്റാനാകും.
കോവിഡ് കാല വിരസതയിൽ കൊച്ചു കൊച്ചു 'വികൃതികൾ' ഉപയോഗശൂന്യമായ കുപ്പികളിലും പ്ലാസ്റ്റിക്കുകളിലും ദൃശ്യമനോഹരമാക്കിയതിന്റെ പിൻബലത്തിൽ തന്റെ കഴിവുകൾ തെയ്യ രൂപത്തിലേക്കും വഴിമാറി. മഹാമാരിക്ക് ശേഷം സ്കൂൾ തുറക്കുന്നതിന് മുൻപായി വരച്ചുണ്ടാക്കിയ രൗദ്രഭാവത്തോടെയുള്ള തെയ്യക്കോലം ഏറെ ആകർഷകമായിരുന്നു. ആരും കൊണ്ടുപോകാതിരിക്കാൻ അത് ഫ്രെയിം ചെയ്ത് വീട്ടിലെ ചുമരിൽ തൂക്കിവെച്ചു. 

ഞങ്ങളുടെ ബന്ധുവായ മുംബെയിലെ ശാസ്ത്രജ്ഞൻ മുത്തപ്പൻ ആ ഫോട്ടോ വരച്ചത് താനാണെന്ന് അറിഞ്ഞപ്പോൾ 1000 രൂപ തന്നത് വലിയ അംഗീകാരവും പ്രോത്സാഹനവുമായെന്ന് ശിഖ പറഞ്ഞു.
കണികാണാനും സ്വന്തം സൃഷ്ടി
മുൻ വർഷങ്ങളിൽ കണികാണാൻ അമ്മയും മൂത്തമ്മയും ചേർന്ന് പൂജാമുറിയിൽ കണി ഒരുക്കിയത് മനസ്സിൽ തെളിഞ്ഞു നിൽക്കുന്നതിന്റെ പിൻബലത്തിൽ അതേ സ്റ്റൈലിൽ, ഇരു കൈയിലും ഒതുങ്ങും വിധം തന്റെ കരവിരുതിൽ പ്രതീകാത്മക കണിയൊരുക്കാൻ ഒരു ശ്രമം നടത്തി സംതൃപ്തയായ സന്തോഷത്തിലാണ് പാലക്കുന്ന് 'കൃഷ്ണപദ്മ'ത്തിലെ സുഹാഷിന്റെയും(ഉണ്ണി) സുമയുടെയും മകൾ ശിഖകൃഷ്ണ. വേനൽക്കാല അവധിയുടെ ആദ്യ ഭാഗം അതിലൊതുങ്ങി.

ഒരുക്കങ്ങൾ എങ്ങിനെ?
കാർമുകിൽ വർണനെ ആദ്യം അണിയിച്ചൊരുക്കി. ചെറിയ പ്ലാസ്റ്റിക് കഷ്ണം കൊണ്ട് ഓടക്കുഴലുണ്ടാക്കി കൃഷ്ണന്റെ കയ്യിൽ കൊടുത്തു. വെള്ള ചായമിട്ട പെർഫ്യൂം ബോട്ടിലിൽ കൃഷ്ണനെ ഒതുക്കി നിർത്തി.പൽപ്പിൽ മഞ്ചാടിയും ഉണ്ണിയപ്പവും ആ വലിപ്പങ്ങളിൽ ഉരുട്ടിയെടുത്ത് നിറമിട്ടു . വലിയ പ്ലാസ്റ്റിക് കണ്ടെയ്നറിന്റെ അടപ്പ് ഓട്ടുരുളിയാക്കി. 

 വിവിധ നിറങ്ങളിലും വലിപ്പത്തിലും നാനാജാതി പഴങ്ങളും ഉണ്ടാക്കി. വൈസ്റ്റ്‌ പേപ്പർ മുറിച്ച് മഞ്ഞ നിറമിട്ട് കൊന്നപ്പൂവും തയ്യാറാക്കി. വലിയ പ്ലാസ്റ്റിക് കണ്ടെയ്നറിന്റെ അടപ്പ് ഓട്ടുരുളിയാക്കി ഇതെല്ലാം അതിലിട്ടു. ബർത്ത്ഡേ കേക്കിന്റെ വൃത്താകൃതിയിലുള്ള കാർഡ്ബോർഡിൽ എല്ലാം ഒതുക്കി വെച്ചപ്പോൾ പൂജാമുറിയിലെ കണിവെപ്പിനെ വെല്ലുന്ന തനിമ. 

പൂജാമുറിയിൽ കണികണ്ട ശേഷം ശിഖമോളുടെ പ്രതീകാത്മക കണിയൊരുക്കവും എല്ലാവരും തൊഴുതു വണങ്ങി.
സ്കൂൾ അവധിയിൽ ഇനി എന്തുണ്ടാക്കണം എന്ന ആലോചനയിലാണ് ശിഖയിപ്പോൾ.

പാലക്കുന്നിൽ കുട്ടി

Post a Comment

0 Comments