Top News

മേക്കോവർ സിംഗമേ; ഹോളിവുഡ് നടനല്ല, മലയാളത്തിന്റെ പ്രിയ നായകനാണിത്

വിജയ്  ചിത്രം ബീസ്റ്റിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത് മുതൽ ചർച്ചാവിഷയമായിരിക്കുകയാണ്. ചെന്നൈയിലെ ഒരു മാൾ തീവ്രവാദികൾ കൈയടക്കുന്നതും, വീരരാഘവൻ എന്ന ചാരന്റെ വേഷം ചെയ്യുന്ന വിജയ് ശത്രുവിനെ നേരിടുന്നതുമാണ് ഇതിവൃത്തം. ഒരു കിടിലൻ ആക്ഷൻ ത്രില്ലറായി പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ചിത്രമാവുമിത്. ചിത്രത്തിന്റെ റിലീസ് തീയതി ഏപ്രിൽ 13 ആണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.[www.malabarflash.com]

സൺ പിക്‌ചേഴ്‌സ് നിർമ്മിച്ച് ഡോക്ടർ ഫെയിം നെൽസൺ സംവിധാനം ചെയ്ത ബീസ്‌റ്റിൽ പൂജാ ഹെഗ്‌ഡെ, നടനും സംവിധായകനുമായ സെൽവരാഘവൻ, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി, അപർണ ദാസ്, വിടിവി ഗണേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. അറബിക് കുത്ത്, ജോളി ഒ ജിംഖാന എന്നീ ഗാനങ്ങൾ ഇതിനകം ജനപ്രിയമാണ്.  എന്നാൽ അതിലേറെ വൈറലായിരിക്കുകയാണ് മുകളിൽ കണ്ട ചിത്രം

ട്രെയ്‌ലറിന്റെ ആദ്യ സെക്കന്ഡുകളിൽ തന്നെ ഈ മുഖം തെളിയുന്നുണ്ട്. കണ്ണാടി ലിഫ്റ്റിൽ കയറി മുകളിലേക്ക് പോകുന്ന ഒരു ചെറു ഷോട്ടിലാണ് അത്. കണ്ടാൽ ഏതോ ഒരു ഹോളിവുഡ് നടൻ എന്ന് പലർക്കും തോന്നുമെങ്കിലും, മലയാള സിനിമയിൽ വൈവിധ്യമാർന്ന വേഷങ്ങൾ അവതരിപ്പിച്ച പ്രിയ നായക നടനാണ് ഇത്.

താരം ബീസ്റ്റിൽ ഉണ്ടെങ്കിലും ട്രെയ്‌ലറിൽ കണ്ടില്ലല്ലോ എന്ന ചോദ്യം ഉയർന്നു തുടങ്ങിയപ്പോഴാണ്, ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്, ഒടുവിൽ നടൻ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിൽ അതിൽ ചില പോസ്റ്റുകൾ ഷെയർ ചെയ്തതോടു കൂടി അഭ്യൂഹങ്ങൾ അവസാനിക്കുകയും ചെയ്തു.

പ്രേക്ഷകരുടെ പ്രിയ നടൻ ഷൈൻ ടോം ചാക്കോ ആണ് ഇത്. സിനിമയിലെ വില്ലൻ വേഷം ചെയ്യുന്നത് ഷൈൻ ടോം ആണ്. നടൻ സിനിമയിൽ ഉണ്ടാവും എന്ന് പറഞ്ഞപ്പോഴും പലരും ഇത്രയുമൊന്നും പ്രതീക്ഷിച്ചില്ല. അടുത്തതായി 'തല്ലുമാല' എന്ന സിനിമയിലാവും ഷൈൻ ടോം വേഷമിടുക. വേറെയും ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുണ്ട്.

Post a Comment

Previous Post Next Post