Top News

സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഗർഭം അലസിപ്പിക്കാൻ ശ്രമം; പിതാവ് പിടിയിൽ

കാഞ്ഞങ്ങാട്: പതിനാറുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണ്. ഗർഭഛിദ്രം നടത്താൻ പെൺകുട്ടിയുമായി മംഗളൂരുവിലെ   ആശുപത്രിയിലെത്തിയ പ്രതിയെ ഇവിടെ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.[www.malabarflash.com]

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ഇപ്പോൾ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.

ഗർഭഛിദ്രം നടത്താൻ പെൺകുട്ടിയുമായി പ്രതി നേരത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ ആശുപത്രി അധികൃതർ ചോദ്യങ്ങൾ ചോദിച്ചതോടെ ഇവർ ഇവിടെ നിന്ന് മുങ്ങി. തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചു. പ്രതി ആശുപത്രിയിൽ നൽകിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷിച്ചപ്പോഴാണ് പ്രതി മംഗളൂരുവിലാണെന്ന വിവരം അറിഞ്ഞത്.

കാഞ്ഞങ്ങാട് ഗർഭഛിദ്രം നടത്താൻ കഴിയാത്തതിനാൽ ഈ ലക്ഷ്യത്തിനായി മംഗളൂരുവിലേയ്ക്ക് പോയതായിരുന്നു ഇരുവരും. പിന്നാലെ പോയ പോലീസ് മംഗളൂരുവിലെ ആശുപത്രിയിൽ നിന്നും പ്രതിയെ പിടികൂടിയെന്നാണ് വിവരം. പെൺകുട്ടിയെ വിശദമായ പരിശോധനയ്ക്ക് വിധേയയാക്കും. പ്രതിക്കെതിരെ പോക്സോ വകുപ്പുകളടക്കം ചുമത്തി കേസെടുക്കും.

Post a Comment

Previous Post Next Post