NEWS UPDATE

6/recent/ticker-posts

പെരുന്നാൾ വിപണി തിരക്കേറി; വസ്ത്ര വ്യാപാര മേഖലയിൽ പുത്തനുണർവ്

കാസർകോട്: കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും കാരണം കഴിഞ്ഞ രണ്ട് പെരുന്നാളുകളിലും നിശ്ചലമായിരുന്ന കാസർകോട് ജില്ലയിലെ വിപണി ഈ റംസാൻ നാളുകളിൽ സജീവം. പെരുന്നാളും ഓണവും വിഷുവും ക്രിസ്മസുമെല്ലാം കോവിഡ് സാഹചര്യത്തിൽ ആഘോഷിക്കാൻ കഴിയാതിരുന്നതിനാൽ കച്ചവടമേഖലയും തളർച്ചയിലായിരുന്നു.[www.malabarflash.com] 

കോവിഡ് കുറഞ്ഞതോടെ നിയന്ത്രണങ്ങൾ താൽക്കാലികമായി നീക്കിയ സാഹചര്യത്തിൽ ഇത്തവണത്തെ വിഷുവിപണി സജീവവും തിരക്കേറിയതുമായിരുന്നു. വിഷു വിപണിക്ക് പിന്നാലെ ഇപ്പോൾ പെരുന്നാൾ വിപണിയും പ്രതീക്ഷ നൽകുകയാണ്.

നോമ്പുതുറക്കുള്ള വിഭവങ്ങൾ വാങ്ങുന്നവരുടെ തിരക്കുള്ളതിനാൽ റംസാൻ ആരംഭിച്ചത് മുതൽ പഴവർഗങ്ങൾ വിൽക്കുന്ന കടകളിൽ പൊതുവെ തിരക്കുണ്ട്. 

കോവിഡ് നിയന്ത്രണങ്ങൾ കാരണം ഏറ്റവും കൂടുതൽ നഷ്ടം നേരിടേണ്ടിവന്ന വസ്ത്ര വ്യാപാരികൾ പെരുന്നാൾ വിപണിയിലൂടെ തിരിച്ചുവരവിന്റെ പാതയിലാണ്. തുടർച്ചയായി രണ്ടുവർഷങ്ങളിൽ ആഘോഷക്കാലങ്ങളിൽ പോലും കച്ചവടം നടത്താനാകാതെ വസ്ത്രക്കടക്കാർ വിഷമത്തിലായിരുന്നു. കോവിഡിന്റെ വ്യാപനതോതിനനുസരിച്ച് മാത്രം വസ്ത്രക്കടകൾ അടയ്ക്കുകയും തുറക്കുകയും വീണ്ടും അടയ്ക്കുകയും ചെയ്യേണ്ട സാഹചര്യമാണ് രണ്ടുവർഷക്കാലമുണ്ടായത്.

പ്രധാന സീസൺ കച്ചവടങ്ങൾ ഇല്ലാതിരുന്നതോടെ പലർക്കും സംഭവിച്ചത് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തികനഷ്ടമാണ്. ഈ അവസ്ഥയിൽ നിന്നും മാറി വിപണി ഉണരുന്നത് വസ്ത്രവ്യാപാരികൾ അടക്കമുള്ളവർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. 

പെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ജില്ലയിലെ നഗരങ്ങളിൽ കൂട്ടത്തോടെ വസ്ത്രങ്ങൾ വാങ്ങാനെത്തുന്നവരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. രാത്രിയിലും തിരക്ക് ഒഴിയുന്നില്ല. നോമ്പ് തുറന്ന് പ്രാർത്ഥനക്ക് ശേഷം വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ വാങ്ങാൻ കുടുംബസമേതം നഗരത്തിലെത്തുന്നവരുടെ എണ്ണം ദിവസവും വർദ്ധിക്കുന്നതിനാൽ വ്യാപാരികൾ വലിയ പ്രതീക്ഷ പങ്കുവയ്ക്കുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് പുത്തൻ മോഡൽ വസ്ത്രങ്ങൾ എല്ലാ വസ്ത്രക്കടകളിലും എത്തിയിട്ടുണ്ട്. അസംസ്‌കൃത സാധനങ്ങളുടെ വിലവർദ്ധനവ് കാരണം ചില വസ്ത്രങ്ങൾക്ക് വില കൂടിയിട്ടുണ്ട്.

വസ്ത്രവ്യാപാര സ്ഥാപനങ്ങൾക്ക് പുറമെ മറ്റ് കച്ചവടകേന്ദ്രങ്ങളിലും പുത്തനുണർവാണ് പ്രകടമാകുന്നത്. ചെരുപ്പ്, ഫാൻസി, മറ്റ് അലങ്കാരവസ്തുക്കൾ എന്നിവ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളും രണ്ടുവർഷക്കാലമായി കനത്ത നഷ്ടത്തിലായിരുന്നു. ഈ സ്ഥിതിക്ക് ഇക്കുറി മാറ്റമുണ്ടാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. 

പെരുന്നാൾ വിപണിക്ക് ശേഷം സ്‌കൂൾ വിപണിയും വ്യാപാരികൾക്ക് ആശ്വാസമാകും. ബലിപെരുന്നാൾ, ഓണം സീസണിലും വ്യാപാരികൾ പ്രതീക്ഷയർപ്പിക്കുന്നുണ്ട്.

Post a Comment

0 Comments