Top News

‌ശ്രീനിവാസനെ വെട്ടിയത് 3 പേർ, സംഘത്തിൽ 6 പേർ; ‌ശരീരത്തിൽ ആഴത്തിൽ 10 മുറിവുകൾ

പാലക്കാട്: കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തിലുള്ള 10 മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. തലയില്‍ മൂന്ന് വെട്ടുകളേറ്റിട്ടുണ്ട്. കയ്യിലും കാലിലും ആഴത്തിലുള്ള മുറിവുകളാണ്. ഞായറാഴ്ച രാവിലെ പോസ്റ്റുമോർട്ടം നടത്തും. ഉച്ചയോടെ സംസ്‌കരിക്കും.[www.malabarflash.com]

ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘത്തില്‍ ആറു പേരാണുള്ളത്. ശ്രീനിവാസനെ വെട്ടിയത് മൂന്നുപേരാണ്; മൂന്നുപേര്‍ ഇരുചക്ര വാഹനത്തില്‍ പുറത്ത് കാത്തുനിന്നു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.

പോലീസിന്റെ നിരീക്ഷണം മറികടന്ന് ആറംഗ സംഘം ശ്രീനിവാസനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വാള്‍ ഉപയോഗിച്ചാണ് വെട്ടിയതെന്ന് ദൃക്സാക്ഷി വാസുദേവന്‍ പറഞ്ഞു. ആറംഗ കൊലയാളി സംഘത്തിന്റെ വരവും മടക്കവുമെല്ലാം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ എസ്ഡിപിഐ ആണെന്നു ബിജെപി ആരോപിച്ചു. സംഭവം പോലീസിന്റെ വീഴ്ചയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ പറഞ്ഞു.

വെട്ടേറ്റയുടൻ ശ്രീനിവാസനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. തുടർ സംഘർഷ സാധ്യത കണക്കിലെടുത്ത് പാലക്കാട് നഗരത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി. ഈ മാസം 20 വരെ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാലക്കാട്ടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളും നിരീക്ഷണത്തിലാണ്.

Post a Comment

Previous Post Next Post