NEWS UPDATE

6/recent/ticker-posts

ഉത്സവങ്ങൾ പതിവ് രീതിയിലേക്ക്.... വയനാട്ടുകുലവൻ തെയ്യംകെട്ടുകൾ അനിശ്ചിതത്വത്തിൽ തന്നെ

രണ്ട് വർഷമായി പാരമ്പര്യ അനുഷ്ഠാന കർമങ്ങൾ 'ചടങ്ങു'കളിൽ മാത്രമൊതുക്കേണ്ടിവന്ന ക്ഷേത്രോത്സവങ്ങൾ, ഏതാണ്ട് പഴയ രീതിയുടെ തിരിച്ചുവരവിലാണ് ഇപ്പോൾ . കോവിഡ് മാനദണ്ഡങ്ങളിൽ സർക്കാർ അനുവദിച്ച ഇളവുകളാണ് ക്ഷേത്രങ്ങളിലും കാവുകളിലും ചെണ്ടമേള അകമ്പടിയോടെ തെയ്യങ്ങളുടെയും വെളിച്ചപ്പാടുകളുടെയും ആരവങ്ങൾ ഉയരാൻ സാഹചര്യമൊരുക്കിയത്.[www.malabarflash.com]

മിക്ക ക്ഷേത്രങ്ങളിലും ഉത്സവങ്ങൾ പ്രതീക്ഷയുടെ ഉണർവുമായി വീണ്ടുമൊരു ഉത്സവകാലത്തെ വരവേൽക്കുമ്പോൾ വയനാട്ടുകുലവൻ തറവാടുകളിൽ നേരത്തേ തീയതി നിശ്ചയിച്ചുറപ്പിച്ച തെയ്യം കെട്ടുത്സവങ്ങൾ ഇനി എന്ന് നടക്കുമെന്നതിലെ അനിശ്ചിതത്വം തുടരുകയാണ്.
ജില്ലയിൽ ചെറുവത്തുർ മയ്യിച്ച മുതൽ തലപ്പാടി വരെയുള്ള വയനാട്ടുകുലവൻ തറവാടുകളിലാണ് അതാത് തറവാടുകളുടെ തീരുമാനമനുസരിച്ച് തെയ്യം കെട്ടുത്സവങ്ങൾ നടത്താറ്. മറ്റിടങ്ങളിൽ ഏറെ ലളിതമായ രീതിയിൽ തെയ്യംകെട്ടുകൾ നടക്കുമ്പോൾ ജില്ലയിൽ അതൊരു മഹോത്സവമായി കൊണ്ടാടുകയാണ്. 

 ഒരു തെയ്യംകെട്ടുത്സവത്തിനായി തറവാട്ടുകാർ 30 മുതൽ 40 ലക്ഷം രൂപവരെ ചെലവഴിക്കുന്നുണ്ട്. ചുരുങ്ങിയ ചെലവിലും തെയ്യംകെട്ടുകൾ നടത്തിയ ചുരുക്കം ചില തറവാടുകളും ഇവിടെയുണ്ട്.
 തെയ്യംകെട്ടുകൾ നാട്ടുകൂട്ടായ്മകളുടെ ആൾക്കൂട്ട ഉത്സവങ്ങളാണ്. ഇതൊരു വാർഷിക അടിയന്തിര വിഭാഗ പട്ടികയിൽ പെടുന്ന ഉത്സവമല്ലാത്തതിനാൽ നീണ്ടുപോയാലും ഏറെ കുണ്ഠിതപ്പെടേണ്ട വിഷയമല്ല. പക്ഷേ,
ആഘോഷ കമ്മിറ്റികൾ രൂപവത്കരിച്ച് പ്രാരംഭ നടപടികൾ പുരോഗമിച്ചു വരവേ, മഹാമാരി വിപത്തിൽ അത് നടക്കാതെ പോയി. മുന്നൊരുക്കത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചശേഷം ഉത്സവം താൽക്കാലികമായിട്ടാണെങ്കിലും ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യം ജില്ലയിൽ വിവിധ തറവാടുകളിൽ ഉണ്ടായി. 
2020ൽ 13 തറവാടുകളിലെ തെയ്യംകെട്ടുത്സവങ്ങൾക്കായിരുന്നു തീയതി നിശ്ചയിച്ചിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ മാനിച്ച് പത്തിടങ്ങളിലും അവ മാറ്റിവെക്കേണ്ടിവന്നു. വെള്ളിക്കോത്ത് വയനാട്ടു കുലവൻ ദേവസ്ഥാനമടക്കം ഏതാനുമിടങ്ങളിൽ തെയ്യം കെട്ടിന് മുന്നോടിയായി 'കൂവം അളക്കൽ' ചടങ്ങും പൂർത്തിയായിരുന്നു. തീയതി നിശ്ചയിച്ച് മാറ്റിവെക്കേണ്ടിവന്നവയിൽ പാലക്കുന്ന് കഴകത്തിൽ പെടുന്ന തൃക്കണ്ണാട് കൊളത്തുങ്കാൽ, പാക്കം പള്ളിപ്പുഴ പുലിക്കോടൻ തറവാടുകളും പെടും. 
സമയബന്ധിതമായ ഒട്ടേറെ തയ്യാറെടുപ്പുകൾ വേണ്ടിവരുന്ന ഉത്സവമാണിത്. അതിനാൽ ഏറെ പെട്ടെന്ന് അവ നിശ്ചയിക്കാനുമാവില്ല. അതുകൊണ്ട് 2022ൽ ജില്ലയിൽ തെയ്യം കെട്ടുത്സവങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമില്ല. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പിൻവലിച്ചിട്ടില്ലാത്തതിനാൽ തുടർന്നുള്ള തീരുമാനങ്ങൾ പെട്ടെന്ന് കൈകൊള്ളാനുമാവില്ല. 2023ൽ നടത്തണമെങ്കിൽ തന്നെ അതിനുള്ള നിലപാടുകളും കൂടിയാലോചനകളും ചിങ്ങത്തിൽ പൂർത്തിയാക്കണം . തെയ്യക്കാരെയും വെളിച്ചപ്പാടന്മാരെയും മറ്റു അനുബന്ധപ്പെട്ടവരെയും ഏകോപിച്ച് തീയതികൾ പുനർനിശ്ചയിക്കേണ്ടിവരും. 
2020ൽ നടക്കാതെ പോയവയ്‌ക്ക് മുൻഗണന നൽകേണ്ടി വരുമ്പോൾ ഊഴം കാത്തിരിക്കുന്നവരുടെ കാത്തിരിപ്പ് ഇനിയും നീണ്ടുപോകും. ഈ വർഷം തെയ്യംകെട്ടുത്സവങ്ങൾ ഉണ്ടാകില്ലെന്ന് ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജൻ പെരിയയും പാലക്കുന്ന് കഴകം പ്രസിഡന്റ് ഉദയമംഗലം സുകുമാരനും പറയുന്നു. തെയ്യം കെട്ടുത്സവങ്ങൾ ലളിതമായ രീതിയിൽ നടത്തി തറവാടുകൾ മാതൃകയാവണമെന്നും അവർ അഭിപ്രായപ്പെട്ടു.

2021മുതൽ പാലക്കുന്ന് കഴകത്തിൽ ഒരു തെയ്യംകെട്ടിന് മാത്രമേ അനുവാദമുള്ളൂ. പക്ഷേ 2020 ൽ തീയതി നിശ്ചയിച്ച രണ്ടിടത്തും അവ എന്ന് നടക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. കഴകത്തിൽ 123 വയനാട്ടുകുലവൻ തറവാടുകളാണുള്ളത്. 54 തറവാടുകളിൽ നിന്ന് കഴകത്തിൽ അപേക്ഷകൾ ലഭിച്ചിരുന്നവയിൽ 19 ഇടങ്ങളിലും തെയ്യംകെട്ടുകൾ നടക്കാൻ ബാക്കിയുണ്ട്.2021 മുതൽ ഒരു വർഷം ഒരു തെയ്യംകെട്ട് എന്ന കഴക തീരുമാനപ്രകാരം ഇതെല്ലാം പൂർത്തിയാകാൻ 2040 വരെയെങ്കിലും കാത്തിരിക്കേണ്ടിവരും. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പിൻവലിക്കാത്ത സാഹചര്യത്തിൽ പാലക്കുന്ന് കഴകത്തിൽ ഇതുവരെ ചർച്ചകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ല .


രാജൻ പെരിയ 
(ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ്): 
അരക്കോടിയോളം രൂപ ചെലവിട്ടാണ് മിക്ക തറവാടുകളിലും തെയ്യംകെട്ട് ഉത്സവങ്ങൾ നടക്കുന്നത്. ആഘോഷകമ്മിറ്റി രൂപവത്ക്കരണത്തിന് തന്നെ ലക്ഷങ്ങൾ വേണ്ടിവരുന്നു. ആർഭാടങ്ങളും ആഘോഷങ്ങളും പരമാവധി ലളിതമാക്കി അഞ്ചോ പത്തോ ലക്ഷത്തിൽ തെയ്യംകെട്ടുകൾ നടത്താനാവണം. കൂവം അളക്കുന്ന ദിവസം മുതൽ അവസാന ദിവസം വരെ ഭക്ഷണം വിളമ്പുന്ന രീതിയും മാറണം. തെയ്യം കൂടുന്ന ദിവസം തന്നെ വെള്ളാട്ടം പുറപ്പെടുകയും വയനാട്ടുകുലവൻ തെയ്യത്തിന്റെ ദിവസം പൊതു ഭക്ഷണ വിതരണം ചെയ്താൽ മതിയാകും. പലപ്പോഴും ഭക്ഷണം പാഴായിപോകുന്നത് പതിവാണ്. ഭക്ഷണത്തിനാവശ്യമായ വിഭവങ്ങൾ ശേഖരിക്കുന്നതിലും മാറ്റങ്ങൾ വേണം. ബപ്പിടൽ ചടങ്ങുമായി ബന്ധപ്പെട്ടാണ് നല്ലൊരു തുക ചെലവാക്കേണ്ടിവരുന്നത്. ഇതിനൊക്കെ നിയന്ത്രണങ്ങൾ ഉണ്ടായാൽ തന്നെ ചിലവുകൾ പകുതിയായി ചുരുക്കാനാകും. സംഭാവന പിരിവില്ലാതെ, തറവാട്ടംഗങ്ങൾ സമാഹരിക്കുന്ന പണമാണിത്. കഴിഞ്ഞ മാസം ചേർന്ന സമിതിയുടെ യോഗത്തിൽ ചർച്ചചെയ്ത നിർദേശങ്ങളാണിത്; തീരുമാനമായിട്ടില്ല.

പാലക്കുന്നിൽ കുട്ടി

Post a Comment

0 Comments