NEWS UPDATE

6/recent/ticker-posts

കടലിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങി മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ കുളിക്കെവെ ചുഴിയിൽ പെട്ട് മുങ്ങിപ്പോയ മൂന്ന് കുട്ടികളിൽ രണ്ട് പേർ മരിച്ചു. ഒരാൾ രക്ഷപ്പെട്ടു. വിഴിഞ്ഞം ടൗൺ ഷിപ്പിൽ ഉബൈദ് റഹ്മാന്റെ മകൻ മെഹ്റൂഫ് (13) , നിസാമുദീൻ - ഫാത്തിമകണ്ണ് ദമ്പതികളുടെ മകൻ നിസാർ (12) എന്നിവരാണ് മരിച്ചത്. ഹാർബർ കപ്പച്ചാലിൽ പീരുമുഹമ്മദിന്റെ മകൻ സുഫിയാനാണ് ആശുപത്രിയിലുള്ളത്.[www.malabarflash.com]


കുട്ടി അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. വൈകിട്ട് നാല് മണിയോടെ വിഴിഞ്ഞം ഐബിക്ക് സമീപം ചെറുമണൽ തീരത്താണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഇവിടെ എത്തിയ സുഹൃത്തുക്കളായ അഞ്ച് കുട്ടികളിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളാണ് ചുഴിയിൽ പെട്ട് മുങ്ങി താഴ്ന്നത്.

സംഭവം കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തി സുഫിയാനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് തീരദേശ പോലീസിന്റെയും മറൈൻ എൻഫോഴ്സിന്റെയും പട്രോൾ ബോട്ടുകളടക്കം നടത്തിയെ തെരച്ചിലിലാണ് അരമണിക്കൂറിന് ശേഷം നിസാറിനെ കടലിനടിയിൽ നിന്നും കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന നിസാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.

അപകടത്തിന് ശേഷം കടലിൽ ഒരു മണിക്കൂറിലേറെ നടത്തിയ തെരച്ചിലിനാെടുവിലാണ് മെഹ്റൂഫിന്റെ മൃതദേഹം കണ്ടെത്താനായത്. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോസ്റ്റൽ സർക്കിൽ ഇൻസ്പെക്ടർ വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി, കോവളം സി.ഐ.പ്രെെജു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

Post a Comment

0 Comments