NEWS UPDATE

6/recent/ticker-posts

അതിരുവിട്ട് സെന്‍റ് ഓഫ് ആഘോഷം; അപകടകരമായി വാഹനമോടിച്ചു, ജെസിബികൊണ്ട് അഭ്യാസം, വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

കോഴിക്കോട്: സെന്‍റ് ഓഫ് ആഘോഷങ്ങള്‍ക്കിടെ അപകടകരമായി വാഹനങ്ങളോടിച്ചതിന് കോഴിക്കോട്ട് പത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് കേസ് എടുത്തു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും, മുക്കം കള്ളന്‍തോട് എംഇഎസ് കോളേജിലെയും ആഘോഷപരിപാടികളാണ് അതിരുകടന്നത്. ജെസിബിയടക്കം ഒന്‍പത് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.[www.malabarflash.com]


മലബാർ ക്രിസ്ത്യന്‍ കോളേജ് ഹയർ സെക്കണ്ടറി സ്കൂളില്‍ ഇന്നലെ വൈകീട്ട് നടന്ന ആഘോഷപരിപാടികളിലാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടന്നത്. കോളജ് ഗ്രൗണ്ടില്‍ കാറുകളും ബൈക്കുകളും അമിതവേഗതയില്‍ ഓടിക്കുന്നതിനിടെ അപകടവും ഉണ്ടായി. ബൈക്കില്‍ നിന്ന് തെറിച്ചു വീണെങ്കിലും വിദ്യാർത്ഥികളുടെ പരിക്ക് സാരമുള്ളതല്ല. മുക്കം കള്ളന്‍തോട് എംഇഎസ് കോളേജിലാകട്ടെ ജെസിബി അടക്കമുളള വാഹനങ്ങളിലായിരുന്നു വിദ്യാർത്ഥികളുടെ ആഘോഷം.

വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. രണ്ടിടത്തും പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ജെസിബിയടക്കം ഒന്‍പത് വാഹനങ്ങൾ പിടിച്ചെടുത്തു. ആകെ എട്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ജെസിബിയുടെ ഡ്രൈവർക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികളെടുക്കും. വാഹനങ്ങൾ ഓടിച്ച പല വിദ്യാർത്ഥികൾക്കും ലൈസന്‍സ് ഉണ്ടെങ്കിലും ക്യാംപസിനകത്ത് അപകടകരമാം വിധം വാഹനമോടിച്ചത് നിയമവിരുദ്ധമാണ്.

ഈ വിദ്യാർത്ഥികളുടെ ലൈസന്‍സ് ആറ്മാസം വരെ സസ്പെന്‍ഡ് ചെയ്യുമെന്നും വാഹനത്തിന്‍റെ ലൈസന്‍സ് ഒരു വർഷത്തേക്ക് റദ്ദാക്കുമെന്നും കോഴിക്കോട് ആർടിഒ പറഞ്ഞു. ജില്ലയിലെ കൂടുതല്‍ സ്കൂളുകളില്‍ സമാനമായ ആഘോഷങ്ങൾ നടന്നിട്ടുണ്ട്, പരിശോധനകൾ തുടരുകയാണെന്ന് മോട്ടോർവാഹനവകുപ്പ് അറിയിച്ചു.

Post a Comment

0 Comments