NEWS UPDATE

6/recent/ticker-posts

'ഭൂമിയേറ്റെടുക്കലും മറ്റും എത്രയും പെട്ടന്നാക്കണം'; കെ റെയിലിനെതിരായ ബിജെപി സമരത്തിനിടെ കേന്ദ്രം മുഖ്യമന്ത്രിക്കയച്ച കത്ത് ചര്‍ച്ചയാകുന്നു

തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കലും മറ്റ് അനുമതികളും എത്രയും വേഗത്തിലാക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് ചര്‍ച്ചയാകുന്നു.[www.malabarflash.com] 

2021 ജനുവരി അഞ്ചിന് അയച്ച കത്തില്‍ അതിവേഗ റെയില്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിനുള്ള താല്‍പര്യം വ്യക്തമാക്കുന്നുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതിക്ക് പണം കണ്ടെത്താന്‍ ജപ്പാനിലെ സാമ്പത്തിക ഏജന്‍സിയായ ജെഐസിഎയുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോയി അന്തിമ രൂപം നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് ആവശ്യപ്പെടുന്നു. 

2020 ഒക്ടോബര്‍ ഒമ്പതിന് പദ്ധതിയേക്കുറിച്ച് ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സിയും റെയില്‍വേ മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമെടുത്തിരിക്കുന്നതെന്നും കത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ജപ്പാനുമായുള്ള സാമ്പത്തിക-നയതന്ത്ര സഹകരണത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് നിര്‍ണായക പ്രധാന്യമുണ്ടെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള വ്യക്തമായ ധാരണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന വാര്‍ത്തകളും ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. 

കെ റെയില്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ 49 ശതമാനം ഓഹരികളുടെ ഉടമസ്ഥത ഇന്ത്യന്‍ റെയില്‍വേക്കാണ്. കേന്ദ്രത്തിന്റെ എല്ലാ അനുമതിയുമുണ്ട്, എല്ലാം നിയമനാസൃതമാണെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലും കെ റെയില്‍ എംഡി വി അജിത് കുമാര്‍ ആവര്‍ത്തിച്ചിരുന്നു.

കെ റെയില്‍ പദ്ധതിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് അറിയിച്ചും രൂക്ഷ പ്രസ്താവനകള്‍ നടത്തിയും ബിജെപി രംഗത്തിറങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ കത്ത് വീണ്ടും ചര്‍ച്ചയാകുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെയും കേന്ദ്രത്തിന്റെ അന്തിമാനുമതിയില്ലാതെയും സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാണിക്കുകയാണെന്നാണ് ബിജെപി ആരോപണം. 

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടക്കുന്ന കെ റെയില്‍ വിരുദ്ധ സമരങ്ങളില്‍ ബിജെപി നേരിട്ട് പങ്കാളിയാണ്. പലയിടങ്ങളിലും കല്ല് പിഴുതെറിയാനും ഉദ്യോഗസ്ഥരെ തടയാനും ബിജെപി പ്രാദേശിക നേതൃത്വമെത്തുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നിര്‍ദ്ദേശത്തേത്തുടര്‍ന്ന് ജില്ലാ തലത്തില്‍ കെ റെയില്‍ വിരുദ്ധ പ്രക്ഷോഭ പദയാത്ര തുടരുകയാണ്. മെട്രോ മാന്‍ ഇ ശ്രീധരനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും സമരമുഖത്തുണ്ട്.
കെ റെയില്‍ കേരളത്തിന് അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഇ ശ്രീധരന്‍ സംസാരിക്കുന്ന വീഡിയോ കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. സില്‍വര്‍ ലൈനിന് ഭൂമി ഏറ്റെടുക്കാന്‍ അനുമതിയില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു വി മുരളീധരന്റെ കഴിഞ്ഞ ദിവസങ്ങളിലെ പരാമര്‍ശങ്ങള്‍.

സില്‍വര്‍ ലൈനിന് വേണ്ടി സ്ഥലമേറ്റെടുക്കുന്ന കെ റെയില്‍ നടപടിയെ പിന്തുണച്ച് ഇന്ത്യന്‍ റെയില്‍വേ കേരള ഹൈക്കോടതിയിലെത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി ഏഴിനായിരുന്നു ഇത്. കെ റെയില്‍ ഭൂമി ഏറ്റെടുപ്പിനെതിരെ കോട്ടയം സ്വദേശികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളെ നിരുപാധികം പിന്തുണച്ച് റെയില്‍വേ മന്ത്രാലയം നിലപാടെടുത്തത്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് തടസമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തിന് അനുമതിയുണ്ടെന്നും റെയില്‍വേ വ്യക്തമാക്കി.

Post a Comment

0 Comments