NEWS UPDATE

6/recent/ticker-posts

കാരവൻ ടൂറിസത്തിലേക്കു പിച്ച വച്ച് കാസർകോടും; ടൂറിസ്റ്റുകളെ കാത്ത് മലബാറിലെ ആദ്യ ടൂറിസം കാരവൻ ബേക്കലില്‍ തയാർ

ബേക്കൽ: കാരവൻ ടൂറിസത്തിലേക്കു പിച്ച വച്ച് കാസർകോടും. സംസ്ഥാന ടൂറിസം വകുപ്പിന്റെ കാരവൻ ടൂറിസം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിന്ന് ആദ്യ ടൂറിസം കാരവൻ ഒരുക്കി യുവ സംരംഭകർ.[www.malabarflash.com]

ചെങ്കള സ്വദേശി ഖാലിദ് മുഹമ്മദ് ഷാനും ഉപ്പള സ്വദേശി എ.കെ.നൗഫലുമാണ് ‘ക്ലാപ്പ് ഔട്ട് സിഗ്നേച്ചർ’ എന്ന ടൂറിസ്റ്റ് കാരവൻ ഒരുക്കി ജില്ലയിലെ ടൂറിസത്തിനു പുത്തൻ ഉണർവാകുന്നത്. സംസ്ഥാനത്തു മൂന്നാമത്തെയും മലബാറിലെ ആദ്യത്തെയും ടൂറിസം കാരവനാണിത്. ടൂറിസ്റ്റുകൾക്ക് കാരവനിൽ രാത്രി വിശ്രമ സൗകര്യമടക്കം ഒരുക്കി ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുങ്ങും.

പള്ളിക്കരയിലെ കാരവൻ പാർക്കിൽ വാഹനം നിർത്തിയിട്ട് രാത്രിയിൽ കാരവനിൽ തന്നെ ഉറങ്ങാം. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ആണു ജില്ലയിലെ ടൂറിസം കാരവൻ പദ്ധതി ഉദ്ഘാടനം ചെയ്തത്. കാരവൻ ടൂറിസത്തിനായി വ്യത്യസ്ത പാക്കേജുകൾ തയാറാക്കി വരികയാണെന്ന് സംരംഭകനായ ഖാലിദ് മുഹമ്മദ് ഷാൻ പറഞ്ഞു. 

പള്ളിക്കര കാരവൻ പാർക്ക് ഒരുങ്ങുന്നതു വരെ നിലവിൽ രാത്രി വിശ്രമം ഇല്ലാതെ ഡ്രൈവർ അടക്കം 7000 രൂപ മുതലുള്ള പാക്കേജ് കാസർകോട് ലഭ്യമാണ്. 60 കിലോമീറ്റർ വരെ യാത്രയ്ക്കുള്ള ഇന്ധനവും ഇതിൽ ഉൾപ്പെടും.

2016ലാണ് ഖാലിദ് ഷാൻ, എ.കെ.നൗഫൽ എന്നിവർ ചേർന്ന് ‘ക്ലാപ്പ് ഔട്ട് ഇവന്റ്സ്’ സംരംഭം തുടങ്ങുന്നത്. സീതാംഗോളിയിൽ ക്ലാപ്പ് ഔട്ട് ബേക്കൽ വാലി എന്ന പേരിൽ സെലിബ്രേഷൻ പാർക്ക് തുടങ്ങാനുളള ശ്രമത്തിലാണ് ഇരുവരും. 

ജില്ലയിൽ കൂടുതൽ സംരംഭകർ കാരവൻ ടൂറിസം തുടങ്ങുന്നതിനു സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ടെന്ന് ബിആർഡിസി ഡയറക്ടർ ഷിജിൻ പറമ്പത്ത് പറഞ്ഞു. പുതിയ ടൂറിസ്റ്റ് കാരവൻ വാങ്ങുന്നവർക്കു സർക്കാരിന്റെ പ്രത്യേക സബ്സിഡിയും ലഭ്യമാണ്. ഇതിനായി ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ട്.

Post a Comment

0 Comments